തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകരാണ് കേരളത്തിലെ ഏറ്റവും വലിയ ഗുണ്ടകളാണെന്ന് സൂചിപ്പിക്കുന്ന മറ്റൊരു മാദ്ധ്യമ ഭീകരതയുടെ കഥ കൂടി പുറത്ത്. മറുനാടൻ മലയാളിയുടെ നിരന്തരമായ വാർത്തകളും ഇടപെടലും മൂലം തലസ്ഥാനത്തെ പ്രസ്സ് ക്ലബിൽ പ്രവർത്തിച്ചിരുന്ന അനധികൃത ബാർ അടച്ചു പൂട്ടിയതിന്റെ വൈരാഗ്യം തീർക്കാൻ മറുനാടൻ എഡിറ്ററുടെ ഭാര്യയെക്കുറിച്ച് വ്യാജ വാർത്ത പുറത്ത് വിട്ടാണ് മാദ്ധ്യമഭീകരതയുടെ ഏറ്റവും പുതിയ അടയാളം ഇവർ വെളിപ്പെടുത്തിയത്. മറുനാടൻ എഡിറ്റർ തട്ടിപ്പുകാരും ബ്ലാക്ക്‌മെയിലുകാരനുമാണ് എന്നു വരുത്തി തീർക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിക്കാതെ വന്നപ്പോഴാണ് എഡിറ്ററുടെ ഭാര്യക്കെതിരെ തിരിഞ്ഞത്. പ്രസ്സ് ക്ലബ് ബാർ വിഷയത്തിൽ ഇടഞ്ഞു നിന്ന തലസ്ഥാനത്തെ പത്രക്കാരുടെ ശ്രമഫലമായി ഏഷ്യനെറ്റ്, മാതൃഭൂമി എന്നീ ചാനലുകളും ചില പത്രങ്ങളും ബോബി അഴിമതി നടത്തി എന്നു തോന്നിപ്പിക്കുന്ന തരത്തിൽ വാർത്ത സംപ്രേഷണം ചെയ്തിരിക്കുകയാണ്.

13 വർഷം മുൻപ് കേരളത്തിന് അഭിമാനം, ഇന്ത്യയ്ക്ക് പ്രതീക്ഷ എന്നു പറഞ്ഞു കേരളത്തിലെ പത്രങ്ങൾ കൊടുത്ത വാർത്തയാണ് അകാരണമായി ഇപ്പോൾ അഴിമതിയായി ചിത്രീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കായിക വികസന ഫണ്ടിൽ നിന്നും സഹായം കൈപ്പറ്റി ബോബി വിദേശത്ത് പരിശീലനത്തിന് പോയപ്പോൾ 2000 മുതൽ പത്രങ്ങൾ വാർത്ത നൽകിയിരുന്നു. 2003 ൽ കേന്ദ്ര സർക്കാർ ഫണ്ടോടെ ബോബി  ഇംഗ്ലണ്ടിൽ പരിശീലനം നടത്താൻ പോയ സമയത്ത് പരിശീലനത്തിനൊപ്പം ഉന്നതബിരുദം കൂടി നേടാൻ ബോബിക്ക് കേരള സ്പോർട്സ് കൗൺസിൽ ഫണ്ട് അനുവദിച്ചിരുന്നു. ഇത് അനുവദിച്ച വാർത്ത അന്ന് കേരളത്തിലെ എല്ലാ പത്രങ്ങളിലും വാർത്ത ആയിരുന്നു. 13 വർഷങ്ങൾക്ക് ശേഷം മറുനാടനോടുള്ള വൈരാഗ്യം തീർക്കാനായി അന്ന് സ്‌കോളർഷിപ്പ് എന്ന് പറഞ്ഞതൊക്കെ ഇന്ന് അഴിമതിയായി ചത്രീകരിക്കുകയാണ് എന്ന് മാത്രം.

ചാനലുകൾ സംപ്രേഷണം ചെയ്ത വാർത്തയിൽ പറയുന്നത് കേന്ദ്ര സർക്കാറിൽ നിന്നും ഫണ്ട് കൈപ്പറ്റിയ വിവരം രഹസ്യമാക്കി വച്ച് ബോബി സംസ്ഥാന സർക്കാരിൽ നിന്നും മറ്റൊരു ഫണ്ട് കൂടി കരസ്ഥമാക്കിയെന്നാണ്. എന്നാൽ ബോബിയും കേരള സ്പോർട്സ് കൗൺസിലും തമ്മിലുണ്ടാക്കിയ ചാനലുകൾ സംപ്രേഷണം ചെയ്ത കരാറിന്റെ രണ്ടാം പാരഗ്രാഫിൽ വ്യക്തമായി തന്നെ പറയുന്നുണ്ട് കേന്ദ്ര സർക്കാർ സഹായത്തോടെ പരിശീലിക്കാൻ പോയപ്പോഴാണ് പഠനത്തിനുള്ള ട്യൂഷൻ ഫീസ് ആവശ്യപ്പെട്ടത് എന്ന്. ഒളിമ്പിക്‌സ് പരിശീലനത്തിനൊപ്പം ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയിൽ ഉന്നത പഠനം നടത്താൻ ആണ് ബോബിക്ക് 15 ലക്ഷം രൂപ അനുവദിച്ചത് എന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ട്. 15 ന് പകരം 18 ലക്ഷം അടച്ചാണ് ബോബി പഠിച്ചത്. പഠനശേഷം കേളേജിൽ നിന്നുള്ള ബില്ലുകൾ സഹിതം സ്പോർട്സ് കൗൺസിലിൽ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ഇതൊക്കെ മറച്ചു വച്ച് അഴിമതിക്കാരിയാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇപ്പോൾ വാർത്ത സൃഷ്ടിക്കപ്പെട്ടത്.

