- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം വെള്ളിയാഴ്ച വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തും; മൂന്ന് ഫൊറൻസിക് ഡോക്ടറുമാരുടെ സംഘം റീ പോസ്റ്റുമോർട്ടം നടത്തുക പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച ടേബിളിൽ; സിബിഐ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് ആരോപണ വിധേയർ
പത്തനംതിട്ട: ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം വെള്ളിയാഴ്ച വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തും. മത്തായിയുടെ മരണത്തിൽ സിബിഐ കേസെടുത്തതിന് പിന്നാലെയാണ് വീണ്ടും പോസ്റ്റ്മോർട്ടം നിശ്ചയിച്ചിരിക്കുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം സജീകരിച്ച ടേബിളിൽ ആണ് പോസ്റ്റ്മോർട്ടം നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് ഫൊറൻസിക് ഡോക്ടറുമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തുക.
കേസ് സിബിഐ ഏറ്റെടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയുമായി ആരോപണ വിധേയർ ഹൈക്കോടതിയെ സമീപിച്ചു. ഡപ്യൂട്ടി റേഞ്ച് ഓഫിസർ ആർ. രാജേഷ്കുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എ.കെ. പ്രദീപ് കുമാർ എന്നിവരാണ് മുൻകൂർ ജാമ്യം തേടിയത്. കേസിൽ ആരോപണ വിധേയരായ ഇരുവരെയും വനംവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് അറസ്റ്റുണ്ടായേക്കുമെന്ന ഭീതിയിലാണ് ഓണ അവധിക്ക് കോടതി അടയ്ക്കും മുമ്പ് ഹർജി സമർപ്പിച്ചത്. ഏഴാംതീയതി കോടതി തുറന്ന ശേഷം ഹർജി പരിഗണിക്കും. പൊലീസ് നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയല്ല, തുടക്കം മുതലുള്ള അന്വേഷണത്തിനാണ് സിബിഐ തയ്യാറെടുക്കുന്നത്.
വനം വകുപ്പ് സ്ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ചെന്നാരോപിച്ച് ജൂലൈ 28നാണ് മത്തായിയെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. അന്നു വൈകിട്ട് ആറുമണിയോടെ മത്തായിയുടെ മൃതദേഹം ഒരു കിണറ്റിൽനിന്ന് കണ്ടെത്തുകയായിരുന്നു. മുൻകൂർ ജാമ്യം തേടിയിട്ടുള്ള കെ. രാജേഷ് കുമാർ, പ്രദീപ് കുമാർ എന്നിവരാണ് മത്തായിയെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയതെന്നാണ് മത്തായിയുടെ കുടുംബം ആരോപിക്കുന്നത്.
ജൂലൈ 31ന് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയെങ്കിലും പ്രതികൾ അറസ്റ്റിലാകും വരെ സംസ്കരിക്കില്ലെന്ന് ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മത്തായിയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഈ ആവശ്യം സർക്കാർ അംഗീകരിച്ചതോടെ കേസ് സിബിഐ ഏറ്റെടുത്ത് എഫ്ഐആർ സമർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോപണ വിധേയർ മുൻകൂർ ജാമ്യം തേടിയത്. അതേസമയം, മൃതദേഹം സംസ്കരിക്കാൻ ഹൈക്കോടതി കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. വീണ്ടും പോസ്റ്റ്മോർട്ടം വേണ്ടി വരും എന്ന് അറിയിച്ചതിനാൽ സംസ്കാരം വൈകിപ്പിക്കുകയായിരുന്നു. റീപോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് കുടുംബാംഗങ്ങളുടെ നിലപാട്.
കുറ്റാരോപിതർ ഓഫിസി ജിഡിയിൽ തിരിമറി നടത്തിയെന്ന് വനംവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തതിൽ വീഴ്ചയുണ്ടായെന്നായിരുന്നു അന്വേഷണ റിപ്പോർട്ടിലെ പരാമർശം. ക്യാമറ നശിപ്പിച്ചതിൽ പൊലീസിനു പരാതി നൽകാതിരുന്നതിലും വീഴ്ചയുണ്ട്. മത്തായിയെ രക്ഷിക്കാവുന്ന സാഹചര്യമുണ്ടായിട്ടും കുറ്റാരോപിതർ അതിന് മുതിർന്നില്ലെന്നും വ്യക്തമായിരുന്നു. മത്തായിയുടെ കസ്റ്റഡി സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നു കാണിച്ച് സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയനാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ എട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റവും നൽകിയിരുന്നു.
മറുനാടന് ഡെസ്ക്