ഹോളിവുഡ് ആക്ഷൻ സിനിമയെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. പക്ഷേ, ഇത് സിനിമയല്ല, ജീവിതമാണ്. പാഞ്ഞുവന്ന കാറിന് മുന്നിൽനിന്ന് തന്റെ രണ്ടുമക്കളെ ഞൊടിയിടകൊണ്ട് രക്ഷിച്ച ധീരനായ മനുഷ്യന്റെ ജീവിതദൃശ്യം. ബൈക്ക് മെക്കാനിക്കായ അയാൾ, തന്റെ സാഹസികമായ പ്രവർത്തിയിലൂടെ മക്കളെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

പിന്നിലേക്ക് അതിവേഗത്തിൽ ഉരുണ്ടുവന്ന കാറിൽനിന്നാണ് ഇയാൾ മക്കളെ രക്ഷിച്ചത്. സാഹസിക പ്രവർത്തിയിലൂടെ മക്കളുടെ ജീവൻ രക്ഷിച്ച ബൈക്ക് മെകക്കാനിക്കിന്റെ വീഡിയോ വൈറലായതോടെ, പതിനായിരക്കണക്കിനാളുകൾ സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങളുമായെത്തി.

ബൈക്ക് നന്നാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇയാൾ അപകടം മണത്തറിഞ്ഞത്. അടുത്ത് കളിച്ചുകൊണ്ടിരുന്ന മക്കളുടെ നേർക്ക് കാർ വരുന്നത്കണ്ട മെക്കാനിക്ക്, അവരെ അപകടത്തിൽനിന്ന് കരകയറ്റാൻ ഒരുനിമിഷം പോലും വൈകിയില്ല. തായ്‌വാനീസ് ഫേസ്‌ബുക്ക് കൂട്ടായ്മയായ ഗോസിക്ക് വില്ലേജ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം എട്ടരലക്ഷത്തോളം പേരാണ് കണ്ടത്.

കളിച്ചുകൊണ്ടിരുന്ന മക്കൾ നടപ്പാത മുറിച്ചുകടക്കുന്നതിനിടെയാണ് കാർ നേർക്കുവന്നത്. മക്കളുടെ നേർക്ക് നോക്കിയ മെക്കാനിക്ക് ഒരുനിമിഷം പോലും വൈകാതെ ഇരുന്നിടത്തു നിന്നുതന്നെ ചാടി അവരെ കാറിന് മുന്നിൽനിന്ന് മാറ്റുകയായിരുന്നു. ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് കുട്ടികൾ രക്ഷപ്പട്ടത്. ഇത് ഇൻഡോനേഷ്യയിൽ ഷൂട്ട് ചെയ്ത ഫിലിമാണെന്നും യാഥാർഥ്യമല്ലെന്നുമുള്ള വാദവും ഫേസ്‌ബുക്കിൽ ശക്തമാണ്.