മൂവാറ്റുപുഴ: അച്ഛനും അമ്മയും ആശുപത്രിയിൽ കഴിയുന്നതിനിടെ അവരുടെ 3 പെൺകുട്ടികൾ ഉൾപ്പെടെ 4 മക്കളെ വീട്ടിൽ നിന്നിറക്കി വിട്ട ക്രൂരതയ്ക്ക് പിന്നിൽ മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക്. ബാങ്കിന്റെ ജപ്തി നടപടി വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. മാതാപിതാക്കൾ എത്തിയ ശേഷം വീടു വിട്ടിറങ്ങാം എന്നു പറഞ്ഞിട്ടും ബാങ്ക് ഉദ്യോഗസ്ഥർ ഇവരെ ഇറക്കി വിട്ട് വീട് മുദ്ര വച്ചത് പിണറായി സർക്കാരിന്റെ നിർദ്ദേശങ്ങളുടെ ലംഘനമാണ്. ഒടുവിൽ പൂട്ടുപൊളിച്ച ജനകീയ ഇടപെടലുമായി മാത്യു കുഴൽനാടൻ എംഎൽഎ താരമായി.

ബാങ്ക് അധികൃതരുമായി ചർച്ച നടത്തിയിട്ടും എത്താതിരുന്നതിനെ തുടർന്ന് മാത്യു കുഴൽനാടൻ പൂട്ടു തകർത്ത് കുട്ടികളെ വീട്ടിൽ തിരികെ പ്രവേശിപ്പിച്ചു. വലിയപറമ്പിൽ അജേഷിന്റെയും മഞ്ജുവിന്റെയും 10, 7, 5 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ജപ്തി നടപടികളുടെ ഭാഗമായി വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. രണ്ടുപേർ ഇരട്ടപ്പെൺകുട്ടികളാണ്. പത്താം ക്ലാസ് പരിക്ഷാക്കാലമാണ് ഇത്. അതിനിടെയാണ് കുട്ടികളെ ബാങ്ക് പുറത്താക്കിയത്. ഒന്നര ലക്ഷം രൂപയോളം ബാങ്കിൽ വായ്പ കുടിശിക ആയതിന്റെ പേരിലാണ് ഇടതു ഭരണസമിതി ഭരിക്കുന്ന ബാങ്കിന്റെ നടപടി.

കെ റെയിൽ ഭൂമി ഏറ്റെടുക്കലിന് വേണ്ടി പ്രചരണവുമായി മുമ്പോട്ടു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെല്ലാം ഈ സംഭവം വലിയ പാഠമാണ്. കേരളത്തിൽ ആരും ദുരിതം അനുഭവിക്കില്ലെന്ന് പറയുമ്പോഴും ഒന്നര ലക്ഷം ലോൺ പോലും അടയ്ക്കാൻ കഴിയാത്ത കുടുംബങ്ങൾ കേരളത്തിലുണ്ടെന്നതാണ് വസ്തുത. മരിക്കുന്ന സിപിഎം എംഎൽഎമാരുടെ കുടുംബത്തിന്റെ വായ്പകൾ അടച്ചു തീർക്കാൻ പണം നൽകുന്ന സർക്കാർ ഈ പാവങ്ങളുടെ കണ്ണീരൊപ്പാൻ ഒന്നും ചെയ്യുന്നില്ല. രാഷ്ട്രീയക്കാരുടെ മക്കൾക്ക് നൽകുന്ന ആശ്രിത നിയമനങ്ങൾ ചർച്ചയാകും കാലത്താണ് മൂവാറ്റുപുഴയിലെ ഈ സംഭവവും.

ഇന്നലെ വൈകിട്ടാണ് ബാങ്ക് ഉദ്യോഗസ്ഥർ പേഴയ്ക്കാപ്പിള്ളിയിൽ ദലിത് കുടുംബം താമസിക്കുന്ന വീട്ടിൽ എത്തിയത്. അജേഷ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലാണ്. ഭാര്യ മഞ്ജുവും അജേഷിനൊപ്പം ആയിരുന്നു. ഇവർ തിരിച്ചെത്തിയ ശേഷമേ കുട്ടികളെ ഇറക്കി വിടാവൂ എന്ന് അയൽവാസികളും സ്ഥലത്ത് എത്തിയ പഞ്ചായത്തംഗങ്ങളും ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ പിന്മാറിയില്ല. ഇടത് അനുകൂല ബാങ്കിലെ ജീവനക്കാർ കടുംപിടിത്തം നടത്തി. കുട്ടികളെ വഴിയിലേക്ക് ഇറക്കി വിട്ടു.

പഞ്ചായത്ത് നൽകിയ 3 സെന്റ് സ്ഥലത്ത് നിർമ്മിച്ച വീടാണ് ഇത്. വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്ന് നിസഹായരായി പെരുവഴിയിൽ നിൽക്കുന്ന കുട്ടികളുടെ അവസ്ഥ അറിഞ്ഞു സ്ഥലത്തെത്തിയ മാത്യു കുഴൽനാടൻ എംഎൽഎ അതിവേഗ ഇടപെടൽ നടത്തി. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി എന്നിവരുടെ നേതൃത്വത്തിൽ വീടിനു മുന്നിൽ കുട്ടികൾക്കൊപ്പം കുത്തിയിരുന്നു. ഇതോടെ പ്രതിഷേധം ശക്തമായി. പൂട്ടിയെടുത്ത ബാങ്ക് അധികൃതർ താക്കോൽ തിരികെ ഏൽപിക്കാൻ എത്തുമെന്നു പറഞ്ഞെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞിട്ടും ആരും എത്തിയില്ല. തുടർന്നാണ് പൂട്ടിയിട്ടിരുന്ന താഴ് തകർത്തത്.

നിസ്സഹായരായ കുട്ടികളെ വീട്ടിൽ നിന്നു പുറത്തിറക്കി വിട്ട് ജപ്തി നടത്തിയ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പൊലീസും സർക്കാരും തയാറാകണമെന്ന് എംഎൽഎ പറഞ്ഞു. അതേസമയം സർഫേസി നിയമ പ്രകാരമുള്ള ബാങ്ക് നടപടികൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കുട്ടികളെ വീട്ടിൽ നിന്നിറക്കി വിട്ടിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ഇത് പരിഹാസ മറുപടിയാണെന്ന് നാട്ടുകാരും പറയുന്നു.

അയൽവാസികൾ, മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയ ശേഷമേ കുട്ടികളെ ഇറക്കിവിടാവൂ എന്ന് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ പിന്മാറിയില്ലെന്ന് നാട്ടുകാർ പറയുന്നു.