സ്പോർട്സ് കൗൺസിൽ ഫണ്ട് നൽകിയപ്പോൾ ബോബി പകരം പറഞ്ഞിരുന്നത് നാട്ടിൽ എത്തിയ ശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുമെന്നാണ്. നാട്ടിൽ തിരിച്ചെത്തിയ ശേഷം കരാർ വ്യവസ്ഥ അനുസരിച്ച് മൂന്ന് കൊല്ലം ബോബി ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഇവിടെ ജോലി ചെയ്യുകയും ചെയ്തു. ജോലി ചെയ്തില്ലെങ്കിൽ 25 ലക്ഷം തിരിച്ചടക്കണം എന്നായിരുന്നു സർക്കാരുമായുള്ള കരാർ. 2007ൽ പഠനം പൂർത്തിയാക്കി വരാൻ സാധിക്കാത്തതിനാൽ പണം തിരിച്ചടക്കണം എന്നു ആവശ്യപ്പെട്ട് സർക്കാർ കത്ത് അയച്ചിരുന്നു. ഈ കത്ത് കിട്ടയ ശേഷമാണ് ബോബി സ്പോർട്സ് കൗൺസിൽ ജോലിയിൽ പ്രവേശിച്ചത്. സൗജന്യമായി ബോബി സ്പോർട്സ് കൗൺസിൽ ജോലി ചെയ്യും എന്നു കരാറിൽ പറയുന്നു എന്നാണ് മറ്റൊരു ആരോപണം. എന്നാൽ അങ്ങനെ ഒന്ന് കരാറിൽ ഇല്ല എന്നു മാത്രമല്ല കേന്ദ്രസർക്കാർ ജോലിക്കാരിയായ ബോബിക്ക് സൗജന്യമായി ജോലി ചെയ്യുക അസാധ്യമാണ് എന്നറിയാതിരിക്കെ ബോധപൂർവ്വം പറഞ്ഞു പരത്തുന്നതാണ് ഇതെന്ന് വ്യക്തം.[BLURB#1-H]

മറ്റൊരു ആരോപണം ബോബി കസ്റ്റംസ് ചട്ടങ്ങൾ ലംഘിച്ചു വിദേശത്ത് കമ്പനി രജിസ്റ്റർ ചെയ്തു ബിസിനസ്സ് നടത്തിയെന്നാണ്. ബോബിയുടെ ഭർത്താവായ ഷാജൻ സ്‌കറിയെ യുകെയിൽ ജോലി ചെയ്യവേ കമ്പനി രജിസ്റ്റർ ചെയ്തതിന്റെ പേരിലാണ് ഈ ആരോപണം ഉയർത്തുന്നത്. യുകെയിൽ ചെന്ന് ഉടൻ ഷാജൻ രജിസ്റ്റർ ചെയ്ത ഒരു കമ്പനിയുടെ ഡീറ്റെയിൽസ് എടുത്തതാണ് ഇപ്പോൾ വൻ വിവാദം ഉണ്ടാക്കുന്നത്. യുകെയിൽ ജോലി ചെയ്യാനും ബിസിനസ്സ് ചെയ്യാനും ഒക്കെയുള്ള നിയമപരമായ അവകാശം ഷാജനുണ്ട് എന്നത് മറച്ചു വച്ചാണ് ഈ പ്രചാരണം നടത്തുന്നത്. കേരള സ്പോർട്സ് കൗൺസിൽ അംഗമായിരുന്നു ആർഎസ്‌പി നേതാവ് സലിം പി ചാക്കോയുടെ പേരിൽ ആരോപണം ഉന്നയിച്ചാണ് ബോബിക്കെതിരെ മാദ്ധ്യമങ്ങൾ വ്യാജവാർത്ത സ്ഥിരീകരിക്കുന്നത്. ബോബിയും സ്പോർട്സ് കൗൺസിലുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ കോപ്പി ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിൽ നിന്നും വ്യക്തമാണ് ബോബി കാര്യങ്ങൾ മറച്ചു വച്ചല്ല പരീശീലനം നടത്തിയത് എന്ന്.

