കൊച്ചി: ഹോട്ടലിൽ കയറിയാൽ ചിക്കൻ ഫ്രൈ, ചിക്കൻ ബിരിയാണി തുടങ്ങിയ ചിക്കൻ വിഭവങ്ങൾ കഴിക്കുന്നതും കൂട്ടുകാർക്ക് വാങ്ങി നൽകുന്നതൊക്കെ ഒരു അന്തസിന്റെ ലക്ഷണമായി കരുതുന്നവരുണ്ട്. ഊണിന് കരിമീനോ, ആവോലിയൊ ചുരുങ്ങിയ പക്ഷം അയലയെങ്കിലും വാങ്ങാതെ മത്തി പൊരിച്ചത് വാങ്ങുന്നത് സാധാരണക്കാരോ പാവങ്ങളോ ആയിരുന്നു.

എന്നാലിന്ന് പാവങ്ങളുടെ പ്രിയപ്പെട്ട മത്തി വിലയിൽ ചിക്കനേയും കടത്തിവെട്ടി തന്റെ കാലം വന്നെന്ന് തെളിയിച്ചിരിക്കുന്നു. ഇനിയിപ്പോൾ ചിക്കന്റെ സ്ഥാനം മത്തിക്ക് വന്നാലും അതിശയിക്കാനില്ല.

മറ്റു മത്സ്യങ്ങൾക്കും അതിലും വില കൂടുന്നതു കൊണ്ട് അതിനൊക്കെ ഇനി മട്ടന്റെ സ്ഥാനം വന്നേക്കാം. ഇപ്പോൾ ചിക്കൻ കിലോയ്ക്ക് 100 മുതൽ 120 വരെയാണ് വിലയെങ്കിൽ മത്തിക്ക് 120 മുതൽ 140 രൂപയായി കൂടി.

കഴിഞ്ഞ മൂന്നു വർഷമായി മത്തിയുടെ വില കൂടി കൊണ്ടിരിക്കുകയാണ്. മറ്റു മത്സ്യങ്ങൾക്കും വില വർദ്ധിക്കുന്നുണ്ടെങ്കിലും കൂടിയ വില പിന്നീട് നേരിയ തോതിൽ കുറഞ്ഞ് പഴയ നിലയിലേക്ക് തന്നെ മത്തി വില ഉയരുന്നുണ്ട്. മറ്റു മത്സ്യങ്ങൾക്കുണ്ടാകുന്നതു പോലെയുള്ള പെട്ടെന്നുള്ള വിലക്കയറ്റം മത്തിക്കുണ്ടാകാറില്ല.

രണ്ടുവർഷം മുമ്പ് കിലോയ്ക്ക് 30 - 40 രൂപയായിരുന്നു മത്തിയുടെ വില. കഴിഞ്ഞ വർഷത്തോടെ മത്തി വില 40- 60 എന്ന നിലയിലായി. ട്രോളിങ്ങ്, തുടങ്ങി മത്സ്യം കുറവ് ലഭിക്കുന്ന സാഹചര്യങ്ങളിലെല്ലാം മത്തി വില കൂടി പിന്നീട് കുറയുന്ന അവസ്ഥയുണ്ടായിരുന്നു. കഴിഞ്ഞ വേനൽക്കാലം മുതൽക്കേ എല്ലാത്തരം മത്സ്യങ്ങൾക്കുമൊപ്പം മത്തിവിലയും ഉയർന്നു. കടുത്ത ചൂടു കാരണം കടലിലെ മത്സ്യബന്ധന മേഖലകളിൽ മത്സ്യം വളരെയധികം കുറയുന്ന അവസ്ഥയുണ്ടായി. മീൻ കടലിൽ പോയാലും ലഭിക്കാത്ത സാഹചര്യത്തിൽ മത്തിയുൾപ്പടെ എല്ലാത്തരം മീനും വില കൂടിയിരുന്നു.

