- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്തായിയുടെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുക പൊലീസ് അന്വേഷണത്തിന്റെ തുടർച്ചയല്ലാതെ; സിബിഐ അന്വേഷണം തുടക്കം മുതൽ തന്നെ; റീ പോസ്റ്റുമോർട്ടം ആവശ്യമെങ്കിൽ അതു കഴിഞ്ഞ് സംസ്‌കാരം മതിയെന്ന നിലപാടിൽ ബന്ധുക്കൾ; സിബിഐ ഏറ്റെടുത്തതോടെ രാഷ്ട്രീയ പാർട്ടികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു; വനം വകുപ്പ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ നേരറിയാൻ കച്ച കെട്ടി സിബിഐ
പത്തനംതിട്ട: വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച പത്തനംതിട്ട കുടപ്പന സ്വദേശി മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാൻ ഇനിയും വൈകും. റീ പോസ്റ്റുമോർട്ടം വേണ്ടി വന്നേക്കുമെന്ന് സിബിഐ മത്തായിയുടെ ഭാര്യയെ അറിയിച്ചു. മത്തായിയുടെ ഭാര്യ ഷീബയെ സിബിഐ തിരുവനന്തപുരത്ത് വിളിച്ച് വിശദവിവരങ്ങൾ ശേഖരിച്ചു.
സിബിഐ എസ്‌പി നന്ദകുമാർ നായർ, ഡിവൈഎസ്‌പി ടി.പി. അനന്ദകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് മത്തായിയുടെ മരണം അന്വേഷിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ഷീബയിൽ നിന്ന് സിബിഐ വിവരങ്ങൾ ശേഖരിച്ചു. നാലു മണിക്കൂർ കൂടിക്കാഴ്ച നീണ്ടു. റി പോസ്റ്റുമോർട്ടം വേണ്ടിവന്നേക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥർ ഷീബയെ അറിയിച്ചു. ഈ സാഹചര്യത്തിൽ മൃതദേഹം സംസ്‌കരിക്കുന്നത് വൈകും.
പൊലീസ് അന്വേഷണത്തിന്റെ തുടർച്ച ആയിട്ടല്ല, പകരം തുടക്കം മുതലാകും സിബിഐ കേസ് അന്വേഷിക്കുക. ഉടൻ അന്വേഷണം ആരംഭിക്കും. റീ പോസ്റ്റുമോർട്ടം ആവശ്യമെങ്കിൽ അതു കഴിഞ്ഞു മതി സംസ്‌കാരം എന്ന നിലപാടിലാണ് മത്തായിയുടെ കുടുംബം. സിബിഐ അന്വേഷണം വന്നതോടെ വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ടിന് പുറമെ സീൽ വച്ച കവറിലും വിശദാംശങ്ങൾ നൽകിയിരുന്നു.കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാതിരുന്നതിന് കാരണം ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സിബിഐ അന്വേഷണം വന്നതോടെ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് മത്തായിയുടെ കുടുംബം. ജൂലൈ 28നാണ് മത്തായിയെ കുടുംബ വീടിനടുത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.
ജൂലൈ 28ന് മരിച്ച മത്തായിയുടെ മൃതദേഹം റാന്നി മാർത്തോമ്മാ ആശുപത്രി മോർച്ചറിയിലാണ്. പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മറവുചെയ്യില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മത്തായിയുടെ ഭാര്യ ഷീബയും കുടുംബവും.പ്രതികൾ പിന്നീട് മൊഴികൾ മാറ്റാനുള്ള സാധ്യത തടഞ്ഞും തെളിവുകൾ കൂടുതൽ ശാസ്ത്രീയമാക്കിയ ശേഷവുമല്ലാതെ അറസ്റ്റിലേക്ക് കടക്കില്ലെന്ന് അന്വേഷണ സംഘം സൂചന നൽകി. തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടൽ, മനഃപൂർവമല്ലാത്ത നരഹത്യ, വ്യാജ രേഖ ചമയ്ക്കൽ എന്നിവ ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങൾ മത്തായിയുടെ മരണത്തിനു പിന്നിൽ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണം സംബന്ധിച്ച് ഇടക്കാല റിപ്പോർട്ട് 4 ദിവസം മുൻപ് റാന്നി മജിസ്‌ട്രേട്ട് കോടതിയിൽ പൊലീസ് സമർപ്പിച്ചിരുന്നു. വനപാലകർ പ്രതികളായ കേസിൽ ആരുടെയും പേര് റിപ്പോർട്ടിൽ ചേർക്കാതിരുന്നതും 5 പേരിൽ താഴെയാണ് പ്രതികളെന്നു സൂചന നൽകി ശിക്ഷാ നിയമത്തിലെ വകുപ്പ് 34 ചേർത്തതും ആക്ഷേപത്തിന് ഇടയാക്കി. മത്തായിയെ കസ്റ്റഡിയിൽ എടുത്തത് നിയമ വിരുദ്ധമാണെന്നും മരണശേഷം വ്യാജരേഖകൾ ചമച്ച് ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ ശ്രമം നടത്തി എന്നതുമടക്കം ഗുരുതര കണ്ടെത്തലുകളാണ് അന്വേഷണ സംഘത്തിന്റേത്.
പൊലീസ് റിപ്പോർട്ടിൽ പ്രതികളുടെ പേരു ചേർത്താൽ, സർവീസ് ചട്ടം അനുസരിച്ച് മുഴുവൻ പേരെയും സസ്‌പെൻഡ് ചെയ്യേണ്ടി വരുന്നത് ഒഴിവാക്കാനാണ് പേരുകൾ ഉൾപ്പെടുത്താതെ റിപ്പോർട്ട് നൽകിയതെന്നും ആക്ഷേപമുണ്ട്. മത്തായിയുടെ സംസ്‌കാരം നടത്തിയ ശേഷം അറസ്റ്റ് ആകാമെന്ന നിർദ്ദേശം ഉദ്യോഗസ്ഥരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നുമുണ്ടായാതായി മത്തായിയുടെ കുടുംബം പറയുന്നു.
മറുനാടന് ഡെസ്ക്