തിരുവനന്തപുരം:മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ 2016ൽ വെളിച്ചത്തുവന്ന തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ പെരുവഴിയിൽ. തട്ടിപ്പിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ 38 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള യാതൊരു നടപടിയും ഇപ്പോഴും ഉണ്ടാകുന്നില്ലെന്നുള്ളതാണ് വസ്തുത. പണം നഷ്ടപ്പെട്ടവർ സംഘടിച്ച് സമരപരിപാടികളും നിയമ പോരാട്ടങ്ങളും നടത്തുകയും തുടർന്ന് സഹകരണ വകുപ്പ് ഇടപെട്ട് കൺസോർഷ്യം രൂപവത്കരിക്കുകയും ചെയ്തെങ്കിലും ഇതൊന്നും നടപ്പിലായിട്ടില്ല.

ബാങ്ക് അധികൃതരുടെ അനാസ്ഥയും അനൈക്യവും കാരണം അത് നടപ്പാക്കാൻ കഴിയുന്നില്ലെന്ന് നിക്ഷേപ കൂട്ടായ്മ അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. 2020ൽ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അധികാരത്തിൽ വന്നപ്പോൾ ഒരു വർഷത്തിനകം നിക്ഷേപകർക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഈ ഭരണസമിതി അധികാരത്തിൽ വന്ന് രണ്ടര വർഷമായിട്ടും തഴക്കര ശാഖയിലെ നിക്ഷേപകർക്ക് ഒരു രൂപ പോലും കിട്ടിയിട്ടില്ലെന്ന് സമര സമിതി കൺവീനർ ബി. ജയകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

മാത്രമല്ല ഒരുവിധ പണമിടപാടും നടക്കാത്ത സ്ഥിതിയിലാണ് കൂടുതലും ശാഖകൾ പ്രവർത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. എന്നാൽ, ജീവനക്കാർ ഉയർന്ന ഗ്രേഡിലുള്ള ശമ്പളമാണ് വാങ്ങുന്നതെന്ന് ഇവർ ആരോപിക്കുന്നു. ബാങ്ക് ഭരണസമിതി യോഗങ്ങൾ യഥാസമയം കൂടാൻ കഴിയുന്നില്ല.

ഒരംഗം തുടക്കത്തിൽ തന്നെ രാജി വെച്ചിരുന്നു. ചില ഭരണസമിതി അംഗങ്ങൾ തുടർച്ചയായി പങ്കെടുക്കുന്നില്ലെന്ന് നിക്ഷേപകർ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. മറ്റൊരു അംഗം സഹകരണ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് മത്സരിച്ചത് എന്ന പരാതി നിലനിൽക്കുന്നുണ്ട്.

96 വർഷം പഴക്കമുള്ള ബാങ്കിന് മുൻ കാലങ്ങളിൽനിന്ന് വിഭിന്നമായി വൈസ് പ്രസിഡന്റ് എന്ന സ്ഥാനം കൂടി സൃഷ്ടിച്ചത് വാർഷിക പൊതുയോഗം അംഗീകരിക്കാതെയാണ് എന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. വൻ വായ്പ കുടിശ്ശിക വരുത്തിയ വ്യക്തികളിൽനിന്നും പണം ഈടാക്കാനുള്ള വ്യവസ്ഥാപിതമായ യാതൊരു നടപടികളും സ്വീകരിക്കാത്തത് രാഷ്ട്രീയ ഇടപെടലുകളും വ്യക്തി താൽപര്യങ്ങളും കൊണ്ടാണെന്ന് നിക്ഷേപകർ ആരോപിക്കുന്നു.

നിക്ഷേപകർ ഹൈക്കോടതിയിൽ കൊടുത്ത കേസിന്റെ ഫലമായി പ്രതികളായിട്ടുള്ളവരുടെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യണമെന്ന് കോട്ടയം സ്‌പെഷൽ വിജിലൻസ് കോടതി ക്രൈംബ്രാഞ്ചിന് നിർദ്ദേശം കൊടുത്തിരുന്നു. അതിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്ന റിപ്പോർട്ട് ജൂൺ ഏഴിന് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിനോടും എൻഫോഴ്സ്മെന്റ് വകുപ്പിനോടും മെയ്‌ 25ന് ഉത്തരവായിട്ടുണ്ട്. പ്രധാന പ്രതികളായ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അവർ ജാമ്യത്തിലാണ്.

ബാങ്കിൽ ക്രമക്കേട് നടന്ന കാലയളവിലെ കൺകറന്റ് ഓഡിറ്ററായിരുന്ന ശിവരാജൻ നായരെയും ബാങ്കിന് കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ സഹായം നൽകിയിരുന്ന ബി.കെ. പ്രസാദിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. പുനരുദ്ധാരണ പാക്കേജ് എന്ന പേരിൽ ജോയന്റ് രജിസ്ട്രാറുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനങ്ങൾ പോലും നടപ്പാക്കാതെ നിക്ഷേപകരെ വീണ്ടും വഞ്ചിക്കുകയാണ് എന്ന് കൂട്ടായ്മ പ്രതിനിധികളായ ബി.ജയകുമാർ പറഞ്ഞു.