കൊല്ലം: ഒന്നാം പിണറായി സർക്കാറിനെ ഏറെ വിവാദത്തിലായിരുന്നത് പിൻവാതിൽ നിയമനങ്ങളായിരുന്നു. പിഎസ് സി എന്ന സംവിധാനത്തെ നോക്കുകുത്തിയാക്കി കൊണ്ടായിരുന്നു ഈ പിൻവാതിൽ നിയമനങ്ങൾ. ഇതിൽ യുവാക്കൾക്ക് വലിയ എതിർപ്പും ഉണ്ടായി. എന്നിട്ടും ഇഷ്ടക്കാരെ നിയമിക്കാനുള്ള ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ടു പോകുന്നില്ല. കഴിഞ്ഞ സർക്കാറിന്റെ കാലത്തെ പിൻവാതിൽ നിയമനങ്ങളുടെ മറ്റൊരു വിവരം കൂടി പുറത്തുവന്നു.

പിഎസ്‌സി വഴി സർക്കാർ ജോലിക്കായി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തവേ, പിണറായി സർക്കാരിന്റെ കാലത്തു കരാർ ദിവസക്കൂലി നിയമനം എന്ന പേരിൽ മത്സ്യഫെഡിൽ പിൻവാതിൽ നിയമനം നേടിയത് 350 ഓളം പേരാണെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നത്. രാഷ്ട്രീയം നോക്കി നടത്തിയ നിയമനം ആയിരുന്നു ഇതെന്നുമാണ് വാർത്ത. നിയമനം നേടിയവരിൽ ഏറെയും സിപിഎം അനുഭാവികളോ നേതാക്കളുടെ നോമിനികളോ വകുപ്പു നിയന്ത്രിച്ചവർ ശുപാർശ ചെയ്തവരോ ആണ്. പ്രമുഖ നേതാക്കളുടെ ബന്ധുക്കളെ വരെ നിയമിച്ചതായാണു വിവരം. കഴിഞ്ഞ സർക്കാർ അധികാരത്തിൽ വന്നശേഷം 2016 ഓഗസ്റ്റ് 15 മുതൽ കഴിഞ്ഞ ഓഗസ്റ്റ് 15 വരെ 31 തസ്തികകളിലായി 342 പേർ നിയമനം നേടിയെന്നു വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നതായി മലയാള മനോരമ റിപ്പോർട്ടു ചെയ്യുന്നു.

അതേസമയം അറുപത്തിരണ്ടായിരത്തിലേറെ രൂപ പ്രതിമാസ ശമ്പളമുള്ള ഡവലപ്‌മെന്റ് ഓഫിസർ മുതൽ 660 രൂപ ദിവസക്കൂലിയുള്ള ഫിഷ് കട്ടർ (മീൻ വെട്ടുകാർ) തസ്തികയിലേക്കു വരെ നിയമനം നടന്നവെന്നാണ് റിപ്പോർട്ട്. അഡ്‌മിനിസ്‌ട്രേറ്റർ, പ്രോജക്ട് ഓഫിസർ, ജൂനിയർ അസിസ്റ്റന്റ്, മാനേജ്‌മെന്റ് ട്രെയിനി, അക്കൗണ്ട്‌സ് ഓഫിസർ, ഇലക്ട്രിക്കൽ സൂപ്പർവൈസർ, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, സ്റ്റോർ കീപ്പർ, സ്റ്റോർ അസിസ്റ്റന്റ്, കമ്യൂണിറ്റി മോട്ടിവേറ്റർ, ഓപ്പറേറ്റർ, ഓവർസീയർ, ഡെലിവറി ബോയ്, സെയിൽസ്മാൻ, സെയിൽസ് അസിസ്റ്റന്റ്, അന്തിപ്പച്ച ജീവനക്കാർ, ലോക്കൽ അഡ്‌മിൻ, കോൾ സെന്റർ എക്‌സിക്യൂട്ടീവ്, ഡിടിപി ഓപ്പറേറ്റർ, ഡ്രൈവർ, സെക്യൂരിറ്റി, സ്വീപ്പർ തുടങ്ങിയ തസ്തികകളിലേക്കാണു കരാർ അടിസ്ഥാനത്തിലും ദിവസ വേതനാടിസ്ഥാനത്തിലും നിയമനം നടന്നത്.

ഏറ്റവും കൂടുതൽ നിയമനം നടത്തിയത് തിരുവനന്തപുരത്തെ നെറ്റ് ഫാക്ടറിയിലേക്കാണ്. ഇവിടെ വിവിധ തസ്തികകളിൽ ദിവസക്കൂലിക്കാരായി മാത്രം 47 പേരെ നിയമിച്ചു. കൊല്ലം ജില്ലാ ഓഫിസ്, കൊല്ലം ശക്തികുളങ്ങരയിലെ കോമൺ പ്രീ പ്രോസസിങ് സെന്റർ, തിരുവനന്തപുരം ഫ്രഷ് മീൻ സെന്റർ എന്നിവിടങ്ങളിലേക്ക് 32 പേരെ വീതവും നിയമിച്ചു. 7500, 10000, 18000, 22405, 24502, 25905 എന്നിങ്ങനെയാണു കരാർ നിയമനം നേടിയവർക്കുള്ള ശമ്പള നിരക്കുകൾ. ഈ സർക്കാരിന്റെ കാലത്തു മത്സ്യഫെഡിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്ന ശേഷവും 27 പേരെ ഓപ്പറേറ്റർമാരായി നിയമിച്ചു. ഇതിൽ കൂടുതൽ നിയമനം നടന്നതു കൊല്ലത്താണ്. മത്സ്യഫെഡിൽ നിലവിൽ ആകെയുള്ള 950 ഓളം ജീവനക്കാരിൽ 158 പേർ ഒഴിച്ചു ബാക്കിയെല്ലാം കരാർ ദിവസക്കൂലി ജീവനക്കാരാണ്.

പിഎസ്‌സി വഴി നിയമനം വൈകുന്നുവെന്ന പേരിലാണു പിൻവാതിൽ നിയമനം. എന്നാൽ മത്സ്യഫെഡ് ഉൾപ്പെടെയുള്ള അപ്പെക്‌സ് സൊസൈറ്റികളിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്ക് 2020 ഫെബ്രുവരിയിൽ 214 പേരടങ്ങുന്ന മെയിൻ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചെങ്കിലും മത്സ്യഫെഡിലേക്ക് ഒരാളെപ്പോലും നിയമിച്ചില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. അക്കൗണ്ട്‌സ് ഓഫിസർ തസ്തികയിലേക്കു കരാർ നിയമനത്തിന് ഇപ്പോൾ നീക്കം നടക്കുകയും ചെയ്യുന്നു.

അതേസമയം, മത്സ്യഫെഡിന്റെ മീൻ വിൽപനയുമായി ബന്ധപ്പെട്ടു ചില ജീവനക്കാർ നടത്തിയ സാമ്പത്തികത്തട്ടിപ്പ് സഹകരണവകുപ്പ് ഓഡിറ്റിൽ പോലും കണ്ടെത്താനായില്ലെന്നും മത്സ്യഫെഡ് ചെയർമാനും മറ്റ് അധികൃതരും സംശയത്തിന്റെ പേരിൽ നടത്തിയ അന്വേഷണമാണു തട്ടിപ്പ് പുറത്തുകൊണ്ടുവന്നതെന്നും ആണ് മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, ഭരണസമിതി അംഗം ജി.രാജാദാസ് എന്നിവരുടെ വിശദീകരണം. സഹകരണ വകുപ്പിനുണ്ടായ ഈ വീഴ്ച വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അവർ പറഞ്ഞു.