ട്രോളിങ്ങ് തുടങ്ങുന്നതിനു മുമ്പ് 80 രൂപയിൽ നിന്നിരുന്ന മത്തി വിലയാണ് നൂറിലേക്കും പിന്നീട് 140 ലും എത്തിനിൽക്കുന്നത്. ചുരുക്കത്തിൽ 100 രൂപക്ക് പോലും ഒരു കിലോ മത്സ്യം കിട്ടാത്ത അവസ്ഥയായി. ഇതേപോലെ തന്നെ അയലവിലയും കുതിച്ചു പായുകയാണ്. അയല മാർക്കറ്റിൽ കച്ചവടക്കാർക്ക് തന്നെ കിട്ടുന്ന വില 250 മുതൽ 270 വരെയാണ്. ഇത് വിൽക്കുന്നത് കിലോയ്ക്ക് 270 -300 രൂപക്കാണ്. നേരത്തെ ചില്ലറ വിൽപ്പനക്കാർക്ക് മത്തി, അയല, നത്തൽ, മാന്തൽ തുടങ്ങിയ മത്സ്യങ്ങൾ ലഭിച്ചിരുന്നത് പെട്ടിക്കണക്കിനായിരുന്നു. ഒരു പെട്ടി മത്തിക്ക് ഒരു മൊത്തം വില, ഇത് മാർക്കറ്റ് ലേലത്തിലൂടെ കൂട്ടി വിളിക്കുന്നയാൾക്ക് ലഭിക്കുന്ന രീതിയായിരുന്നു.

രണ്ടു വർഷം മുമ്പ് ഒരു പെട്ടി മത്തി എന്നുവച്ചാൽ 40 മുതൽ 45 കിലോവരെ ലഭിച്ചിരുന്നു. 1000- 1200 രൂപയാണ് അന്ന് ഒരു പെട്ടിക്ക് വില. കഴിഞ്ഞ വർഷം പെട്ടി കണക്കായിരുന്നുവെങ്കിലും കിട്ടുന്ന അളവ് കുറഞ്ഞു. 30 - 40 ആയി. വിലയാണെങ്കിൽ 1500 മുതൽ 2000 വരെ എന്ന കണക്കിൽ. എന്നാൽ ഇപ്പോൾ പെട്ടിക്കണക്ക് പോയി. ക്യത്യം 25 കിലോ മത്തി തൂക്കി നൽകും. 80 മുതൽ 100, 120 വരെ കിലോയ്ക്കു മാർക്കറ്റിൽ തന്നെ നൽകേണ്ട അവസ്ഥയാണ്.

ഒരു പെട്ടി മത്തിക്ക് 2800 - 3000 രൂപ വരെ നൽകേണ്ട അവസ്ഥയുണ്ടെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു. മത്തിക്കൊപ്പം നത്തോലിയും ഹോൾസെയിൽ വില തന്നെ 100 ആയി. ഇതും 140 ന് മുകളിൽ വിലയായി. ട്രോളിങ്ങ് നിലനിൽക്കുന്നതിനാൽ പുതിയാപ്ലക്കോര, മുള്ളൻ, മാന്തൽ, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങൾ വളരെ കുറവാണ് ലഭിക്കുന്നത്. ആവോലിയുടെ ഹോൾസെയിൽ വില 700 ആണ്. വാങ്ങി കഴിക്കണമെങ്കിൽ കിലോയ്ക്കു 750 എങ്കിലും കൊടുക്കണം. അയ്ക്കൂറക്കും ഇതേവിലയാണ്.

അതേസമയം ട്രോളിങ്ങ് കഴിഞ്ഞാലും മത്തി ലഭ്യത കുറയുമെന്നാണ് വിവരം. കേരളതീരത്തെ മത്തി കൂട്ടത്തോടെ കടലിന്റെ മറ്റു ഭാഗങ്ങളിലേക്ക് പലായനം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങൾ പറയുന്നു. ഇപ്പോൾ കേരളത്തിലേക്ക് മത്തി ഉൾപ്പടെ മത്സ്യങ്ങൾ എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. പ്രധാനമായും കടലൂരിൽ നിന്ന്. മത്സ്യത്തിന് വില വളരെയധികം വർദ്ധിക്കുന്നതു കൊണ്ട് ഇതു കേടുവരാതെ സൂക്ഷിക്കാനും കച്ചവടക്കാർ പുതിയ മാർഗങ്ങൾ തേടുന്നുണ്ട്. മത്തി ഉൾപ്പെടെയുള്ള ചെറുമത്സ്യങ്ങൾക്ക് കേടു വരാതിരിക്കാൻ ഐസിനു പുറമെ ചില രാസവസ്തുക്കളും ചേർക്കുന്നുണ്ട്. വലിയ മത്സ്യങ്ങൾ കേട് വരാതിരിക്കാൻ മെഡിക്കൽ കോളേജിൽ ശവശരീരങ്ങൾ കേട് വരാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ ദ്രാവകമാണ് ഒഴിക്കുക. ഇതിൽ മുക്കിയെടുക്കുന്ന മത്സ്യങ്ങൾ ആഴ്‌ച്ചകളോളം കേടുകൂടാതെയിരിക്കും. പെട്ടെന്നുള്ള പരിശോധനയിലൊന്നും ഇതു കണ്ടുപിടിക്കാനാവില്ല.