ന്യൂഡൽഹി: മീഡിയാ വണ്ണിന്റെ വിലക്കിൽ ഇനി സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിർണ്ണായകമാകും. രഹസ്യാന്വേഷണ വിഭാഗങ്ങൾ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മീഡിയ വൺ ചാനലിന് സുരക്ഷ ക്ളിയറൻസ് നിഷേധിച്ചതെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്തിമ തീരുമാനം സുപ്രീംകോടതിയുടേതാകും. ദിവസങ്ങൾക്കുള്ളിൽ തന്നെ കേസിൽ വിധി വരാനാണ് സാധ്യത.

രഹസ്യാന്വേഷണ വിഭാഗങ്ങളുടെ രേഖകൾ മീഡിയ വണ്ണിന് കൈമാറാനാകില്ലെന്നതാണ് കേന്ദ്രനിലപാട്. കൈമാറിയാൽ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ചിന്തിക്കാവുന്നതിലും അപ്പുറം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഈ വാദത്തെ കോടതി എങ്ങനെ എടുക്കുമെന്നതാണ് പ്രധാനം. അടിസ്ഥാന നീതി പോലും നിഷേധിച്ചാണ് മീഡിയാ വണ്ണിന് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് മീഡിയാ വൺ വാദം. ഇത് മുഖവിലയ്‌ക്കെടുത്താണ് ചാനലിനെതിരായ വിലക്കിൽ സ്റ്റേ അനുവദിച്ചത്.

കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിലെ ഡയറക്ടർ വൃന്ദ മനോഹർ ദേശായിയാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. സുരക്ഷ ക്ളിയറൻസ് നിഷേധിക്കാനുള്ള കാരണം ചാനൽ ഉടമകളെ അറിയിക്കേണ്ടതില്ല. ഇത് സർക്കാരിന്റെയും, സർക്കാർ സംവിധാനങ്ങളുടെയും താത്പര്യം കണക്കിലെടുത്തുള്ള നയമാണ്. എന്നാൽ മീഡിയ വണ്ണിന് സംപ്രേഷണ അനുമതി നിഷേധിച്ചതായി ബന്ധപ്പെട്ട ഫയലുകൾ ഹൈക്കോടതിക്ക് മുദ്രവച്ച കവറിൽ കൈമാറിയിട്ടുണ്ട്.

സുപ്രീം കോടതി ആവശ്യപ്പെട്ടാൽ അവ മുദ്രവച്ച കവറിൽ ഹാജരാക്കാൻ തയ്യാറാണെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ലൈസൻസ് പുതുക്കി ലഭിക്കണമെന്നത് അവകാശമായി ചാനൽ ഉടമകൾക്ക് പറയാൻ കഴിയില്ല. ചട്ടങ്ങളിലുള്ള കാര്യങ്ങൾ പാലിച്ചാൽ മാത്രമേ ലൈസൻസ് പുതുക്കി നൽകാൻ കഴിയൂ. സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മീഡിയ വൺ ഉടമകൾ നൽകിയ ഹർജി തള്ളണമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മീഡിയവൺ ചാനൽ മാനേജ്‌മെന്റ്, എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ തുടങ്ങിയവരുടെ ഹർജികൾ കഴിഞ്ഞ ഏപ്രിൽ നാലിന് സുപ്രീം കോടതി പരിഗണിച്ചിരുന്നു. ഹൈക്കോടതി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. അന്ന് കേന്ദ്രം കേസിൽ മറുപടി സമർപ്പിക്കാൻ നാലാഴ്ചത്തെ സാവകാശം തേടിയതോടെയാണ് കേസ് ഈ മാസത്തേക്ക് മാറ്റിയത്.

ചാനലിന്റെ പ്രവർത്തനം വിലക്കിയ നടപടി മാർച്ച് പതിനഞ്ചിന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. മുദ്രവച്ച കവറുകളിൽ രേഖകളും റിപ്പോർട്ടുകളും അടക്കം സമർപ്പിക്കുന്നതിന്റെ സാധുത പരിശോധിക്കുമെന്നും സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു. മാർച്ച് 15 ന് കേസ് പരിഗണിച്ചപ്പോൾ മാർച്ച് 30 നുള്ളിൽ കേന്ദ്രത്തോട് മറുപടി നൽകാൻ സുപ്രിം കോടതി ആവശ്യപ്പെട്ടെങ്കിലും ഇതിന് കൂടുതൽ സമയം കേന്ദ്രം ചോദിച്ചതോടെയാണ് ഒരു മാസത്തേക്ക് സമയം നൽകിയത്. ഇതാണ് ഇപ്പോൾ നൽകുന്നത്.

മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്കിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചത്. ഹർജിയുടെ പകർപ്പ് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകർക്ക് കൈമാറാൻ പത്രപ്രവർത്തക യൂണിയന് കോടതി അനുമതി നൽകിയിരുന്നു. മീഡിയ വൺ നൽകിയ ഹർജികൾക്കൊപ്പമാണ് പത്രപ്രവർത്തക യൂണിയന്റെ ഹർജിയും കോടതി പരിഗണിക്കുന്നത്.