തൃശൂർ: ലോക്ഡൗൺ കാലം തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തുകാർക്ക് സമരകാലം കൂടിയായിരിക്കുന്നു. വീടുകളാണ് സമരാങ്കണമാക്കുന്നതെന്ന് മാത്രം. പഞ്ചായത്തിലെ സഖാക്കന്മാർ കോവിഡ് പ്രോ'ട്ടക്കോൾ തെറ്റിച്ചപ്പോൾ വനിതാ പൊലീസ് ഉദ്യോഗസ്ഥ അതുചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വനിതാ പൊലീസിനോട് മാത്രമല്ല എസ്‌ഐയോടും കുട്ടിസഖാക്കന്മാർ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർഭരണത്തിന്റെ അഹങ്കാരമാണ് സഖാക്കൾക്ക് എന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റുപറയാനാവുമോ എന്നാണ് തൃശൂർക്കാർ ചോദിക്കുന്നത്. ്. എസ് ഐ അടക്കമുള്ള പൊലീസുകാരോട് ഗുണ്ടായിസം കാണിച്ചും വെല്ലുവിളിച്ചും എൽ ഡി എഫ് മെമ്പർമാർ പൂണ്ടുവിളയാടുന്നതിന്റെ വീഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്്. കാക്കിക്കുള്ളിലെ കോൺഗ്രസുകാരിയുടെ ദുർഭരണത്തിന്റെ വീഡിയോ എന്ന് അധിക്ഷേപിച്ച് ക്യാപ്‌സൂൾ കൂടി ഇറക്കിയതോടെ തുടർഭരണത്തിന്റെ അഹന്തയാണ് ഇടത് പഞ്ചായത്ത് മെമ്പർമാർക്ക് എന്ന ആക്ഷേപം പ്രബലമാണ്. ഇടതുമെമ്പർമാർ പൊലീസിനെ ഭീഷണിപ്പെടുത്തുന്നതും ഗൂണ്ടായിസം കാട്ടുന്നതും വീഡിയോയിലൂടെ നാട്ടുകാർ മാത്രമല്ല, സോഷ്യൽ മീഡിയ വഴി മലയാളികളെല്ലാം കണ്ടു. ഇതിന് പുറമേ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മേൽ സമ്മർദ്ദം ചെലുത്തി കേസ് പിൻവലിപ്പിക്കാൻ ലോക്കൽ സെക്രട്ടി പരിശ്രമിക്കുന്നതിന്റെ ഫോൺ കോൾ ലീക്കായതോടെ സഖാക്കൾക്ക് കലിയായി. പൊലീസുകാരിക്കതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം വീടുകളിൽ സമരവും നടത്തി.

ഇതിന് ബദലായി നീതിക്കൊപ്പം എന്ന ഹാഷ് ടാഗുമായി യൂത്ത് കോൺഗ്രസ് തിങ്കളാഴ്ച നടത്തിയ നേരിനൊപ്പം പ്രതിഷേധ ജ്വാല എന്ന തിരിതെളിക്കൽ സമരം സംഘടിപ്പിച്ചു. സിപിഎം ഗൂണ്ടായിസവും, നിയമലംഘനവും പൊതുജനത്തിന് മുന്നിൽ തുറന്നുകാട്ടിയ വനിതാ പൊലീസുകാരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ് മറ്റത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരി തെളിയിച്ച് പ്രതിഷേധിച്ചത്.

വിവാദത്തിന് കാരണമായ സംഭവവും വീഡിയോയും

കുറച്ച് അഹങ്കാരാണാട്ടാ..കൂടുതൽ അഹങ്കരിക്കരുത്...എന്ന് എസ്ഐ പറയുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. ഇടതു മെമ്പർമാർ കൈചൂണ്ടി അടുക്കുന്നതും എസ്ഐയെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയർക്ക് സഞ്ചരിക്കാനുള്ള വാഹനത്തിൽ പോകുമ്പോൾ പൊലീസ് പരിശോധിച്ചതാണ് ഇടതുമെമ്പർമാരെ ചൊടിപ്പിച്ചത്. ഇവർ പൊലീസിന് നേരേ പ്രതിഷേധിച്ച് ബഹളം വക്കുകയായിരുന്നു. എ ഇ ഇല്ലാതെ അദ്ദേഹത്തിന്റെ ഉപയോഗത്തിന് പഞ്ചായത്ത് കരാർ എടുത്തിരിക്കുന്ന വാഹനത്തിൽ പോയത് എങ്ങോട്ട് എന്ന് എസ് ഐ പ്രസിഡന്റിനോട് വിളിച്ച് ചോദിച്ചതും ഈ മെമ്പർക്ക് ഇഷ്ടപ്പെട്ടില്ല. എസ് ഐയെ വെല്ലുവിളിച്ചാണ് ഈ മെമ്പർ അവിടെ നിന്ന് പോയത്. തുടർന്ന് എൽ ഡി എഫി ന്റെ യുവ മെമ്പർമാർ ഹെൽമറ്റ് വക്കാതെ ഓവർ സ്പീഡിൽ പൊലീസുകാരെ വെല്ലുവിളിക്കുന്ന രീതിയിൽ കോടാലി സെന്ററിലൂടെ പലവട്ടം അങ്ങോട്ടും ഇങ്ങോട്ടും കടന്നുപോയി.

