തിരുവനന്തപുരം: മീ ടൂ പ്രസ്ഥാനം വേരോടിയശേഷം കേരളത്തിൽ സ്ത്രീ പീഡനം കുറഞ്ഞിട്ടുണ്ടോ? കണക്കുകൾ കൊണ്ട് അങ്ങിനെയുള്ള ഒരു ഒരു വിലയിരുത്തലിന് സമയം ആയിട്ടില്ലെന്ന് വനിതാ കമ്മീഷൻ. പക്ഷേ മീ ടൂ കേരളത്തിലെ സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ധൈര്യവും നൽകിയിട്ടുണ്ട്. മീ ടൂ കാരണം പുരുഷന്മാർക്ക് സ്ത്രീകളോടുള്ള മനോഭാവം മാറിയിട്ടുണ്ട്.- വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. മീ ടൂ വിനു ശേഷം കേരളത്തിൽ സ്ത്രീ പീഡനം കുറഞ്ഞിട്ടുണ്ടോ എന്ന വിഷയത്തിൽ മറുനാടൻ മലയാളിയോട് പ്രതികരിക്കയായിരുന്നു അവർ.

മീ ടൂ കേരളത്തിലെ സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ധൈര്യവും നൽകിയിട്ടുണ്ട്. മീ ടൂ കാരണം പുരുഷന്മാർക്ക് സ്ത്രീകളോടുള്ള മനോഭാവം മാറിയിട്ടുണ്ട്. പെരുമാറ്റങ്ങളിൽ മാറ്റം വരുത്താൻ പുരുഷന്മാർ നിർബന്ധിതരായി മാറിയ ഒരുവസ്ഥ വന്നിട്ടുണ്ട്. പക്ഷെ മീ ടൂ കാരണം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം കുറഞ്ഞു എന്ന് പറഞ്ഞിട്ടില്ല. അങ്ങിനെയുള്ള ഒരു കണക്കെടുപ്പിനു സമയം ആയിട്ടില്ല. കേരളത്തിൽ ഇപ്പോൾ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം കുറഞ്ഞതായി സൂചനയില്ല. പക്ഷെ മറ്റു സംസ്ഥാനങ്ങൾ അപേക്ഷിച്ച് കേരളത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ താരതമ്യേന കുറവാണ്. മീ ടൂ വന്നിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. മീ ടൂ അവലംബമായി ഒരു സർവേയൊന്നും കേരളത്തിൽ നടത്തിയിട്ടില്ല.

അതുകൊണ്ട് തന്നെ മീ ടൂ കാരണം കേരളത്തിൽ സ്ത്രീ പീഡനങ്ങൾ കുറഞ്ഞു എന്ന് പറയാൻ കഴിഞ്ഞിട്ടില്ല. പക്ഷെ കേരളത്തിലെ പ്രത്യേകത സ്ത്രീ പീഡനങ്ങൾ പെട്ടെന്ന് പുറത്തേക്ക് വരും. അത് പെട്ടെന്ന് വാർത്തകളിൽ സ്ഥാനം പിടിക്കും. പക്ഷെ മീ ടൂ സ്വാഗതാർഹമായ കാര്യമാണ്. മീ ടൂ സ്വാഗതാർഹമായ കാര്യമാണെന്ന് മുൻപ് തന്നെ വനിതാ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. മീ ടൂ വുമായി വരുന്ന സ്ത്രീകളെ വനിതാ കമ്മീഷൻ പിന്തുണയ്ക്കും-ജോസഫൈൻ പറയുന്നു.

കേരളത്തിലെ തൊഴിലിട പീഡനങ്ങൾ ഏറി വരുന്നതായി വനിതാ കമ്മീഷൻ വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മീ ടൂ കാരണം പീഡനങ്ങൾ കുറയുന്നോ എന്ന ചോദ്യം മറുനാടൻ ഉന്നയിച്ചത്. വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ചാണ് തൊഴിലിട പീഡനങ്ങൾ ഏറെയെന്നും ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും വനിതാ കമ്മീഷൻ മുൻപ് വ്യക്തമാക്കിയിരുന്നു.  കേരളത്തിലെ സ്വാശ്രയ, സി ബി എസ് സി, എയ്ഡഡ്, വിദ്യാഭ്യാസ മേഖലകളിൽ അദ്ധ്യാപികമാർക്കെതിരെ പീഡനം വർദ്ധിച്ച് വരുന്നതായി കമ്മീഷന് പരാതികൾ ലഭിച്ചിരുന്നു. ഇതിലൊക്കെ നടപടികൾ ഉണ്ടാകും എന്ന് തന്നെയാണ് വനിതാ കമ്മീഷൻ വ്യക്തമാക്കുന്നത്.