തിരുവനന്തപുരം: തലയോലപ്പറമ്പിൽ നിന്ന വർഷങ്ങൾക്കു മുമ്പ് കാണാതായ മാത്യുവിനെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന വിവരം പുറത്തുവന്നത് പ്രതിയുടെ അച്ഛൻ വാസുവിന്റെ ഫോൺ സംഭാഷണത്തിലൂടെയാണെന്ന് വ്യക്തമായി. പ്രതി അനീഷിന്റെ അച്ഛൻ വാസുവാണ് വിവരങ്ങൾ നൽകിയതെന്ന് മാത്യുവിന്റെ മകൾ നൈസിയാണ് വെളിപ്പെടുത്തിയത്.

വാസുവുമായി നടത്തിയ ഫോൺ സംഭാഷണം നൈസി റെക്കോഡ് ചെയ്യുകയായിരുന്നു. ഇത് പൊലീസിനെ ഏൽപ്പിച്ചതോടെയാണ് മാത്യു കൊല്ലപ്പെട്ടതാണെന്നും കേസിൽ പ്രതി അനീഷാണെന്നുമുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

ഇതോടെയാണ് ഏറെക്കാലമായി മാത്യുവിനെ പറ്റി വിവരമൊന്നും ലഭിക്കാതെ അന്വേഷണം അവസാനിപ്പിച്ച കേസിൽ നിർണായക വിവരങ്ങൾ ലഭിക്കുന്നതും കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നതും.

മാത്യുവിനെ 2008 നവംബർ 25നാണ് കാണാതാകുന്നത്. മക്കളെ സ്‌കൂളിൽ നിന്ന് വീട്ടിൽ കൊണ്ടുവന്നശേഷം പുറത്തേക്ക് കാറുമായി ഇറങ്ങിയ മാത്യു പിന്നെ തിരിച്ചുവന്നില്ല. കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെങ്കിലും മാത്യുവിനെ പറ്റി വിവരമൊന്നും ലഭിച്ചില്ല. ഇതോടെ കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ മാത്യുവിന്റെ മകൾ നൈസിയോട് പ്രതിയുടെ അച്ഛൻ വാസുവാണ് മാത്യു മരിച്ചെന്നത് ഉറപ്പാണെന്നും കൊലപ്പെടുത്തിയതാണെന്നും വ്യക്തമാക്കുന്നത്. ഏഴുകൊല്ലം മുമ്പാണ് കൊല നടത്തിയതെന്നും തനിക്ക് ഇക്കാര്യം നേരത്തേ അറിയില്ലായിരുന്നുവെന്നും വാസു പറയുന്നുണ്ട്.

സംഭാഷണത്തിൽ നിന്ന്

നൈസി: ചേട്ടന് ഉറപ്പാണല്ലോ എന്റെ അപ്പൻ മരിച്ചുവെന്നത്?

വാസു: ഉറപ്പുതന്നെ ഉറപ്പുതന്നെ

നൈസി: കൊന്നതാണോ ശരിക്കും?

വാസു: അതേയതേ.

നൈസി: എത്രവർഷമായി.... കൊന്നത്?

വാസു: ഏഴുകൊല്ലമായി... ഏഴുകൊല്ലമായി.

നൈസി: എന്നിട്ടു ചേട്ടനിത് അറിയാമായിരുന്നോ നേരത്തേ?

വാസു: എനിക്കറിയാമ്പാടില്ല. ഇപ്പഴായിത് അറിഞ്ഞത്.

മോളെ കുഴപ്പമില്ല പറഞ്ഞോളാമെന്നു പറഞ്ഞില്ലേ ഞാൻ.

നൈസി: ശരി ചേട്ടാ...