ബ്രെക്‌സിറ്റ് ബ്രിട്ടന് ഗുണമാണോ ദോഷമാണോ ഉണ്ടാക്കുകയെന്ന പൊരിഞ്ഞ ചർച്ചകൾ നടന്ന് വരുകയാണ്. എന്നാൽ ബ്രെക്‌സിറ്റ് ബ്രിട്ടനെ എത്തിക്കുന്നത് യഥാർത്ഥ സ്‌നേഹിതരുടെ സങ്കേതത്തിലേക്കെന്ന് ഏറ്റവും പുതിയ റിപ്പോട്ട് അഭിപ്രായപ്പെടുന്നു. ഇതിലൂടെ ബ്രിട്ടന് തങ്ങളുടെ പഴയ കോളനികളുടെ കൂട്ടായ്മയായ കോമൺവെൽത്തുമായുള്ള ബന്ധം ദൃഢമാക്കാൻ സാധിക്കുമെന്നാണ്  മോദിയും തെരേസ മേയും ചേർന്നുള്ള ചിത്രത്തോടെ ബ്രിട്ടീഷ് മാധ്യമങ്ങൾ എഴുതിയിരിക്കുന്നത്. ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടനെ കുറിച്ചാണ് മാധ്യമങ്ങൾ ഇതിലൂടെ വരച്ച് കാട്ടുന്നത്.

ഇന്ത്യ അടക്കമുള്ള കോമൺവെൽത്തിലെ രാജ്യങ്ങളുമായും അവിടുത്തെ നേതാക്കന്മാരുമായും ബന്ധമുണ്ടെങ്കിലും ബ്രിട്ടന്റെ നേതൃത്വം കഴിഞ്ഞ നാല് ദശാബ്ദങ്ങളായി കോമൺവെൽത്തിനെ തീർത്തും അവഗണിക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങൾ ആരോപിക്കുന്നത്. മുൻ പ്രധാനമന്ത്രിമാരിൽ എഡ്വാർഡ് ഹീത്തിന് ശേഷമുള്ളവർക്ക് കോമൺവെൽത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവുമായ മൂല്യങ്ങളെ കുറിച്ച് തികഞ്ഞ അന്ധതയായിരുന്നുവെന്നും ബ്രിട്ടീഷ് മാധ്യമങ്ങൾ ആരോപിക്കുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ അംഗമായത് മുതലാണ് കോമൺ വെൽത്തിനോടുള്ള അവഗണനയും ആരംഭിച്ചത്.

അതിനാൽ ബ്രെക്‌സിറ്റിന് ശേഷം കോമൺവെൽത്തുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കണമെന്നും നിർദ്ദേശമുണ്ട്. കോമൺവെൽത്തിന് പകരം കടുത്ത നിയമങ്ങളാൽ ബ്രിട്ടനെ അടക്കി ഭരിക്കുന്നതും ജർമനിയുടെ അധീശത്വവുമുള്ള യൂറോപ്യൻ യൂണിയനോട് ബ്രിട്ടൻ കൂടുതൽ ചായ് വ് പ്രകടമാക്കിയത് രാജ്യത്തിന് നാളിതുവരെ ഗുണകരമായിരുന്നില്ലെന്നും ബ്രിട്ടീഷ് മാധ്യമങ്ങൾ ആരോപിക്കുന്നു. ഇക്കാരണങ്ങളാൽ കോമൺവെൽത്തിന്റെ നേതൃത്വം വഹിക്കുന്ന ബ്രിട്ടീഷ് രാജ്ഞി ഈ കൂട്ടായ്മയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങണമെന്നും നിർദ്ദേശമുണ്ട്. ഇതിലൂടെ രാജ്ഞി കൈവരിക്കാൻ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളിലേക്ക് എളുപ്പത്തിൽ എത്തുകയും ചെയ്യാമെന്ന് മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നു.

കോമൺവെൽത്തിലുൾപ്പെടുന്ന രാജ്യങ്ങളിലെ എല്ലാ നേതാക്കന്മാരെയും അവരുടെ കുടുംബക്കാരെയും രാജ്ഞിക്ക് വ്യക്തിപരമായി അറിയാമെന്നത് ഇക്കാര്യത്തിൽ ഗുണം ചെയ്യുന്നതാണ്. ഇതിൽ മിക്ക നേതാക്കന്മാരുടെയും മാതാപിതാക്കളെയും ഗ്രാന്റ് പാരന്റ്‌സിനെയും ഗ്രേറ്റ് ഗ്രാന്റ് പാരന്റ്‌സിനെയും വരെ രാജ്ഞിക്ക് അറിയുകയും ചെയ്യാം. ഈ രാജ്യങ്ങളോടും അവിടുത്തെ ജനതയോടും രാജ്ഞി പുലർത്തുന്ന തീവ്രമായ അടുപ്പം ഇവയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഉപകരിക്കുകയും അത് ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന് ഗുണം ചെയ്യുകയും ചെയ്യും.

നിലവിൽ ബ്രിട്ടന്റെ കോമൺവെൽത്ത് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വളരെ കുറച്ച് ഒഫീഷ്യലുകളെ മാത്രമേ നിയോഗിച്ചിട്ടുള്ളൂ. കൂടുതൽ പേർ യൂറോപ്യൻ യൂണിയൻ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടതിനാലാണിത്. എന്നാൽ ബ്രെക്‌സിറ്റിന് ശേഷം ഇനിയും കൂടുതൽ പേരെ കോമൺവെൽത്ത് കാര്യങ്ങൾക്ക് നിയോഗിക്കാൻ ബ്രിട്ടന് സാധിക്കുമെന്നും അതിലൂടെ ഈ കൂട്ടായ്മയുമായുള്ള ബന്ധം ഇനിയും മെച്ചപ്പെടുത്തി നേട്ടമുണ്ടാക്കാൻ സാധിക്കും.ഇന്ത്യയടക്കമുള്ള നിരവധി കോമൺവെൽത്ത് രാജ്യങ്ങൾക്ക് യൂറോപ്യൻ യൂണിയൻ നൽകുന്നതിനേക്കാൾ ഗുണം ബ്രിട്ടന് നൽകാൻ സാധിക്കുമെന്നും ബ്രിട്ടീഷ് മാധ്യമങ്ങൾ നിർദ്ദേശിക്കുന്നു.