കോഴിക്കോട്: 55-ാമതു സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പ്ലാസ്റ്റിക്കിനും ഫ്‌ളക്‌സ് ബോർഡുകൾക്കും നിരോധനമേർപ്പെടുത്തിയെങ്കിലും നിരോധിക്കാനാകാതെ മാദ്ധ്യമ സ്ഥാപനങ്ങൾ. എറണാകുളത്തുനിന്നു കോഴിക്കോട്ടേക്ക് കലോത്സവവേദി മാറ്റുമ്പാൾ മലിനീകരണ പ്രശ്‌നമായിരുന്നു അധികൃതർ മുന്നോട്ടുവച്ച പ്രധാനആശങ്ക. തുടർന്ന് കോഴിക്കോട് എവിടെ വേണമെന്ന തർക്കത്തിലും ഉയർന്നുകേട്ടിരുന്നത് മലിനീകരണപ്രശ്‌നം തന്നെയായിരുന്നു. ലക്ഷങ്ങൾ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തിയ കോഴിക്കോട്ടുകാർക്ക് സായാഹ്നം ചെലവിടാനുള്ള നഗരത്തിലെ ഏക ഇടമായ മാനാഞ്ചിറ സ്‌ക്വയർ കലോത്സവത്തിനായി വിട്ടു നൽകാതിരുന്നതിനു പിന്നിലും മലിനീകരണഭയമായിരുന്നു. ഇതിനെ തുടർന്ന് ജനപ്രതിനിധികളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തിൽ സംഘാടക സമിതി അദ്ധ്യക്ഷ മേയർ എ.കെ പ്രേമജം ഫ്‌ളക്‌സ് ബോർഡും പ്‌ളാസ്റ്റിക്ക് വസ്തുക്കളിലുള്ള പ്രചരണവും നിരോധിക്കുകയായിരുന്നു.

ഫ്‌ളക്‌സ് ബോർഡുകൾക്ക് ഏർപ്പെടുത്തിയ നിരോധനം വലിയ രീതിയിൽ ഫലം ചെയ്തതായി നഗരത്തിൽ കാണുന്നുമുണ്ട്. കച്ചവടസ്ഥാപനങ്ങളുടെയും സാമൂഹിക -സാംസ്‌കാരിക -രാഷ്ട്രീയ സംഘടനകളുടെയും ആശംസാ ബോർഡുകളും മുൻ വർഷങ്ങളിലെ കലോത്സവ വേദികളെ അപേക്ഷിച്ച് നന്നേ കുറവാണ്. എന്നാൽ മലിനീകരണത്തെപ്പറ്റിയും പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെപ്പറ്റിയും കൊട്ടിഘോഷിച്ചു വാർത്തയാക്കാറുള്ള മാദ്ധ്യമങ്ങൾ തന്നെ നിരോധനം മറികടന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. ആശംസകളർപ്പിച്ചുകൊണ്ടു പത്രങ്ങളും ചാനലുകളും സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോർഡുകൾക്കെതിരേ സംഘാടക സമിതിയിൽ തന്നെ മുറുമുറുപ്പ് ശക്തമാണ്. മീഡിയാ കമ്മിറ്റിക്കും പബ്‌ളിസിറ്റി കമ്മിറ്റിക്കും ഇതിൽ വിയോജിപ്പുണ്ടെങ്കിലും പൂച്ചയ്ക്കാരു മണികെട്ടുമെന്നതാണു പ്രശ്്‌നം.

കോഴിക്കോട് ജില്ലാതിർത്തികളിലൂടെ കടന്നുപോകുന്ന ദേശീയ പാതയോരത്ത് കമാനങ്ങളുടെയും കട്ടൗട്ടുകളുടെയും വൻ നിര തന്നെയുണ്ട്. തുണികൊണ്ടുള്ള ബാനറിലും ബോർഡുകളിലുമാണ് മിക്കവാറും പരസ്യങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. മാദ്ധ്യമ സ്ഥാപനങ്ങളുടെ തുണികൊണ്ടുള്ള വലിയ കമാനങ്ങളിൽ ഇരുഭാഗങ്ങളിലുമായി ഫ്‌ളക്‌സ് ചുറ്റപ്പെട്ട രീതിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. രാമനാട്ടുകരമുതൽ പൂളാടിക്കുന്നു വരെയുള്ള ഓരോ പ്രധാന ജംഗ്ഷനിലും ഇതു കാണാം. നഗരത്തിനകത്ത് റോഡരികിലും റോഡ് ക്രോസ്‌ചെയ്തും പാലങ്ങളുടെ ഇരുഭാഗത്തുമൊക്കെയായി വേറെയും ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

കലോത്സവ പ്രചരണത്തിനും ആശംസയ്ക്കുമായി കോർപ്പറേഷൻ പരിധിക്കുള്ളിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ ഫ്‌ളക്‌സ് ബോർഡുകളും കോർപ്പറേഷൻ അധികൃതർ തന്നെ നീക്കം ചെയ്യുന്നുണ്ട്. എന്നാൽ മാദ്ധ്യമ സ്ഥാപനങ്ങളുടെ ഫ്‌ളക്‌സ് ബോർഡുകൾ എടുത്തുമാറ്റാൻ അധികൃതർ മടിച്ചു നിൽക്കുകയാണ്. പബ്‌ളിസിറ്റി കമ്മിറ്റി പ്രചരണത്തിനായി കൂടുതൽ ഫണ്ട് ചെലവഴിച്ച് മറ്റു മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പത്രസ്ഥാപനങ്ങൾ തന്നെ നിയമം ലംഘിക്കുന്നത് ഇവരെ ചൊടിപ്പിച്ചിരിക്കുകയാണ്. പത്രക്കാർക്കെന്താ പ്രത്യേക നിയമമുണ്ടോ എന്നാണ് ഇവരുടെ ചോദ്യം.

അതേസമയം, തീരുമാനം മറികടന്ന് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് ഈ സ്ഥാപനങ്ങളെ അറിയിക്കുമെന്നും കോഴിക്കോട് മേയർ പറഞ്ഞു. നഗരത്തിലെ മുഴുവൻ ഫ്‌ളക്‌സ് ബോർഡുകളും നീക്കം ചെയ്യുമെന്നും മേയർ എ.കെ പ്രേമജം മറുനാടൻ മലയാളിയോട് പറഞ്ഞു.

കലോത്സവം നടക്കുന്ന ഏഴുദിവസങ്ങളിലായി പത്തു ലക്ഷം പേർ നഗരത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറുപതിനായിരത്തിലധികം പേർ ഒരു ദിവസം കഴിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ സംസ്‌കരിക്കാനുള്ള സംവിധാനങ്ങൾ സംബന്ധിച്ച് ആശങ്കയ്ക്ക് പരിഹാരമായിട്ടുണ്ട.് മന്ത്രി എം.കെ മുനീറിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക ശുചിത്വസേനയെ രംഗത്തിറക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം.