ബഡ്വാനി: പ്രധാനമന്ത്രി നരേന്ദ്ര മോദി, സർദാർ സരോവർ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾ പിന്നിട്ടപ്പോൾ, നർമദ ബചാവോ ആന്ദോളൻ നേതാവ് മേധാ പട്കർ ജലസത്യാഗ്രഹം ഉപേക്ഷിച്ചു.പദ്ധതിയുടെ പ്രത്യാഘാതങ്ങളേറ്റുവാങ്ങുന്ന സ്ത്രീകൾക്കൊപ്പമാണ് മേധ ജലസത്യാഗ്രഹം തുടങ്ങിയത്. മധ്യപ്രദേശിലെ ചോട്ടാ ബർദാ ഗ്രാമത്തിൽ നർമദ നദിയിലാണ് മേധയും കൂട്ടരും ജലസത്യാഗ്രഹം നടത്തിയത്. സത്യാഗ്രഹം തുടരുമെന്നും വെള്ളം ഉയരുമ്പോൾ തങ്ങൾ ജലസമാധിയടയുമെന്നുമായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ തൽക്കാലം ജലസത്യാഗ്രഹം അവസാനിപ്പിക്കുകയാണെന്നും, മറ്റുരൂപത്തിൽ പ്രക്ഷോഭം തുടരുമെന്നും മേധ പട്കർ പ്രഖ്യാപിച്ചു.അണക്കെട്ടിന്റെ ഉദ്ഘാടനം ഒരുഗൂഢാലോചനയാണെന്നും പദ്ധതി ബാധിക്കുന്ന ആയിരങ്ങളെ ഇനിയും പുനരധിവസിപ്പിച്ചിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.വികസനമാണ് വിനാശമല്ല വേണ്ടതെന്നും, ഗുജറാത്ത് മധ്യപ്രദേശ് സർക്കാരുകൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മേധ പട്കർ ആരോപിച്ചു.