ഒരു ചെറിയ നിയമവിരുദ്ധ പ്രവർത്തി പോലും ചെയിതിട്ടില്ല എന്നു വ്യക്തമായിരിക്കവേ ബോബിയെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് മറുനാടൻ എഡിറ്ററോടുള്ള വിരോധം കൊണ്ടാണ് എന്ന് വ്യക്തമാണ്. 2008 മുതൽ ഷാജന്റെ യുകെയിലെ ശത്രുക്കൾ കൊണ്ട് നടക്കുന്ന വ്യാജ രേഖകളാണ് ഇപ്പോൾ വാർത്തയായത്. 13 കൊല്ലം മുൻപ് കരാർ ഉണ്ടാക്കുകയും കരാർ ലംഘനം ആരോപിക്കപ്പെടുന്ന പോലെ നടന്നതാണെങ്കിൽ അത് എട്ട് കൊല്ലം മുൻപാണ് നടന്നതെങ്കിലും ഇപ്പോൾ അത് വിവാദം ആയത് ബോബി അഞ്ജുവിന് പകരം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആകുമെന്ന സൂചന പുറത്ത് വന്നപ്പോഴാണ്. ടിപി ദാസനൊപ്പം സർക്കാർ സജീവമായി തന്നെ ബോബിയുടെ പേര് പരിഗണിച്ചിരുന്നു. ഇതോടെയാണ് ഒരു സംഘം ബോബിക്കെതിരെ നീക്കം നടത്തിയത്.

ഒരു മുൻ കായികതാരത്തിന്റെ ഒത്താശയോടെ ഏതാനും ആഴ്‌ച്ചളായി തലസ്ഥാനത്തെ പത്ര ഓഫീസുകളിൽ ഈ വാർത്തയുമായി ചിലർ കയറി ഇറങ്ങുന്നുണ്ടായിരുന്നു. രേഖകൾ പരിശോധിച്ച് വ്യാജം ആണ് എന്ന് തിരിത്തറിഞ്ഞു അവർ ഉപേക്ഷിച്ചതായിരുന്നു. ഏഷ്യനെറ്റ്, മാദ്ധ്യമം എന്നിവിടങ്ങളിൽ നിന്നും ബോബിയെ വിളിച്ചു ചോദിച്ചു വിശദീകരണം എടുത്ത ശേഷം വാർത്ത വേണ്ടെന്ന് വയ്ക്കുക ആയിരുന്നു. അതിനിടയിലാണ് തിരുവനന്തപുരം പ്രസ്സ് ക്ലബിലെ അനധികൃത ബാറുമായി ബന്ധപ്പെട്ട വിഷയം ചൂടു പിടിക്കുന്നത്. ഏഷ്യനെറ്റ് കോർഡിനേഷൻ എഡിറ്റർ വിനു വി ജോണിന്റെ മറുനാടൻ വാർത്ത ആക്കുകയും തുടർന്നുണ്ടായ വിവരങ്ങളുടെ ഭാഗമായി പ്രസ്സ് ക്ലബിലെ ബാർ അടച്ചു പൂട്ടുകയും ചെയ്തു. ഇതേ തുടർന്നാണ് മറുനാടൻ എഡിറ്ററോടുള്ള വിരോധം തീർക്കാനായി ബോബി അലോഷ്യസിനെതിരെ വ്യാജ വാർത്തയുമായി രണ്ട് ചാനലുകളും ചില പത്രങ്ങളും രംഗത്ത് ഇറങ്ങിയത്.[BLURB#2-H]

വ്യാജ ആരോപണങ്ങൾ കൊണ്ട് അപമാനിക്കാൻ ശ്രമിച്ച മാദ്ധ്യമങ്ങൾക്കും വ്യക്തികൾക്കുമെതിരെ നിയമ നടപടി എടുക്കുമെന്ന് ബോബി മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതു സംബന്ധിച്ച് അഭിഭാഷകരുമായി സംസാരിച്ചു കഴിഞ്ഞു. ഈ ആഴ്‌ച്ച തന്നെ വക്കീൽ നോട്ടീസ് അയക്കാനും ക്രിമിനൽ സിവിൽ നടപടി ക്രമങ്ങൾ ആരംഭിക്കാനുമാണ് ബോബിയുടെ തീരുമാനം. മാദ്ധ്യമ ഭീകരതയുടെ ഏറ്റവും പുതിയ അടയാളമായാണ് മറുനാടൻ ഇതിനെ കാണുന്നത്. മാദ്ധ്യമങ്ങൾക്കെതിരെ വാർത്ത എഴുതുന്ന ഏക മാദ്ധ്യമം എന്ന നിലയിലാണ് മറുനാടനോട് ഇവർക്കെല്ലാം സംഘടിതമായ ശത്രുത നിലനിൽക്കുന്നത്.