- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെയ്ക് ബാലകുമാർ മെന്ററെന്ന് വീണയുടെ കമ്പനിയുടെ വെബ്‌സൈറ്റിൽ; സ്വപ്ന വിവാദം പുറത്തുവന്നതോടെ സൈറ്റിൽ നിന്നും നീക്കി; മുഖ്യമന്ത്രി പച്ചക്കള്ളമെന്ന് പറഞ്ഞ് നിഷേധിച്ചെങ്കിലും തെളിവുകൾ പുറത്തുവിട്ടു മാത്യു കുഴൽനാടൻ; താൻ പറഞ്ഞത് അസംബന്ധമാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കോൺഗ്രസ് എംഎൽഎ
തിരുവനന്തപുരം: പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ മെന്ററാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊലൂഷൻസ് വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയതിന്റെ തെളിവു പുറത്ത്. മാത്യു കുഴൽനാടൻ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. വീണയുടെ എക്‌സാലോജിക് വെബ്‌സൈറ്റിൽ മുൻപ് ഇക്കാര്യം തന്നെ വ്യക്തമാക്കിയിരുന്നു. സ്വപ്‌നയുടെ നിയമനവുമായി ബന്ധപ്പെട്ട് പിഡബ്ല്യുസി വിവാദമായപ്പോൾ ഈ വിവാരങ്ങൾ വെബ്‌സൈറ്റിൽ നിന്നും നീക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കാൻ വെബ് ഡൊമൈൻ ഹിസ്റ്ററി പുറത്തു വിട്ടു മൂവാറ്റുപുഴ എംഎൽഎ.
മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിപരമായ വിവരങ്ങൾ താൻ പരാമർശിച്ചിട്ടില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. വെബ്‌സൈറ്റിലെ ഒളിച്ചു കളിയാണ് താൻ ചൂണ്ടിക്കാട്ടിയതെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസി ആണെന്ന കാര്യം നിഷേധിക്കാൻ സാധിക്കില്ലെന്നും മാത്യു പറഞ്ഞു. വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റിലെ തിരുത്തിയ വിവരങ്ങൾ വാർത്താസമ്മേളത്തിൽ അദ്ദേഹം പുറത്തുവിട്ടു.
പിഡബ്ല്യുസി ഡയറക്ടർ ജയെക്ക് ബാലകുമാർ വീണ വിജയന്റെ എക്‌സാ ലോജിക് എന്ന കമ്പനിയിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റർ ആണെന്ന് വീണ വിജയൻ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത്. പിന്നീട് വിവാദങ്ങളെ തുടർന്ന് വെബ്‌സൈറ്റിലെ പരാമർശം ഒഴിവാക്കിയെന്നും എംഎൽഎ ആരോപിച്ചിരുന്നു. പറഞ്ഞത് അസംബന്ധം ആണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രി വെല്ലുവിളിച്ചു. സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസി വഴി അല്ലെന്ന് പറയാനാകുമോയെന്നം അദ്ദേഹം ചോദിച്ചു.
പിഡബ്ല്യുസിക്ക് പിണറായി സർക്കാർ വന്ന ശേഷം നിരവധി കരാർ നൽകി. പലതിനും സുതാര്യത ഇല്ല. വീണ വിജയന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പിഡബ്ല്യുസിക്കെതിരെ ആരോപണം ഉണർന്നപ്പോൾ വീണയുടെ ഹെക്സാ ലോജികിന്റെ പ്രധാന വ്യക്തി ജയിക് ബാല കുമാർ ആണെന്ന് വീണ തന്നെ പറഞ്ഞു. വെബ് സൈറ്റിൽ ഇത് രേഖപെടുത്തി. മെയ് 2020 നു വെബ് സൈറ്റ് ഡൗൺ ആയി. പിഡബ്ല്യുസിക്കെതിരെ ആരോപണം വന്നപ്പോൾ.ഒരു മാസം കഴിഞ്ഞു ജൂൺ 20 നാണ് സൈറ് അപ് ആയത്. മെയ് 20ന് വെബ് സൈറ്റിൽ ഉണ്ടായിരുന്ന പലതും കാണാൻ ഇല്ല.എന്തുകൊണ്ടാണ് ജയിക്‌നെ കുറിച്ചുള്ള വിവരങ്ങൾ മാറ്റിയതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
