കോഴിക്കോട്: പത്രപ്രവർത്തക യൂണിയനും മീഡിയവൺ മാനേജ്‌മെന്റും ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ നടത്തിയ സമവായ ചർച്ചയിലെ വ്യവസ്ഥകൾ മാനേജ്‌മെന്റ് അട്ടിമറിച്ചു. 36 ജീവനക്കാരെയും ഏകപക്ഷീയമായി പിരിച്ചുവിട്ട് മീഡിയവൺ മാനേജ്‌മെന്റ് ഡിസംബർ ഒന്നിന് ഉത്തരവിറക്കി. ജനുവരി ഒന്ന് മുതൽ ജോലിക്ക് വരേണ്ടെന്ന് കാട്ടിയാണ് ഉത്തരവ് നൽകിയത്.

ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റിന്റെ ധിക്കാരപരമായ നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് കേരള പത്രപ്രവർത്തക യൂണിയൻ. തീർത്തും നിയമ വിരുദ്ധമായ നടപടിയാണ് മീഡിയാ വൺ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടിട്ടുള്ളതെന്ന് പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി. തൊഴിലാളികളുടെയും യൂണിയന്റെയും ഭാഗം കേൾക്കാൻ പോലും തയ്യാറാകാതെയാണ് നടപടികളിലേക്ക് പ്രവേശിച്ചത്.

തൊഴിൽപരമായിട്ടുള്ള ഏതെങ്കിലും പോരായ്മകളുടെ പേരിലോ തൊഴിൽ വൈദഗ്ധ്യം ഇല്ലായ്മ ചൂണ്ടിക്കാട്ടിയോ അല്ല ഈ പുറത്താക്കൽ. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയുടെയും ദീർഘ വീക്ഷണമില്ലായ്മയുടെയും പേരിലാണ് ഒരു കൂട്ടം തൊഴിലാളികൾ ബലിയാടാകുന്നത്. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുള്ള പല തൊഴിലാളികൾക്കും അർഹതപ്പെട്ട പ്രമോഷനും ഇൻക്രിമെന്റും ഒന്നും നൽകിയിട്ടില്ല.ഇക്കാര്യത്തിൽ മീഡിയാവൺ മാനേജ്‌മെന്റ് ഭാഗത്ത്‌നിന്ന് അനുകൂല നടപടികൾ ഉണ്ടായിട്ടില്‌ളെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.

ഡിസംബർ ആറാം തിയ്യി യൂണിയനും മാനേജ്‌മെന്റും ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ഒരു ചർച്ച കൂടി നടക്കാനിരിക്കുകയാണ്. ഇതിനിടയിൽ യാതൊരു നടപടിയും ഉണ്ടാവരുതെന്ന് ലേബർ ഓഫീസർ മാനേജ്‌മെന്റിനോട് നിർദ്ദശേിച്ചിട്ടുണ്ട്. എന്നാൽ ഈ നിർദ്ദശേം തള്ളിയാണ് ഡിസംബർ ഒന്നിന് മാനേജ്‌മെന്റ് തൊഴിലാളികൾക്ക് നോട്ടീസ് നൽകിയത്.

ചാനൽ തുടങ്ങും മുമ്പ് നിയമിതരായ അഞ്ചുവർഷം വരെ സർവ്വീസുള്ള ജീവനക്കാരെയാണ് പിരിച്ചു വിടുന്നതെന്നാണ് മാനേജ്‌മെന്റ് വാദം. പ്രോഗ്രാം വിഭാഗം നിർത്തലാക്കുന്നുവെന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പിരിച്ചുവിടുന്നവർ ന്യൂസ്, പ്രോഗ്രാം വിഭാഗങ്ങളിൽ ഒരുപോലെ ജോലി ചെയ്തു വരുന്നവരാണ്. നിയമിക്കുമ്പോൾ അവർക്ക് നൽകിയ ഓഫർ ലെറ്ററിൽ വിഷ്വൽ എഡിറ്റർ, ക്യാമറ പേഴ്‌സൺ എന്നിങ്ങനെയാണ് തസ്തിക കാണിച്ചിരുന്നത്.

