കണ്ണൂർ: കൈവരിയില്ലാത്ത കനാലിലേക്കു സ്‌കൂട്ടർ വീണു മരിച്ച യാത്രക്കാരനെതിരെ കോടതിയിൽ മയ്യിൽ പൊലീസ് കുറ്റപത്രം നൽകിയത് വിവാദത്തിൽ. അധികാരികളുടെ പിഴയാണ് ജീവനെടുത്തത്. എന്നാലും പിഴ മരിച്ച ആൾ കൊടുക്കണം. 'അശ്രദ്ധമായും ജാഗ്രതയില്ലാതെയും വാഹനം ഓടിച്ച് അപകടം സംഭവിച്ച് മരിക്കാൻ ഇടയായതിനാൽ ഇന്ത്യൻ ശിക്ഷാ നിയമം 279 വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ചെയ്തിരിക്കുന്നു' എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

കോടതിയിൽ നേരിട്ടോ വക്കീൽ മുഖേനയോ ഹാജരായി പിഴ അടയ്ക്കണമെന്നു കാണിച്ച് പരേതന്റെ പേരിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ നിന്ന് അയച്ച കത്താണ് വിവാദത്തിന് കാരണം. മാർച്ച് എട്ടിനാണ് കാവുംചാൽ കനാൽ റോഡിൽ അപകടത്തിൽ ചെങ്ങിനി ഒതയോത്ത് സി.ഒ.ഭാസ്‌കരൻ (54) മരിച്ചത്. മരിച്ച ആൾക്കെതിരെ കുറ്റപത്രത്തിൽ ആറു മാസം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണു ചുമത്തിയിരിക്കുന്നത്.

കൊളച്ചേരി പഞ്ചായത്തിലെ കാവുംചാലിൽ കട നടത്തുകയായിരുന്ന ഭാസ്‌കരൻ കമ്പിൽ ടൗണിൽ നിന്നു സാധനങ്ങൾ വാങ്ങി കടയിലേക്കു തിരികെ വരുന്നതിനിടെയായിരുന്നു അപകടം. പള്ളിപ്പറമ്പ് മുക്ക് ഭാഗത്ത് പഴശ്ശി കനാലിനു കുറുകെയുള്ള പാലത്തിൽ നിന്നു കനാലിലേക്കു വീഴുകയായിരുന്നു. അപകടകരമായി വാഹനം ഓടിച്ചുവെന്ന കുറ്റം ചുമത്തിയതോടെ അമ്മയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന് അർഹതപ്പെട്ട ഇൻഷുറൻസ് തുക പോലും ലഭിക്കാത്ത സ്ഥിതിയാണ്.

അപകടത്തിൽ ആളുകൾ മരിച്ചു കഴിഞ്ഞാൽ കുറ്റപത്രം സമർപ്പിക്കുന്ന അതേ രീതിയിൽ തന്നെയാണു പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് കേസ് അന്വേഷണം അവസാനിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പൊലീസിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മയ്യിൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.പി.സുമേഷ് പറയുന്നത്. എന്നാൽ കേട്ടുകേൾവി ഇല്ലാത്തതാണ് ഈ കേസ്. ഇൻഷുറൻസ് കമ്പനിക്ക് വേണ്ടിയാണോ ഇത്തരത്തിൽ കുറ്റപത്രം നൽകിയതെന്ന സംശയവും ഉയരുന്നുണ്ട്.

റോഡ് നിർമ്മാണത്തിലെ അപാകത മൂലമാണ് മരണം സംഭവിച്ചതെന്ന പ്രദേശവാസികളുടെ ആരോപണം നിലനിൽക്കുമ്പോഴാണ് മയ്യിൽ പൊലീസ് അന്വേഷണം പൂർത്തീകരിച്ച് അപകടത്തിൽ മരിച്ചയാളെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിച്ചത്.ഇക്കഴിഞ്ഞ മാർച്ച് 9ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. മണിക്കൂറുകൾ കഴിഞ്ഞാണ് അതുവഴി പോകുന്ന സ്‌കൂൾ കുട്ടികൾ ഇദ്ദേഹത്തെ കണ്ടെത്തിയത്. അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

ഇടുപ്പെല്ലിനും കഴുത്തിനുമേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ഭാസ്‌കരന്റെ അപകടമരണത്തെ തുടർന്ന് ജനരോഷം ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെടുകയും പൊതുമരാമത്ത് വകുപ്പ് അധികൃതർ അപകടം നടന്ന സ്ഥലത്ത് അതിവേഗം കൈവരി നിർമ്മിക്കുകയുമായിരുന്നു. പ്രാഥമിക അന്വേഷണറിപ്പോർട്ടിൽ അസ്വാഭാവിക മരണമെന്ന് എഴുതി ചേർത്ത പൊലീസ് തന്നെയാണ് അന്വേഷണത്തിനൊടുവിൽ തകിടം മറിഞ്ഞത്. ഇതുകാരണം അർഹതപ്പെട്ട ഇൻഷൂറൻസ് തുക പോലുംകിട്ടാത്ത സാഹചര്യമാണ് ഭാസ്‌കരന്റെ കുടുംബത്തിന്.

പൊലിസിന്റെ നീക്കത്തെ നിയമപരമായി നേരിടുമെന്ന് ഭാസ്‌കരന്റെ ഭാര്യ കെ.കെ ശൈലജ അറിയിച്ചു. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് ഇവർ പരാതി നൽകിയിട്ടുണ്ട്.ശരിയായ അന്വേഷണം നടത്താതെ എങ്ങനെയെങ്കിലും കേസ് അന്വേഷണം അവസാനിപ്പിക്കുന്ന രീതിയാണ് പൊലീസ് സ്വീകരിച്ചത്. കുറ്റകരമായ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പൊലിസ് കംപ്ലയിന്റ് അഥോറിറ്റിക്ക് പരാതി നൽകും. കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ തലതിരിഞ്ഞ നടപടിക്കെതിരെ മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്കും പരാതി നൽകാനാണ് തീരുമാനം.

റോഡിന് കൈവരി നിർമ്മിക്കണമെന്നത് പ്രദേശവാസികളുടെ നിരന്തര ആവശ്യങ്ങളിലൊന്നായിരുന്നു. എന്നാൽ ഇതുപരിഗണിക്കാൻ പൊതുമരാമത്ത് അധികൃതർ തയ്യാറായില്ല. ഇറിഗേഷൻ വകുപ്പ് അധികൃതർക്കും നിവേദനം നൽകിയിരുന്നുവെങ്കിലും ഇതും തള്ളിക്കളയുകയായിരുന്നു. കുദ്രോളി കൺസ്ട്രക്ഷൻ കമ്ബിനിയാണ് റോഡിന്റെ പുനർനിർമ്മാണം നടത്തിയിരുന്നത്. എന്നാൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇവരെയൊന്നും ചോദ്യം ചെയ്യാതെ മയ്യിൽ പൊലിസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.