താൻ സഭയിൽ ചോദിച്ചതിന് ഉത്തരം വേണ്ടേ. ഇത് പറഞ്ഞപ്പോൾ പച്ചക്കള്ളം എന്ന് മുഖ്യമന്ത്രി പറഞ്ഞു. പറയാൻ ശ്രമിച്ചിട്ടും അദ്ദേഹം അവസരം നൽകിയില്ല. സൈറ്റിൽ വിവരം മാസ്‌ക് ചെയ്തു. ഇപ്പോൾ ഏത് വെബ് സൈറ്റിൽ മാറ്റം വരുത്തിയാലും കണ്ടെത്താം. എക്‌സാലോജിക്ക് സൈറ്റിൽ 107 തവണ മാറ്റം വരുത്തിയിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. സിംഗിൾ ഡയറക്ടർ ഒരേ ഒരു ഉടമ ഉള്ള സ്ഥാപനം ആണ് എക്‌സാലോജിക്. നോമിനി ആയി ഉള്ളത് 'അമ്മ കമല വിജയൻ. വീണ ഫൗണ്ടർ.താഴെ കൺസൾട്ടന്റ് ആയി ജയിക് ബാല കുമാറിനെ കാണാം. സ്റ്റാഫിന്റ മെന്റർ എന്നല്ല പറഞ്ഞത്. വീണ അല്ലാതെ വേറെ ഫൗണ്ടർ ഇല്ല.ഒരു മാസം കഴിഞ്ഞപ്പോൾ ഈ വിവരം മാറ്റപെട്ടു. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും കേസ് എടുക്കാൻ വെല്ലു വിളിക്കുന്നുവെന്നും മാത്യു കുഴൻനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്നലെ മാത്യു കുഴൽനാടൻ എംഎൽഎ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. സ്വർണക്കടത്ത് വിവാദം കത്തിനിൽക്കെ കോൺഗ്രസ് നേതാവ് വി.ടി.ബൽറാം ഉൾപ്പെടെയുള്ളവർ എക്‌സാലോജിക്കിന്റെ പേജിൽ ജെയ്ക് മെന്ററാണെന്നു രേഖപ്പെടുത്തിയതു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ജെയ്ക് ബാലകുമാറിന്റെ എക്‌സാലോജിക്കുമായുള്ള ബന്ധം വ്യക്തമാക്കുന്ന സ്‌ക്രീൻഷോട്ടാണു പ്രചരിക്കുന്നത്. പിഡബ്ല്യുസിയെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ വെബ്‌സൈറ്റ് അപ്രത്യക്ഷമായെന്നും പിന്നീട് വെബ്‌സൈറ്റ് തിരികെ വന്നെങ്കിലും വിവാദ പരാമർശം ഒഴിവാക്കിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു. വിവാദവുമായി ബന്ധപ്പെട്ടു കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും കുഴൽനാടൻ പറഞ്ഞു.
അടിയന്തരപ്രമേയ ചർച്ചയ്ക്കിടയിലാണു കുഴൽനാടൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉന്നയിച്ചത്. സ്വപ്ന സുരേഷിനു സ്‌പേസ് പാർക്കിൽ ജോലി ലഭിച്ചത് കൺസൾട്ടൻസി കമ്പനിയായ പിഡബ്ല്യുസി വഴിയാണ് എന്ന ആരോപണം വന്നതിനു പിന്നാലെ, വീണയുടെ കമ്പനിയുടെ വെബ്സൈറ്റ് 'ഡൗൺ' ആയെന്നും, പിന്നീട് 'അപ്' ആയപ്പോൾ ഈ പരാമർശം നീക്കിയെന്നുമാണ് കുഴൽനാടൻ പറഞ്ഞത്. പിഡബ്ല്യുസി വഴിയാണ് സ്വപ്ന സെക്രട്ടേറിയറ്റിൽ എത്തിയത് എന്നതുകൊണ്ടാണ് മെന്റർ പരാമർശം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
മകളെപ്പറ്റി പറഞ്ഞാൽ താൻ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ മാത്യു കുഴൽനാടൻ കരുതുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പച്ചക്കള്ളമാണ് കുഴൽനാടൻ പറയുന്നതെന്നും പിഡബ്ല്യുസി ഡയറക്ടറെ ഒരു ഘട്ടത്തിലും മെന്ററായി തന്റെ മകൾ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ക്ഷോഭത്തോടെ പറഞ്ഞു. ആളുകളെ അപകീർത്തിപ്പെടുത്താൻ എന്തും പറയുന്ന സ്ഥിതി ഉണ്ടാകരുത്. അസംബന്ധം പറഞ്ഞ് അസംബന്ധം ആവർത്തിക്കാനല്ല ശ്രമിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങളെ കാണണം. വീട്ടിലിരിക്കുന്നവരെ ആക്ഷേപിക്കുന്നതാണോ സംസ്‌കാരമെന്നും മുഖ്യമന്ത്രി ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