തിരുവനന്തപുരം: കുഞ്ഞുങ്ങൾക്ക് മുലയൂട്ടുമ്പോൾ പാളിനോക്കുന്ന പുരുഷന്മാർ ഒരു പക്ഷേ കേരളത്തിലേ കാണൂ. വിദേശ രാജ്യങ്ങളിൽ പാർലമെന്റിൽ വെച്ച് കുഞ്ഞിന് മുലയൂട്ടുന്ന അമ്മമാരുടെ ചിത്രം വരെ പുറത്തുവന്നിരുന്നു. എന്നാൽ, ഇവിടെ തുറിച്ചുനോട്ടം വലിയൊരു പ്രശ്‌നമായി മാറുന്നതു കൊണ്ട് അമ്മമാർ യാത്രാവേളയിലും മറ്റു വേളകളിലും മുലയൂട്ടൂമ്പോൾ തുണിയിട്ട് മറക്കേണ്ട അവസ്ഥയാണ്. അങ്ങനെ മറയ്‌ക്കേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നേരത്തെ സോഷ്യൽ മീഡിയയിൽ മുലയൂട്ടൽ കാമ്പയിൻ തുടങ്ങിയത്. നിരവധി അമ്മമാർ കുഞ്ഞുമൊത്ത് മുലയൂട്ടുന്ന ചിത്രം ഈ കാമ്പയിന്റെ ഭാഗമായി പോസ്റ്റു ചെയ്തിരുന്നു. ഇപ്പോൾ ഈ കാമ്പയിൻ ഏറ്റെടുത്തിരിക്കയാണ്  മാതൃഭൂമി.

ലോക വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഇത്തരമൊരു കാമ്പയിന് മാതൃഭൂമി തുടക്കമിട്ടത്. ഈ ലോകത്തിലേക്ക് പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും വേണ്ടിയെന്ന് പറഞ്ഞാണ് മാതൃഭൂമി ഗൃഹലക്ഷ്മി പുതിയൊരു ക്യാമ്പയിൻ തുടങ്ങിയത്. കേരളത്തോട് അമ്മമാർ പറയുകയാണ്. തുറിച്ചുനോക്കരുത് ഞങ്ങൾക്ക് മുലയൂട്ടണം. മാർച്ച് 8നാണ് ലോക വനിതാ ദിനം. ഈ ദിനത്തെ വ്യത്യസ്തമായി ആഘോഷിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഗൃഹലക്ഷ്മി.

വരുന്ന മാസത്തിലെ ഗൃഹലക്ഷ്മി വനിതാ ദിനത്തോട് അനുബന്ധിച്ച് ഒരു പ്രത്യേക പതിപ്പായിട്ടാവും ഇറങ്ങുക. ഒരു ക്യാമ്പയിന് തുടക്കം കുറിക്കുകയാണ് ഈ പതിപ്പിലൂടെ ആഴ്ചപ്പതിപ്പ്. 'മറയില്ലാതെ മുലയൂട്ടാം' എന്നതാണ് ഗൃഹലക്ഷ്മി ക്യാമ്പയിന് പേര് നൽകിയിരിക്കുന്നത്. നടി ജിലു ജോസഫിന്റെ മുഖചിത്രത്തോടെയാണ് പതിപ്പ് പുറത്തിറങ്ങുക. കേരളത്തിന് വേണ്ടത് മുലയൂട്ടൽ മുറികളല്ലെന്നും മാറേണ്ടത് മലയാളിയുടെ മനോഭാവമാണെന്നും അമ്മമാർ പറയുന്നു. പുരുഷന്മാരുടെ തുറിച്ചു നോട്ടമാണ് മാറേണ്ടതെന്നും മാന്യമായി പെരുമാറാൻ പുരുഷന്മാർ ശീലിക്കണമെന്നുമാണ് ക്യാമ്പയിനിലൂടെ പറയുക.

എന്തിനെയും എതിർക്കുന്നവർ ഈ കാമ്പയിനെതിരെയും രംഗത്തെത്തും എന്നതു കൊണ്ട് തന്നെ താൻ മോഡലായതിനെ കുറിച്ച് ജിലു ധൈര്യത്തോടെ തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ജിലു പറയുന്നത് ഇങ്ങനെ: ഈ ഒരു കാമ്പയിനോ ചത്രമോ മൂലം എനിക്ക് വരാൻ സാധ്യതയുള്ള എല്ലാ പേരുദോഷങ്ങളെയും സന്തോഷത്തോടെ ഏറ്റുവാങ്ങി ഞാൻ ആഘോഷിക്കും. സ്വന്തം കുഞ്ഞിനെ സകല സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും മുലയൂട്ടാൻ കൊതിക്കുന്ന എല്ലാ അമ്മമാർക്കും വേണ്ടി.. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ നിമിഷത്തെ എന്നും ഒരു ചിത്രത്തിൽ കാത്തു സൂക്ഷിക്കാൻ ചങ്കുറപ്പുള്ള അമ്മമാർക്ക് വേണ്ടി..

മലയാളത്തിൽ ആദ്യമായാണ് ഒരു വനിതാ പ്രസിദ്ധീകരണത്തിന്റെ കവറായി മുലയൂട്ടുന്ന ഒരു സ്ത്രീ പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇങ്ങനെയൊരു പ്രൊജക്ട് ഉണ്ടെന്ന് മാതൃഭൂമി അറിയിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ താൻ സമ്മതം മൂളുകയായിരുന്ന എന്നാണ് ജിലു പറഞ്ഞത്. ഈ പ്രൊജക്ടിനെക്കുറിച്ച് ആദ്യം പറഞ്ഞത് ചേച്ചിയോടാണെന്നും ചേച്ചി സമ്മതിച്ചില്ലെന്നും ജിലു ഒരു അഭിമുഖത്തിൽ പറഞ്ഞു. വീട്ടിൽ ആർക്കും സമ്മതമായിരുന്നില്ല. ഇപ്പോളും അല്ല. പക്ഷെ അവരുടെ ആശങ്കകളും വിഷമവും എനിക്ക് മനസ്സിലാക്കാൻ കഴിയും. അതിനെ ഞാൻ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ എനിക്ക് ശരിയെന്നു തോന്നുന്ന കാര്യം ചെയ്യുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ ഇതിനൊന്നും സാധിക്കില്ല- ജിലു വ്യക്തമാക്കി.

എഴുത്തുകാരി ഇന്ദു മേനോൻ അടക്കമുള്ളവർ കാമ്പയിനെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നിട്ടുണ്ട്. നേരത്തെ ഫേസ്‌ബുക്കിൽ ചിത്രം പോസ്റ്റു ചെയ്ത അമൃതയുടെ പ്രത്യേക അഭിമുഖവും മാതൃഭൂമി നൽകിയിട്ടുണ്ട്.

കടപ്പാട്: ഗൃഹലക്ഷ്മി