- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂട്യൂബിൽ എല്ലാ വാർത്തകളുമായി ഇപ്പോഴും സജീവം; വിലക്കുന്നത് ജീവശ്വാസമാണെന്ന് ലേഖനമെഴുതി പ്രമോദ് രാമൻ; പ്രതീക്ഷ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ നൽകിയ അപ്പീലിൽ; വാദിക്കാൻ സുപ്രീംകോടതിയിൽ നിന്ന് മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദാവെ എത്തും; നിയമപോരാട്ടം തുടരാൻ മീഡിയാവൺ
കൊച്ചി: സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകി മീഡിയവൺ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയത്. അപ്പീലിൽ നാളെ വാദം കേൾക്കും. ഇപ്പോഴും യുട്യൂബിൽ മീഡിയാവൺ തൽസമയം ലഭ്യമാണ്. ഡിവിഷൻ ബഞ്ചിൽ നിന്ന് അനുകൂല വിധിയാണ് പ്രതീക്ഷിക്കുന്നത്. എന്താണ് തങ്ങൾക്കെതിരായ ആരോപണമെന്ന് അറിയില്ലെന്ന മീഡിയാവണ്ണിന്റെ വാദം ഹൈക്കോടതി ഗൗരവത്തോടെ എടുക്കുമെന്നാണ് ചാനലിന്റെ പ്രതീക്ഷ.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ തന്നെ കേസിൽ മിഡീയാവണ്ണിനായി ഹാജരാകും. ദുഷ്യന്ത് ദവെയാണ് വാദിക്കാൻ എത്തുന്നതെന്നത് മീഡിയാവൺ പ്രതീക്ഷയോടെയാണ് കാണുന്നത്. മീഡിയാവണിന്റെ സംപ്രേഷണ ലൈസൻസ് റദ്ദാക്കിയ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ശരിവെച്ചത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
വിലക്കുന്നത് ജീവശ്വാസമാണെന്ന് വിശദീകരിച്ച് മീഡിയാവൺ എഡിറ്റർ പ്രമോദ് രാമൻ മാധ്യമത്തിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. സംപ്രേഷണ വിലക്ക് ചോദ്യംചെയ്ത് മീഡിയവൺ നല്കിയ ഹർജി ഹൈക്കോടതി തള്ളി. മീഡിയ വൺ നിയമപോരാട്ടം തുടരുമെന്നും പ്രമോദ് രാമൻ പറയുന്നു. നിലവിൽ ചാനൽ സംപ്രേഷണം സാറ്റലൈറ്റിൽ നിർത്തിയിരിക്കുകയാണ്. ഡിവിഷൻ ബഞ്ചിൽ നിന്ന് അനകൂല വിധി പ്രതീക്ഷിച്ചാണ് യുട്യൂബിൽ സംപ്രേഷണം തുടരുന്നത്. ജീവനക്കാരുടെ ആത്മവിശ്വാസം തകരാതിരിക്കാൻ കൂടിയാണ് ഇത്.
നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് മീഡിയാവൺ മാനേജ്‌മെന്റ് അറിയിച്ചിരുന്നു. മീഡിയാവൺ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. നരേഷ് കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. ചാനൽ ചട്ടവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നും അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി നിയമ വിരുദ്ധമാണെന്നുമാണ് മീഡിയാവൺ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നത്.
പ്രവർത്തനാനുമതി പുതുക്കാനും സുരക്ഷാ ക്ലിയറൻസിനുമായി അപേക്ഷ നൽകിയെങ്കിലും നിരസിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നില്ലെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഒരു തവണ ലൈസൻസ് നൽകിയാൽ അത് ആജീവനാന്തമായി കാണാൻ ആകില്ലെന്നും സെക്യൂരിറ്റി വിഷയങ്ങളിൽ കാലാനുസൃത പരിശോധനകൾ ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്രസർക്കാർ വാദം. ഇത് കോടതി അംഗീകരിച്ചില്ല. എന്നാൽ എന്തു കാരണങ്ങളാണ് ഇതിന് പിന്നിലെന്ന കാര്യം അറിയിച്ചിട്ടുമില്ല.
ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ക്ലിയറൻസ് നൽകേണ്ടതില്ലെന്നാണ് അധികൃതരുടെ കമ്മിറ്റി തീരുമാനിച്ചതെന്നും ഇവർ നൽകിയ വിവരങ്ങൾ സ്വീകരിക്കുകയാണ് മന്ത്രാലയം ചെയ്തിരിക്കുന്നതെന്നും അതിനാൽ സെക്യൂരിറ്റി ക്ലിയറൻസ് നൽകാതിരിക്കാനുള്ള തീരുമാനം നീതികരിക്കാവുന്നതാണെന്നും അതിനാൽ പരാതി തള്ളുന്നുവെന്നുമായിരുന്നു ജസ്റ്റിസ് നഗരേഷ് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന് അനുകൂലമായ തീരുമാനം ഉണ്ടായത്.
പ്രമോദ് രാമൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിന്റെ പൂർണ്ണരൂപം
എന്തുകൊണ്ടാണ് മീഡിയവണിനെ കേന്ദ്രസർക്കാർ വിലക്കിയത് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെയാണ് ഹൈക്കോടതിയിലെ നടപടികൾ അവസാനിച്ചത്. ആ ചോദ്യത്തിൽ നിന്ന് തുടങ്ങി ആ ചോദ്യത്തിൽ തന്നെ അവസാനിച്ച നീതിപ്രക്രിയ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ലഭിച്ച 'ചില' വിവരങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സമിതി യോഗംചേർന്ന് ചാനലിന്റെ സുരക്ഷാ അനുമതി റദ്ദ് ചെയ്യാൻ നിർദ്ദേശിച്ചുവെന്നാണ് കോടതിയിൽ വ്യക്തമാക്കപ്പെട്ടത്.
എന്നാൽ എന്താണ് ഈ വിവരങ്ങൾ എന്ന് വ്യക്തമാക്കപ്പെട്ടില്ല. ചാനൽ അതിന്റെ ഒൻപതു വർഷത്തെ ചരിത്രത്തിൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പരാതിക്കും ഇടനൽകിയിട്ടില്ല എന്ന വസ്തുത അവിടെ നിൽക്കുന്നു. 2020 മാർച്ചിൽ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 48 മണിക്കൂർ നേരത്തെ സംപ്രേഷണ വിലക്ക് നേരിട്ടെങ്കിലും അത് വാർത്താവിതരണ മന്ത്രാലയം തന്നെ നേരംപുലരുമ്പോഴേക്ക് പിൻവലിച്ചു. (ഏഷ്യാനെറ്റ് ന്യൂസ് കൂടി അക്കൂട്ടത്തിൽ ഉണ്ടായിരുന്നു). ഒരു വാർത്താചാനലിന്റെ പ്രവർത്തനം ജനങ്ങൾക്കുമുന്നിൽ ഉള്ളതാണല്ലോ.
