- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി വിമാനമിറങ്ങും മുമ്പേ അമൃതാനന്ദമയി ലണ്ടനിലെത്തി; പ്രധാനമന്ത്രി കൂടി എത്തുന്നതോടെ ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം ആവേശത്തിൽ; ത്രിവർണ്ണമണിഞ്ഞ് വെംബ്ലി
ലണ്ടൻ: നരേന്ദ്ര മോദി ലണ്ടനിൽ വിമാനമിറങ്ങും മുൻപേ മറ്റൊരു അതിഥി കൂടി ഇന്ത്യയിൽ നിന്നെത്തിയിരിക്കുന്നു. അനേകായിരം ബ്രിട്ടീഷ് ഭക്തരുടെ സാമീപ്യത്തിൽ ലണ്ടനിൽ സത്സംഗ് നടത്തിയ മാതാ അമൃതാനന്ദമായി യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായാണ് ബ്രിട്ടണിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി അനേകായിരം ബ്രിട്ടീഷ് അനുയായികളുമായി ഭജനയും പ്രഭാ
ലണ്ടൻ: നരേന്ദ്ര മോദി ലണ്ടനിൽ വിമാനമിറങ്ങും മുൻപേ മറ്റൊരു അതിഥി കൂടി ഇന്ത്യയിൽ നിന്നെത്തിയിരിക്കുന്നു. അനേകായിരം ബ്രിട്ടീഷ് ഭക്തരുടെ സാമീപ്യത്തിൽ ലണ്ടനിൽ സത്സംഗ് നടത്തിയ മാതാ അമൃതാനന്ദമായി യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായാണ് ബ്രിട്ടണിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി അനേകായിരം ബ്രിട്ടീഷ് അനുയായികളുമായി ഭജനയും പ്രഭാഷണവും ഒക്കെയായി ചെലവിടുകയായിരുന്നു. അതസമയം മാതാ അമൃതാനന്ദമയിയെ തേടി മലയാളി ഭക്തർ അധികം പേർ എത്തിയില്ല എന്നത് കൗതുകമായി.
അമ്മ യുകെ എന്ന പേരിൽ മാതാ അമൃതാനന്ദമയിയുടെ അനുയായികൾ ബ്രിട്ടണിൽ സജീവം ആണെങ്കിലും മലയാളികൾക്ക് ഇവരുടെ പ്രവർത്തനത്തെ കുറിച്ച് വേണ്ടത്ര സൂചന ലഭിക്കാത്തതിനാൽ ആകണം പരിപാടിയിൽ മലയാളി സാന്നിധ്യം കുറവായതെന്നു കരുതപ്പെടുന്നു. എന്നാൽ വിദേശ രാജ്യങ്ങളിലെ പരിപാടികളിൽ എല്ലായ്‌പ്പോഴും വിദേശികളുടെ നേതൃത്വത്തിൽ തന്നെ ആവശ്യത്തിലധികം ആളുകൾ പങ്കെടുക്കുന്നതും ഒരു പക്ഷെ ഭാരതീയ ആദ്ധ്യാത്മിക നേതാക്കളിൽ മാതാ അമൃതാനന്ദമായിക്ക് മാത്രം ലഭിക്കുന്ന അംഗീകാരം കൂടിയായിരിക്കും. അതേ സമയം ദീപാവലി ആഘോഷ വേളയിൽ തന്നെ മാതാ അമൃതാനന്ദമയിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടണിൽ എത്തുന്നതിന്റെ ആവേശം പങ്കിട്ടാണ് ഇന്ത്യൻ വംശജർ ഈ പരിപാടികളിൽ സജീവം ആകുന്നത്.
വിവിധ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് മാതാ അമൃതാനന്ദമയി ബ്രിട്ടണിൽ എത്തിയിരിക്കുന്നത്. ഏറെ നാൾ കൂടിയുള്ള സന്ദർശനം ആയതിനാൽ മാതാ അമൃതാനന്ദമയിയുടെ ശിഷ്യർ തികഞ്ഞ ആവേശത്തോടെയാണ് ലണ്ടനിലെ അലക്‌സാന്ദ്ര പാലസിൽ തടിച്ചു കൂടിയത്. ഇന്നലെയും മിനിഞ്ഞാന്നുമായി നടന്ന സത്സംഗത്തിൽ അനേകായിരം ആളുകളാണ് പങ്കെടുത്തത്. രാവിലെ പത്തു മുതൽ വൈകിട്ട് 8 വരെ ഭക്തരുമായി സംവാദം നടത്തിയും ആത്മീയ പ്രഭാഷണം നടത്തിയും സജീവമായിരുന്നു മാതാ അമൃതാനന്ദമായി. അടുത്ത പ്രഭാഷണ പരമ്പര ശനിയാഴ്ച ബ്രിസ്റ്റോളിന് അടുത്ത ബാത്ത് നഗരത്തിൽ നടക്കും. അതേ സമയം ലണ്ടൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തി ഹാളിനകത്ത് കയറാൻ പറ്റാതെ നിരാശരായി മടങ്ങേണ്ടി വന്നതിൽ അനേകം ബ്രിട്ടീഷുകാർ സോഷ്യൽ മീഡിയായിൽ നിരാശ പങ്കു വയ്ക്കുന്നതും ശ്രദ്ധ നേടി. ജോലി സമയം കഴിഞ്ഞും മറ്റും സത്സംഗം നടന്ന അലക്‌സാന്ദ്ര പാലസിൽ എത്തിയവരാണ് ഇങ്ങനെ നിരാശയോടെ മടങ്ങിയത്. ഇക്കൂട്ടത്തിൽ ഏറെയും ചെറുപ്പക്കാരായിരുന്നു എന്നതാണ് പ്രത്യേകത.
