തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റ് പത്രത്തിൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഏതാനും ദിവസങ്ങളായി കേരളത്തിലെ മുസ്ലിം നേതാക്കളുടെയെല്ലാം കാലു പിടിച്ച് മാപ്പു പറയുകയാണ് മാതൃഭൂമി. പത്രത്തിലെ ഒന്നാം പേരിൽ മാപ്പപേക്ഷ നൽകിയ ശേഷം ചാനലിലൂടെയും മത നേതാക്കളുടെ പ്രസ്താവന സ്ഥിരമായി പ്രസിദ്ധീകരിച്ചു. ഒരു വിധത്തിൽ വിഷയം ഒന്നടങ്ങി വന്ന വേളയിലാണ് വീണ്ടും വിവാദം പത്രത്തെ പിന്തുടരുന്നത്. മാതൃഭൂമി മാപ്പ് പറഞ്ഞത് തന്റെ പേരിലാണെന്നും അതുകൊണ്ട് തന്നോടും മാപ്പു പറയണമെന്ന ആവശ്യവുമായി ജസ്റ്റിസ് കമാൽ പാഷ രംഗത്തെത്തിയതാണ് പത്രത്തിന് വീണ്ടും തലവേദനായയത്.

മാതൃഭൂമി തന്നോടും മാപ്പ് പറയണമെന്ന് പറഞ്ഞ ഹൈക്കോടതി ജഡ്ജി കമാൽ പാഷ തന്റെ ചെലവിൽ ആരും ഖേദം പ്രകടിപ്പിക്കേണ്ടെന്നും വ്യക്തമാക്കി. 'ഒരു സാമൂഹികവിരുദ്ധൻ സോഷ്യൽ മീഡിയയിൽ എഴുതിയ വാക്കുകൾ അതേപോലെ പത്രത്തിൽ കൊടുക്കുകയും അത് വിവാദമായപ്പോൾ പത്രാധിപർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, ഖേദപ്രകടനത്തിൽ എന്റെ പേര് ഉപയോഗിച്ചത് ശരിയായില്ല. അതിൽ പത്രം ഖേദം പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് കെമാൽപാഷ പറഞ്ഞു.

കേരള വികലാംഗ ക്ഷേമ സംഘടനയുടെ നാലാമത് സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്തപ്പോഴാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. 'ഞാൻ അടിയുറച്ച മതവിശ്വാസിയാണ്. അക്കാര്യം എനിക്ക് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും കമാൽ പാഷ പരഞ്ഞു. അതേസമയം ഏകീകൃത സിവിൽ കോഡിൽ അടക്കം തന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു എന്നും അദ്ദേഹം പരാതിപ്പെട്ടു. എന്റെ വാക്കുകൾ അടർത്തിയെടുത്ത് മാദ്ധ്യമങ്ങൾ വാർത്ത കൊടുക്കുന്നത് ശരിയല്ല. ഞാൻ ഒരു സാധാരണക്കാരനാണ്. അതുകൊണ്ടാണ് തിരക്കുകൾ മാറ്റിവച്ച് ഈ ചടങ്ങിനത്തെിയത്. പീഡിതരുടെ വേദന കാണുമ്പോൾ മനസ്സ് വിഷമിക്കാറുണ്ട്. അപ്പോൾ പ്രതികരിക്കും. ക്ഷേമ പെൻഷൻ ബാങ്ക് വഴിയാക്കിയപ്പോൾ ഭിന്നശേഷിക്കാർ അനുഭവിക്കുന്ന പ്രയാസം വകുപ്പ് മേധാവികളെ ബോധ്യപ്പെടുത്തണം. നിർത്താതെ കരയുന്ന കുട്ടികൾക്ക് മാത്രമാണ് പാല് കിട്ടുന്നത്' അദ്ദേഹം ഓർമിപ്പിച്ചു.

മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിലുള്ള കുറിപ്പ് പത്രത്തിൽ പ്രസിദ്ധീകരിച്ചതിനെതിരെ സോഷ്യൽമീഡിയയിൽ മാതൃഭൂമിക്കെതിരെ വലിയ തോതിലാണ് പ്രചരണം നടന്നത്. പ്രവാചകനെ അപമാനിച്ച മാതൃഭൂമി പത്രം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ കുറിപ്പുകളിൽ പത്രം ബഹിഷ്‌ക്കരിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും മുസ്ലിം സംഘടനകളോട് പ്രതിഷേധം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചും പ്രശ്‌നം ഒരുവിധം തീർപ്പിലാക്കാനുള്ള ശ്രമത്തിനിടെയാണ് കമാൽ പാഷയുടെ പ്രതികരണം. പത്രത്തിൽ ഖേദം പ്രകടിപ്പിച്ചുള്ള കുറിപ്പിൽ മാതൃഭൂമി കമാൽപാഷയുടെ പേര് എടുത്തുപറഞ്ഞിരുന്നു.

മുസ്ലിം വ്യക്തിനിയമത്തിൽ സ്ത്രീകൾക്ക് വിവേചനമെന്ന ജസ്റ്റീസ് കമാൽ പാഷയുടെ അഭിപ്രായ പ്രകടനവുമായി ബന്ധപ്പെട്ട് ആരോ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് അതേപടി എടുത്തുകൊടുത്തതാണ് മാതൃഭൂമിക്കെതിരെ വിമർശനമുണ്ടാകാൻ കാരണം. പത്രത്തിന്റെ കോഴിക്കോട്, തൃശൂർ എഡീഷൻ നഗരം പേജിലാണ് ഇത് പ്രസിദ്ധീകരിച്ചത്. സോഷയ്ൽ മീഡിയയിൽ നിന്നുള്ള കമന്റുകൾ പ്രസിദ്ധീകരിക്കുന്ന ആപ്പ്‌സ്‌ടോക്ക് എന്നൊരു വിഭാഗത്തിൽ കമാൽ പാഷ പറഞ്ഞ കാര്യങ്ങളുടെ സംക്ഷിപ്തവും അതുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ പ്രതികരണങ്ങളുമാണ് പത്രം പ്രസിദ്ധീകരിച്ചത്.

ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ സംഘപരിവാർ പ്രവർത്തകർ വർഗീയത ഇളക്കിവിടുന്നതിനും മുസ്ലിംങ്ങളെ അപമാനിക്കുന്നതിനും ഉപയോഗിക്കുന്ന വാദങ്ങളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച കുറിപ്പിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ചിലർ ആക്ഷേപിക്കുന്നു. വിവാദം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പത്രത്തിന്റെ ഇപേപ്പറിൽനിന്നും വിവാദ പരാമർശങ്ങൾ അടങ്ങുന്ന പേജ് നീക്കം ചെയ്യുകയും പത്രത്തിന്റെ ഇന്നത്തെ പതിപ്പിൽ ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. മാതൃഭൂമിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് ചാനലിലും ഓൺലൈനിലും പരസ്യമായി ഖേദ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

വിവാദം ശമിപ്പിക്കാൻ വേണ്ടി സൗദി പത്രങ്ങൾക്ക് പോലും പ്രധാന വാർത്തയല്ലാത്ത ഉംറ കർമ്മത്തിന്റെ ചിത്രം ഇന്നലത്തെ പത്രത്തിന്റെ ഗൾഫ് എഡിഷനിൽ ഒന്നാം പേജിൽ നൽകുകയും ചെയ്തു മാതൃഭൂമി. വിവാദ പരാമർശം വന്നതിനുശേഷം ഖേദപ്രകടനം നടത്തിയതിന്റെ നാലാംദിവസമാണ് ഈ ചിത്രം വന്നത്. ഉംറ തീർത്ഥാടനത്തിനെത്തിയ വിശ്വാസികൾ മക്കയിൽ കഅബക്ക് വലംവെക്കുന്ന നാലുകോളം ചിത്രമാണ് മാതൃഭൂമി കൊടുത്തത്. ഖേദപ്രകടനത്തിനുശേഷം ഡോ. ഹുസൈൻ മടവൂരിന്റെ 'ഇസ്ലാം സർവമതസ്ഥർക്കും നീതി ഉറപ്പുവരുത്തുന്ന മതം' എന്ന ലേഖനം പത്രത്തിന്റെ എഡിറ്റ് പേജിൽ പ്രസിദ്ധീകരിച്ചിരുന്നു.

തുടർന്നും മാതൃഭൂമിക്കെതിരെയുള്ള ബഹിഷ്‌കരണവും, ക്യാംപെയ്‌നുകളും, പ്രതിഷേധ പ്രകടനങ്ങളും പലയിടത്തും അരങ്ങേറി. അതിനിടെയാണു മാതൃഭൂമിയുടെ ഖേദപ്രകടനം ആത്മാർത്ഥമാണെന്നും പ്രതിഷേധങ്ങൾ അവസാനിപ്പിക്കുന്നുവെന്നും പോപ്പുലർ ഫ്രണ്ട്, സമസ്ത, കെഎൻഎം എന്നീ സംഘടനകളുടെ നേതാക്കന്മാർ പറഞ്ഞത്. മാതൃഭൂമി ന്യൂസ് ചാനലിലൂടെയും പത്രത്തിലൂടെയും, ഓൺലൈൻ പതിപ്പിലൂടെയും ഇതു പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമെയാണ് ഉംറ ചിത്രം ഗൾഫ് എഡിഷന്റെ ഒന്നാംപേജിൽ മാതൃഭൂമി പ്രസിദ്ധീകരിച്ചത്.

മാതൃഭുമിക്കെതിരായ പ്രതിഷേധം നിർത്തുന്നു എന്ന് എല്ലാ നേതാക്കളുടെയും വീഡിയോ അടക്കമാണ് ഓൺലൈനിലും നൽകിയത്. പ്രവാചകനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റ് അതേപടി പ്രസിദ്ധീകരിക്കാൻ ഇടയായ സംഭവത്തിൽ മാതൃഭൂമിയുടെ ഖേദപ്രകടനം ആത്മാർത്ഥമാണെന്നും പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്നും പോപ്പുലർ ഫ്രണ്ടും സമസ്തയും അറിയിച്ചു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസലിയാർ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.അബ്ദുൾ ഹമീദ്, കേരള നദുവത്തുൽ മുജാഹിദ്ദീൻ അധ്യക്ഷൻ ടി.പി അബ്ദുള്ളക്കോയ മദനി എന്നിവർ മാതൃഭൂമിക്കുവേണ്ടി സംസാരിച്ചു.

ഇതിനിടയിൽ ഈ വിഷയവുമായി ബന്ധപ്പെട്ടു മാതൃഭൂമി പുറത്താക്കിയ മൂന്നു ജീവനക്കാരുടെ ജീവനു ഭീഷണി ഉണ്ടായിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഒരു ഭീകരസംഘടന ജീവനക്കാരെ കണ്ടെത്താനും പ്രതികാരം ചെയ്യാനും ശ്രമിച്ചതായാണു സൂചന. ഇവരുടെ പേരുവിവരങ്ങൾ പുറത്താകാതിരിക്കാൻ പരമാവധി കരുതൽ എടുക്കുന്നുണ്ടെങ്കിലും ചില പേരുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു.