കോതമംഗലം:എല്ലാം ശരിയാവും..സർക്കാർ ഒപ്പമുണ്ട്.മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ വാക്കുകൾ പ്രാർത്ഥന വേളകളിലെ വിശുദ്ധ വചനം പോലെയാണ് ഇന്ന് കുട്ടമ്പുഴ കോച്ചേരിയിൽ തോമസ് ചാക്കോ നെഞ്ചേറ്റിയിട്ടുള്ളത്. ആയുരാരോഗ്യ സൗക്യത്തോടെ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് അമേരിക്കയിൽ നിന്നും തിരിച്ചുവരണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന, ആഗ്രഹിക്കുന്നവരിൽ ഒരാണ് കർഷകത്തൊഴിലാളിയായ മത്തായി.

തന്റെ ജീവിതത്തെ തലകീഴായി മാറ്റിയ ആ വലിയ സംഭവത്തിന്റെ ചുരുളഴിക്കാൻ മുഖ്യമന്തി ഇടപെടുമെന്നുതന്നെയാണ് ഈ 68-കാരന്റെ പ്രതീക്ഷ.ജീവിച്ചിരിക്കുന്ന താൻ കുട്ടമ്പുഴ പഞ്ചായത്തിലെ രേഖകളിൽ മരിച്ചതായിട്ടാണ് കാണിച്ചിട്ടുള്ളതെന്നും ഈ രേഖപ്രകാരം രോഗിയായ തനിക്ക് ലഭിച്ചിരുന്ന കർഷകത്തൊഴിലാളി പെൻഷൻ സർക്കാർ നൽകുന്നില്ലന്നും ഇത് ലഭിക്കാൻ ഇടപെടണമെന്നുമാണ് തോമസ് ചാക്കോ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

മുഖ്യമന്ത്രി നാട്ടിലെത്തിയാൽ തന്നെ 'കൊന്ന'സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവുമെന്നും ജീവിച്ചിരുന്നപ്പോൾ കിട്ടിയിരുന്ന ആനുകൂല്യങ്ങൾ തനിക്ക് തുടർന്നും ലഭിക്കും എന്നും മറ്റുമാണ് തൊമസ് ചാക്കോയുടെ പ്രതീക്ഷ.വിളിപ്പാടകലെ താമസിക്കുന്ന പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ജീവനക്കാരും ഈ പ്രശ്നത്തിൽ തന്നെ കൈയൊഴിഞ്ഞിരിക്കുകയാണെന്നും അതുകൊണ്ടാണ് എന്നും ന്യായത്തിന് വേണ്ടി നിലകൊണ്ടിട്ടുള്ള മുഖ്യമന്ത്രിയിൽ താൻ വിശ്വാസമർപ്പിച്ചിട്ടുള്ളതെന്നും തോമസ് ചാക്കോ മറുനാടനോട് വ്യക്തമാക്കി.

ഓണത്തോടടുത്ത് പെൻതുക വാങ്ങാൻ എത്തിയപ്പോൾ അക്കൗണ്ടിൽ തുക വന്നിട്ടില്ലന്ന് ബാങ്ക് ജീവനക്കാർ തോമസ് ചാക്കോയെ അറിയിച്ചു.ഉടൻ പഞ്ചായത്ത് ഓഫീസിൽ എത്തി, പെൻഷൻ വിഭാഗം ഫയലുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെ കണ്ടു.ഉദ്യോഗസ്ഥൻ കമ്പ്യൂട്ടറിൽ രേഖകൾ പരിശോധിച്ച ശേഷം ആ ഞെട്ടിക്കുന്ന സത്യം തോമസ് ചാക്കോയെ അറിയിച്ചു..താങ്കൾ മരിച്ചിരിക്കുന്നു..തുടർന്നുള്ള സംഭവം തോമസ് ചാക്കോയുടെ വാക്കുകളിലൂടെ..

എട്ടുവർഷമായി എനിക്ക് പെൻഷൻ കിട്ടിയിരുന്നു.രേഖകൾ പ്രകാരം മരിച്ചതായി ഉദ്യോഗസ്ഥൻ അറിയിച്ചപ്പോൾ വല്ലാത്ത വിഷമമായി.കുറച്ചുനേരം മിണ്ടാൻപോലുമാവാതെ കസേരയിൽ ഇരുന്നു. ഇനി എന്താ ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ അദാലത്ത് വരുമെന്നും അപ്പേൾ നോക്കാമെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ മറുപിടി.വല്ലാത്ത സങ്കടം തോന്നി.

പിന്നീട് സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും അഭിപ്രായം കണക്കിലെടുത്ത് മുഖ്യമന്ത്രിക്കും തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിക്കും വിവരങ്ങൾ എല്ലാം വ്യക്തമാക്കി കത്തെഴുതി.ഇത് കയ്യിലെത്തിയാൽ മുഖ്യമന്ത്രി ഇടപെടും എനിക്ക് നീതി കിട്ടും .തോമസ് ചാക്കോയുടെ വാക്കുകളിൽ പ്രതീക്ഷയുടെ തിളക്കം.ജീവിച്ചിരിക്കുന്ന എന്നേ 'കൊന്ന' ഗണത്തിൽപ്പെടുന്ന ഉദ്യോഗസ്ഥരാണ് മുഖ്യമന്തിയുടെ പേര് ചീത്തയാക്കുന്നത്. ഇത്തരക്കാരെ സർവ്വീസിൽ നിന്നും പിരിച്ചുവിടണം.തോമസ് ചാക്കോ രോഷത്തോടെ ആവശ്യപ്പെട്ടു.

ഷുഗർ,പ്രഷർ,.കിഡ്നിക്ക് തകരാർ തുടങ്ങി നിലവിൽ ചികത്സ തുടരുന്ന അസുഖങ്ങൾ നിരവധിയാണ്.തലയ്ക്കുള്ളിൽ മുഴയുള്ളതിനാൽ ഭാര്യയും മരുന്നിന്റെ സഹായത്താലാണ് ജീവിക്കുന്നത്.മകന് കൂലിപ്പണിയിൽ നിന്നും കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്നാണ് കുടുംമ്പം കഴിയുന്നത്.പെൻഷൻ കിട്ടിയിരുന്നെങ്കിൽ മരുന്നിനെങ്കിലും സഹായകമാവുമായിരുന്നു.ഇപ്പോൾ അതും ഇല്ലാതായി.തോമസ് ചാക്കോ വ്യക്തമാക്കി