അനിയന്ത്രിതമായ വിവരക്കൈമാറ്റങ്ങളും സംവാദങ്ങളും നടക്കുന്ന നവമാധ്യമങ്ങളുടെ കാലത്ത് ജനങ്ങൾക്കുമുന്നിൽ സുതാര്യത നിലനിർത്താതെ മുന്നോട്ടുപോകാൻ ഒരു വാർത്താചാനലിന് എങ്ങനെ സാധിക്കും? നിഗൂഢമായ വിവരങ്ങൾ മുൻനിർത്തി ചാനലിന് സംപ്രേഷണാനുമതി റദ്ദ് ചെയ്യപ്പെടുമ്പോൾ ആ ചാനൽ മാത്രമല്ല, അതിന്റെ പ്രേക്ഷകരും മാധ്യമ സ്വാതന്ത്ര്യമെന്ന ആശയവും ഉൾപ്പെടെ ഇരുട്ടത്ത് നിർത്തപ്പെടുകയാണ്.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എക്‌സിക്യൂട്ടിവിന്റെ മാത്രം അധികാരപരിധിയിൽ വരുന്നതാണെന്നും ലെജിസ്ലേച്ചറിനും ജുഡീഷ്യറിക്കും അതിൽ പരിമിതമായ പങ്കുമാത്രമേ ഉള്ളൂവെന്നുമാണ് ജസ്റ്റിസ് നഗരേഷ് വിധിയിൽ വ്യക്തമാക്കിയത്. എന്നാൽ നോക്കൂ, ഇതേ ദേശീയ സുരക്ഷയെക്കുറിച്ചാണ് സുപ്രിംകോടതി പെഗസ്സസ് വിധിയിൽ ഇങ്ങനെ ചൂണ്ടിക്കാട്ടിയത്:
'ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നീതിന്യായ സംവിധാനത്തിന് പരിമിതമായ സാധ്യത മാത്രമേ ഉള്ളൂവെന്ന കാര്യം നിയമപരമായി വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ അതിനർഥം ഓരോ തവണയും ദേശീയ സുരക്ഷയെന്ന ഭീഷണി ഉയർത്തുമ്പോഴെല്ലാം സർക്കാരിന് തന്നിഷ്ടപ്രകാരം പ്രവർത്തിക്കാൻ അനുമതി കിട്ടുന്നുവെന്ന് അല്ല. ദേശീയ സുരക്ഷയെന്ന ഉമ്മാക്കി മിണ്ടിയാലുടൻ ജുഡീഷ്യറി ലജ്ജിച്ച് മാറിപ്പോവുകയൊന്നുമില്ല'.
തുടർന്ന്, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയുടെ പരിശോധനയ്ക്ക് പൂർണമായി അതീതമാണെന്ന് കരുതേണ്ടതില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കുന്നു. ഏത് രഹസ്യവിവരമായാലും രഹസ്യാത്മകമായി സൂക്ഷിക്കേണ്ടതാണെങ്കിൽ കോടതിയെ അത് ബോധ്യപ്പെടുത്തണം. ദേശീയ സുരക്ഷയെന്ന് പറയുമ്പോഴേക്ക് കോടതി വെറും കാഴ്ചക്കാരായി മാറുമെന്ന് സർക്കാർ കരുതേണ്ടതില്ലെന്നും പെഗസ്സസ് ചാരവൃത്തിക്കേസിലെ വിധിയിൽ വിശദീകരിച്ചിട്ടുണ്ട്.
ഈ കാഴ്ചപ്പാട് എന്തുകൊണ്ട് നീതിപീഠം മീഡിയ വൺ കേസിൽ പരിഗണിക്കുന്നില്ല എന്ന ചോദ്യം ഉയർത്താതിരിക്കാൻ കഴിയുന്നില്ല. ഒരു കട അടച്ചുപൂട്ടുമ്പോൾ അവിടുത്തെ ജോലിക്കാരുടെ പണി പോകുന്നത് സ്വാഭാവികമല്ലേ എന്നാണ് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയിൽ ചോദിച്ചത്. മീഡിയ വൺ എഡിറ്ററും ജീവനക്കാരും നൽകിയ ഉപഹർജി പരിഗണിക്കരുതെന്ന് വാദിക്കാൻ വേണ്ടിയായിരുന്നു ഇത്. അതായത്, ഒരു കടപൂട്ടുന്ന ലാഘവത്തോടെയാണ് ഒരു മാധ്യമസ്ഥാപനം കേന്ദ്രസർക്കാർ പൂട്ടുന്നത്. ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ സ്ഥാനത്തെക്കുറിച്ച് രാജ്യാന്തരതലത്തിൽ തന്നെ പ്രബുദ്ധമായ സംവാദങ്ങൾ നടന്നുകഴിഞ്ഞ കാലത്താണ് സർക്കാർ ഈ നിലപാട് എടുക്കുന്നത് എന്നോർക്കണം. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശിലകളായ മൗലികാവകാശങ്ങളിൽ ഉൾപ്പെട്ട അഭിപ്രായ സ്വാതന്ത്ര്യമെന്ന വിഷയത്തെയാണ് കടപൂട്ടുന്നതുമായി താരതമ്യപ്പെടുത്തുന്നത് എന്നുമോർക്കണം. മൗലികാവകാശം നിഷേധിക്കാൻ 'ചില' രഹസ്യാന്വേഷണ വിവരങ്ങളും ഒരു മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ തീരുമാനവും മതി എന്നതാണ് ഈ സമീപനത്തിന്റെ തുടർച്ച. രാംജെത് മലാനി ് െയൂണിയൻ ഓഫ് ഇന്ത്യ (2011) കേസിൽ സുപ്രിംകോടതി ഇങ്ങനെ പറഞ്ഞു:
'മൗലികാവകാശങ്ങൾക്കുനേരേ ഭീഷണി ഉയരുമ്പോൾ ഭരണകൂടം എതിരായൊരു നിലപാട് എടുക്കാൻ പാടില്ല. മൗലികാവകാശങ്ങളുടെ സംരക്ഷണം പ്രാഥമികമായും സർക്കാരിന്റെ ബാധ്യതയാണ്. പരാതിക്കാരിൽ നിന്ന് വിവരങ്ങൾ മറച്ചുവയ്ക്കുന്നതോ സർക്കാരിന് അനുകൂലമായി വസ്തുതകളും സംഭവങ്ങളും വ്യാഖ്യാനിക്കുന്നതോ ഭരണഘടനയുടെ 32-ാം വകുപ്പ് ഉറപ്പുനൽകുന്ന മൗലികാവകാശ സംരക്ഷണത്തിന് വിരുദ്ധമാണ്'. മറ്റൊരിടത്ത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: 'പരാതിക്കാരെ അന്ധരാക്കുന്നത് 32-ാം വകുപ്പ് സംബന്ധിച്ച നീതിനടത്തിപ്പിന്റെ സമഗ്രതയെ പ്രതികൂലമായി ബാധിക്കുന്നതാണ്.'
ഈ വിധിപ്രസ്താവങ്ങൾ രാജ്യത്തെ നിയമവ്യവസ്ഥയുടെ ഭാഗമായിത്തീർന്നവയാണ്. സാങ്കേതികമായി മാത്രം പരിശോധിച്ച് തീരുമാനമെടുക്കാവുന്ന കാര്യങ്ങളല്ല മാധ്യമസ്വാതന്ത്ര്യം അഥവാ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നതുകൂടിയാണി ഇതിനർഥം. 1995ലെ കേബിൾ ടിവി സംപ്രേഷണ നിയമപ്രകാരം രൂപംകൊടുത്ത നയപരമായ മാർഗനിർദ്ദേശങ്ങളാണ് നിലവിൽ അപ് ലിങ്ക് - ഡൗൺ ലിങ്ക് ലൈസൻസ് നൽകുന്നതിന് ഉപാധി. ഈ മാർഗനിർദ്ദേശങ്ങൾ ഒരു പുതിയ ഉപഗ്രഹ ചാനലിന് സംപ്രേഷണാനുമതി നൽകുന്നതിന് മുൻപ് നടത്തേണ്ട പരിശോധനയ്ക്കാണ് മുഖ്യമായും ബാധകമായിരിക്കുന്നത്. അതേ മാർഗനിർദ്ദേശങ്ങളിൽ സംപ്രേഷണാനുമതി പുതുക്കുന്ന ഘട്ടത്തിൽ പരിശോധിക്കേണ്ട കാര്യങ്ങളും പറയുന്നുണ്ട്. പക്ഷേ 9 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന, മുഖ്യധാരയിൽ സജീവമായി നിൽക്കുന്ന ഒരു ദൃശ്യമാധ്യമത്തെ നിരോധിക്കാൻ ഈ സാങ്കേതിക പരിശോധനകൾ ആണോ ഉപാധിയാകേണ്ടത് എന്നതും ചർച്ചാവിഷയമാകണം.