വാർത്തയും വിനോദ പരിപാടികളും ചാനൽ ഒരുമിച്ചാണ് സംപ്രേഷണം ചെയ്തിരുന്നത്. കോമൺ പൂളിലുള്ള ജീവനക്കാരാണ് ഈ ജോലികളെല്ലാം ചെയ്തിരുന്നതും. പ്രോഗ്രാം വിഭാഗം നിർത്തലാക്കുന്നു എന്ന കാരണം കാണിച്ച് വ്യക്തമായ ഒരു മാനദണ്ഡവും അടിസ്ഥാനമാക്കാതെ വിഷ്വൽ എഡിറ്റർമാരെയും ക്യാമറാമാന്മാരെയും പുറത്താക്കുന്നത് അന്യായവും ലേബർ നിയമങ്ങൾക്കെല്ലാം വിരുദ്ധവുമാണെന്ന് പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സി നാരായണൻ ചൂണ്ടിക്കാട്ടുന്നു.

വാർത്താധിഷ്ടിത പരിപാടികൾ ചാനലിൽ തുടരുന്നിടത്തോളം ഈ തൊഴിലാളികൾക്ക് തൊഴിലിൽ തുടരാനുള്ള എല്ലാ അർഹതയും നിയമപ്രകാരം ഉണ്ടെന്നും ഇവർ വ്യക്തമാക്കി.തൊഴിൽ പരമായ ഒരു കാരണവും കാണിക്കാതെയും അവർക്ക് സമാധാനം ബോധിപ്പിക്കാനും വിശദീകരിക്കാനും നിയമപ്രകാരമുള്ള അവസരം നൽകാതെയുമുള്ള നീക്കം ശരിയല്ല. ചാനൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് ഈ തൊഴിലാളികൾ ഉത്തരവാദികളല്ല. ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനത്തിന് മാനേജ്‌മെന്റ് തയ്യറാവണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

മറ്റു ചാനലുകളിൽ നിന്ന് തൊഴിൽ സുരക്ഷ വാഗ്ദാനം ചെയ്താണ ഇപ്പോൾ പുറത്താക്കപ്പെട്ട പലരെയും സ്ഥാപനത്തിലേക്ക് ആകർഷിച്ചത്. എന്നാൽ ഈ പാവങ്ങളെയെല്ലാം കബളിപ്പിക്കുകയായിരുന്നു മാനേജ്‌മെന്റ്. തൊഴിലാളികളോടുള്ള ഈ സമീപനത്തിനെതിരെ കേരള പത്ര പ്രവർത്തക യൂണിയൻ തൊഴിൽ മന്ത്രിക്ക് നേരത്തെ കത്തയച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് സാമാന്യ നീതി പോലും ലഭിക്കുന്നില്ലന്നെ് യൂണിയൻ തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.

ചാനൽ വലിയ നേട്ടത്തിലാണെന്നായിരുന്നു ഇതുവരെ മാനേജ്‌മെന്റ് പ്രഖ്യാപനങ്ങൾ നടത്തിയത്. മറ്റ് ചാനലുകൾ ഇത്രയും വർഷം കൊണ്ടുണ്ടാക്കിയ നേട്ടങ്ങൾ കുറഞ്ഞ കാലം കൊണ്ട് മീഡിയാ വൺ ഉണ്ടാക്കിയെന്നായിരുന്നു ഇവരുടെ വാദം. 110 കോടി രൂപയ്ക്ക് തുടങ്ങിയ സ്ഥാപനംത്തിന് 250 കോടിയിലേറെ രൂപയുടെ മാർക്കറ്റ് വാല്യു ഉണ്ടെന്ന് ഇവർ അവകാശപ്പെടുമ്പോഴാണ് ഇത്തരമൊരു തൊഴിലാളി വിരുദ്ധ നീക്കവും ഉണ്ടായിട്ടുള്ളത്.

ഇതേ സമയം സംഭവം വിവാദമായതോടെ സ്ഥാപനത്തിന് ഒരു വർഷം 59 കോടി രൂപ ചെലവ് വരുമ്പോൾ 24 കോടി രൂപയാണ് ആകെയുള്ള വരുമാനമെന്നാണ് മീഡിയാവൺ നടത്തിപ്പിക്കുകാർ ഇപ്പോൾ പറയുന്നത്. മാസം രണ്ട് കോടിയോളം രൂപ ശരാശരി നഷ്ടമുണ്ടെന്നാണ് ഇപ്പോഴത്തെ വാദം. ഈ സാഹചര്യത്തിൽ ജനപ്രീതി ഏറെയുള്ള എം 80 മൂസ ഉൾപ്പെടെയുള്ള ചില പ്രോഗ്രാമുകൾ ചില മാറ്റങ്ങോളെ നിലനിർത്തി മുഴുവൻ സമയ ന്യൂസ് ചാനൽ ആക്കുകയാണെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.