ഈ പാച്ചിലിനിടെ, ഒരു മെമ്പറെ തടഞ്ഞ് നിർത്തി പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം, എൽ ഡി എഫ് അംഗങ്ങളും പ്രവർത്തകരും കൂട്ടം കൂടി പൊലീസുകാരുടെ അടുത്തേക്ക് വന്നു. മെമ്പറെ 'നീ' എന്ന് വിളിച്ചു എന്ന കാരണം പറഞ്ഞയിരുന്നു ബഹളം.

മെമ്പറാണെന്ന് അറിഞ്ഞിരുന്നില്ല എന്ന് പൊലീസ് മറുപടി പറഞ്ഞെങ്കിലും മനഃപൂർവ്വം മുൻ വൈരാഗ്യത്തോടെ പ്രശ്നങ്ങൾ വഷളാക്കുകയായിരുന്നു. മുമ്പ് മാസ്‌ക് ഇല്ലാത്തതിന്റെ പേരിൽ ഒരു തവണ സെക്ട്രൽ മജിസ്ട്രേറ്റും ഈ പൊലീസുകാരുടെ കൂടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസും ചേർന്ന് ഒരു മെമ്പറെ കൊണ്ട് ഫൈൻ അടപ്പിച്ചിരുന്നു. അതിന്റെ ദേഷ്യം കൂടി തീർക്കാനാണ് മനപ്പൂർവ്വം പ്രകോപനം ഉണ്ടാക്കാൻ നിജിൽ എന്ന ഇടതുപ്രവർത്തകൻ ശ്രമിച്ചത്.

കൂട്ടം കൂടിയതിന് കേസ് എടുക്കണം എന്ന് ജനങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് രംഗം പന്തിയല്ല എന്ന് കണ്ട് എൽഡിഎഫ് പ്രവർത്തകർ പിരിഞ്ഞ് പോയത്. നിജിൽ,അഭിലാഷ്, ഷാന്റോ, സുമേഷ് എന്നീ മെമ്പർമാരാണ് പൊലീസിനെതിരെ പ്രവർത്തകരെ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയത്. ഈ കോവിഡ് കാലത്ത് ജനങ്ങൾ വീട്ടിലിരിക്കുമ്പോൾ ആൾക്കൂട്ടം സൃഷ്ടിച്ചതിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെതിരെ ഇതുവരെ കേസെടുക്കാനും മുകളിൽ നിന്നുള്ള വിളികൾ കാരണം പൊലീസിന് കഴിഞ്ഞിട്ടില്ല.

വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇടതുമെമ്പർമാർക്കെതിരെ സിഐക്ക് പരാതി നൽകിയെങ്കിലും രാഷ്ട്രീയ സ്വാധീനത്തിന്റെ സമ്മർദ്ദത്തിൽ കേസെടുക്കാതിരിക്കാൻ സമ്മർദ്ദം ചെലുത്തി. ജോലി തടസപ്പെടുത്തിയതിലും ആൾക്കൂട്ടം സൃഷ്ടിച്ചതിനും കയ്യേറ്റത്തിന് ശ്രമിച്ചതിനും കേസെടുക്കേണ്ടപ്പോൾ എങ്ങനെയെങ്കിലും പ്രശ്നം ഒതുക്കി തീർക്കാനും ശ്രമം തുടരുകയാണ്. വനിതാ ഉദ്യോഗസ്ഥ റീമയുടെ മേൽ സമ്മർദ്ദം ചെലുത്തി കേസെടുപ്പിക്കാതിരിക്കാനും നീക്കം നടന്നിരുന്നു.