മീഡിയ വണിന്റെ പ്രവർത്തനം റദ്ദുചെയ്തുകൊണ്ടുള്ള നടപടി എന്നതിലുപരി കേന്ദ്രസർക്കാരിന്റെ തീരുമാനം രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് ഏൽപിക്കുന്ന ആഘാതം പരിശോധിക്കപ്പെടേണ്ടതാണ്. പെഗസസ് കേസിൽ സുപ്രിംകോടതി ഏറ്റവും ഒടുവിലായി (ഇന്ത്യൻ എക്സ്‌പ്രസ് കേസ് (1985) ഉദ്ധരിച്ച് ) ചൂണ്ടിക്കാട്ടിയതുപോലെ, ''ഉദാര ഭരണഘടനകൾ നിലവിലുള്ള രാജ്യങ്ങളിൽ ഏറ്റവും മഹത്തായതും ഏറ്റവും കഠിനമായതുമായ പോരാട്ടങ്ങൾ വേണ്ടിവന്ന വിഷയങ്ങളിലൊന്ന് മാധ്യമസ്വാതന്ത്ര്യമാണ്. മാധ്യമസ്വാതന്ത്ര്യം നേടിയെടുക്കാൻ വലിയതോതിൽ ത്യാഗവും സഹനവും വേണ്ടിവരികയും ആത്യന്തികമായി അത് എഴുതപ്പെട്ട ഭരണഘടനകളുടെ ഭാഗമാവുകയും ചെയ്തു'. ആ പോരാട്ടങ്ങളുടെ ചരിത്രത്തോട് മുഖംതിരിക്കാൻ നമുക്കാവില്ലല്ലോ.
ഇന്നിപ്പോൾ ഇത്രയെളുപ്പത്തിൽ ഒരു മാധ്യമം അടച്ചുപൂട്ടാൻ സർക്കാരിന് കഴിയുന്നുണ്ടെങ്കിൽ ആ ചരിത്രം വിഫലമാവുകയല്ലേ? ജനാധിപത്യത്തെ കൂടുതൽ സുതാര്യവും തുറസ്സുള്ളതുമാക്കാൻ പ്രയത്‌നിക്കേണ്ട കാലഘട്ടത്തിൽ അതിന് കടകവിരുദ്ധമായ നടപടി കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാകുന്നത് നോക്കിനിൽക്കാൻ കഴിയുമോ? ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന മൂല്യങ്ങളെ നോക്കുകുത്തിയാക്കുന്നത് അനുവദിക്കാൻ പാടുണ്ടോ? രാജ്യത്തെ ഇന്നലത്തേയും ഇന്നത്തേയും നാളത്തേയും അഭിപ്രായസ്വാതന്ത്ര്യത്തെ താങ്ങിനിർത്തുന്നത് മാധ്യമസ്ഥാപനങ്ങളാണ്.
രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം കടുത്ത ഭീഷണി നേരിടുന്നുവെന്നത് പൊതുവിൽ പങ്കുവയ്ക്കപ്പെടുന്ന ആശങ്കയാണ്. അനുരാധാ ഭാസിൻ കേസിൽ ഉൾപ്പെടെ വിവിധ വിധിന്യായങ്ങളിലൂടെ സുപ്രിംകോടതിയും ഈ ആശങ്കയുടെ അന്തസ്സത്ത പങ്കുവച്ചിട്ടുണ്ട്. ഈ ആശങ്കയെ ഒരിക്കൽ കൂടി ശരിവയ്ക്കുന്ന നടപടിയാണ് മീഡിയ വണിന്റെ പ്രവർത്തന സ്വാതന്ത്ര്യം വിലക്കിയ നടപടി. മാധ്യമസ്വാതന്ത്ര്യം കേവലമായ ആശയമല്ല. അത് ജനാധിപത്യത്തിന്റെ ജീവശ്വാസം തന്നെയെന്ന് ഒരിക്കൽക്കൂടി പറഞ്ഞുവയ്ക്കാതെ വയ്യ.
(മാധ്യമം ദിനപത്രത്തിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച ലേഖനം)
മറുനാടന് മലയാളി ബ്യൂറോ