കഴിഞ്ഞ ദിവസം ബീഹാർ തിരഞ്ഞെടുപ്പിൽ ബിജെപി തിരിച്ചടി നേരിട്ടതിനെ തുടർന്ന് നരേന്ദ്ര മോദിയുടെ പരാജയം എന്ന മട്ടിൽ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ കൂട്ടമായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സ്വീകരണ പരിപാടിയുടെ പകിട്ട് കുറയുമോ എന്ന ആശങ്ക സംഘാടകരിൽ പോലും ഉടലെടുത്തിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി അസാധാരണമായി പ്രചാരണ പരിപാടികൾ ശക്തമാക്കിയ സംഘാടകർ നരേന്ദ്ര മോദിക്ക് വീറുറ്റ സ്വീകരണം നൽകി ഇന്ത്യയിലെ ക്ഷീണം ബ്രിട്ടണിൽ തീർക്കാം എന്ന് ആലോചിച്ചുറപ്പിച്ച മട്ടിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. എങ്ങും എവിടെയും യാതൊരു പാളിച്ചയും ഉണ്ടാകാത്ത വിധം ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.
പ്രധാന സ്വീകരണ പരിപാടി നടക്കുന്ന വെംബ്ലി സ്റ്റേഡിയം ഇതിനകം ത്രിവർണ്ണ അലങ്കാര വിളക്കുകളാൽ പ്രകാശ പൂരിതം ആയിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ടി ഷർട്ട് മുതൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അനുസ്മരിപ്പിക്കും വിധം ഉള്ള എല്ലാം വെംബ്ലിയിൽ ലഭ്യമാക്കി അൽപ്പ നേരത്തേക്ക് ഇന്ത്യൻ നഗരമായി വെംബ്ലിയെ മാറ്റുവാൻ ആണ് സംഘാടകർ തയ്യാറെടുക്കുന്നത്.
ഇന്ന് രാവിലെ ലണ്ടനിൽ എത്തുന്ന നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാന മന്ത്രിയുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തുന്നതോടെയാണ് പരിപാടികളുടെ തുടക്കം. പിന്നീട് പാർലമെന്റ് സ്‌ക്വയറിൽ എത്തി മഹാത്മജിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പ്പാർച്ചന നടത്താനും മോദി സമയം കണ്ടെത്തും. നാളെ ഉച്ച മുതൽ വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തു ടിക്കറ്റ് ലഭിക്കാത്ത ആരെയും സ്റ്റേഡിയത്തിലേക്ക് കടത്തില്ല. പരിപാടിയിൽ പങ്കെടുക്കുന്ന 60000 പേർക്കും ടിക്കറ്റ് നൽകി കഴിഞ്ഞു.
അനേകം മലയാളികളും സ്വീകരണ ചടങ്ങിൽ പങ്കെടുക്കും. ക്രോയിഡോൺ, ഈസ്റ്റ്ഹാം മുതലായ സ്ഥലങ്ങളിൽ നിന്നൊക്കെ ബസുകളിലും മറ്റുമാണ് മലയാളികൾ വെംബ്ലിയിൽ എത്തിച്ചേരുക. ഉച്ചയ്ക്ക് രണ്ടര മുതൽ നടക്കുന്ന പരിപാടിക്കായി ഉച്ചയ്ക്ക് മുൻപ് തന്നെ സ്റ്റേഡിയം തുറന്നിടും. 414 സംഘടനകൾ ചേർന്ന് രൂപം നൽകിയിരിക്കുന്ന സ്വീകരണ ചടങ്ങുകൾ കുറ്റമറ്റതാക്കാൻ 2000 വോളന്റിയർമാരാണ് പ്രവർത്തിക്കുന്നത്. സാംസ്‌കാരിക പരിപാടികളും നരേന്ദ്ര മോദിയുടെ പ്രസംഗവും തകർപ്പൻ വെടിക്കെട്ട് പ്രകടനവും ആണ് പരിപാടികളിലെ മുഖ്യ ആകർഷണം.