കോതമംഗലം: ഈ മാസം 20, 21തീതികളിൽ ഇടമലയാറിൽ മാവോയിസ്റ്റ് അനുകൂല പ്രവർത്തകർ സംഘടിക്കുന്നു. ഇടമലയാർ വടാട്ടുപാറ മേഖലകളിൽ ഇത് സംബന്ധിച്ചുള്ള രഹസ്യപ്രചാരണവും ആസൂത്രിതനീക്കവും ശക്തമാണ്. ഇതിന്റെ പ്രചാരണത്തിനായി വിതരണം ചെയ്യപ്പെട്ട ലഘുലേഖകളുടെ പകർപ്പും ലഭിച്ചിട്ടുണ്ട്.

ഭരണകൂടത്തിന്റെ സൈനികവൽക്കരണത്തെ ചെറുക്കുക എന്ന തലവാചകത്തോടെയാണ് ലഘുലേഖ ആരംഭിക്കുന്നത്. വലിയതോതിൽ ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ട് ലക്ഷക്കണക്കിനേക്കർ ഭൂമിയും നമ്മുടെ പൊതുസ്വത്തായ പ്രകൃതിവിഭവങ്ങളും നിസ്സാരവിലക്ക് സ്വദേശ-വിദേശ കോർപ്പറേറ്റുകൾക്ക് കൈമാറുകയാണ്. ഇത്തരം കൊള്ളകൾ നടപ്പിലാക്കാൻ ഭരണകൂടത്തിന്റെ സൈനികശക്തി ജനങ്ങൾക്കുനേരെ നിർലോഭം ഉപയോഗിക്കുന്നു.... ജനകീയ സമരങ്ങളെ തോക്കും ലാത്തിയും ഭീകരനിയമങ്ങളും ഉപയോഗിച്ച് നേരിടുന്ന ഭരണകൂടഹിംസ ഒരു പതിവായി. നന്ദിഗ്രാമും കൂടംകുളവും നർമദയും പ്ലാച്ചിമടയുമെല്ലാം മുറിവേറ്റ ജനതകളുടെ നിലവിളിയായി.... ലഘുലേഖയിൽ പറയുന്നു.

ആധാർ, സി സി ടി എൻ എസ്, നാറ്റിഗ്രിഡ്, സി എം എസ് തുടങ്ങിയവ കോടിക്കണക്കിന് രൂപ ചിലവഴിച്ചുകൊണ്ടുള്ള നിരീക്ഷണ പദ്ധതികളാണെന്നും ജനക്ഷേമ പ്രവർത്തനങ്ങളിൽ പിന്മാറിയ ഭരണകൂടം സൈനികചെലവുകൾ കുത്തനെ കൂട്ടിയിരിക്കുകയാണെന്നും തണ്ടർബോൾട്ട് സേനകൾക്ക് മുമ്പിൽ സി സി ടിവി ക്യാമറകൾക്കരികെ ആദിവാസികൾ പട്ടിണികിടന്നു മരിക്കുകയാണെന്നും ലഘുലേഖയിൽ ചൂണ്ടിക്കാട്ടുന്നു .വിദ്യാഭ്യാസം മൂലധനശക്തികളുടെ വിൽപ്പനചരക്കായെന്നും കലാലയങ്ങളെ പൊലീസ് നേരിട്ട് നിയന്ത്രിക്കുന്ന അവസ്ഥ രൂപപ്പെട്ടിരിക്കുകയാണെന്നും അനീതികളെ പ്രതിരോധിക്കുന്നവരെ മാവോയിസ്റ്റ് എന്നോ ഭീകരവാദിയെന്നോ വിളിച്ച് കൊന്നുകളയുകയാണെന്നും ഇത്തരത്തിൽപ്പെട്ട 36000 ത്തോളം ആദിവാസികളെ ഇന്ത്യൻ ഭരണകൂടം തടവറയിലാക്കിയിരിക്കുകയാണെന്നും എ -4 ഷീറ്റിൽ പ്രിന്റ് ചെയ്തിട്ടുള്ള കുറിപ്പിൽ ആരോപിക്കുന്നു.

ദളിത് വിദ്യാർത്ഥി രോഹിത് വെമൂലയുടെ കൊലപാതകവും എം എം കൽബർഗ്ഗിയുടെ വധവുമുൾപ്പെടെയുള്ള വിഷയങ്ങൾ സ്വതന്ത്രചിന്തയെയും സ്വൈര്യ ജീവിതത്തെയും സവർണ്ണ ഫാസിസം അക്രമാസക്തമായി നേരിടുന്നു എന്നതിന്റെ തെളിവാണെന്നും ഈ ദുരിത കാലത്ത് ഭരണകൂട സൈനീകവൽക്കരണത്തെ പോരാടി തോൽപ്പിച്ചില്ലങ്കിൽ വീണ്ടും സവർണ്ണ ഫാസിസ്റ്റുകളുടെ നേതൃത്വത്തിൽ അധികാരം കേന്ദ്രീകരിക്കപ്പെടുമെന്നും ഇതിനെതിരെ പ്രചാരണ-പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.

തൃശൂർ ആസ്ഥാനമായി രൂപീകരിക്കപ്പെട്ടിട്ടുള്ള സ്റ്റേറ്റ് ലിബറേഷൻ ഫ്രണ്ടിന്റെ.(എസ് എൽ എഫ് )മുതിർന്ന ഭാരവാഹികളായ കെ കെ മണി, അജിതൻ സിഎ തുടങ്ങിയവരുടെ പേരിലാണ് ലഘുലേഖ അടിച്ചിറക്കിയിട്ടുള്ളത്. നിരോധിക്കപ്പെട്ട പോരാട്ടം, അയ്യങ്കാളിപ്പട തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചിരുന്നവരും സമാന ചിന്താഗതിക്കാരായ ഏതാനും ചിലരും ചേർന്നാണ് ഈ സംഘടനക്ക് രൂപം നൽകിയിട്ടുള്ളതെന്നാണ് പുറത്തായ വിവരം. കുട്ടംപുഴ പഞ്ചായത്തിലെ ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിലൂടെ സംഘടന ശക്തിപ്പെടുത്തുന്നതിനായിട്ടാണ് ഇടമലയാറിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചിട്ടുള്ളതെന്നാണ് സൂചന.

ഇത് സംബന്ധിച്ച് പൊലീസ് നടത്തിയ വ്യാപക തിരച്ചലിൽ ലഘുലേഖ കണ്ടെടുക്കാനായിട്ടില്ല. ഇടമലയാറിലെ യോഗത്തിൽ പത്തോ പതിനഞ്ചോപേർ മാത്രമേ പങ്കെടുക്കാൻ സാധ്യതയുള്ളു എന്നാണ് പൊലീസ് അനുമാനം. യോഗകേന്ദ്രത്തെക്കുറിച്ചും സംഘാടകരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് പൊലീസ്.