അഗർത്തല: ത്രിപുരയിൽ മാധ്യമ പ്രവർത്തകൻ രാഷ്ട്രീയ സംഘർഷത്തിനിടെ കൊല്ലപ്പെട്ടു. ത്രിപുരയിലെ മാണ്ടായിയിലെ പ്രദേശിക വാർത്താ ചാനലായ ദിൻരാതിന്റെ റിപ്പോർട്ടർ ശന്തനു ഭൗമികാണ് കൊല്ലപ്പെട്ടത്. ബിജെപി സഖ്യകക്ഷിയായ ഇൻഡിജീനയസ് പീപ്പിൾസ് ഫ്രണ്ട് ത്രിപുര(ഐ.പി.എഫ്.ടി) പ്രവർത്തകരുടെ സമരം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ശന്തനു.

ചാനലിനു വേണ്ടി ഇൻഡിജിനസ് പീപ്പിൾ ഫ്രണ്ട് ഓഫ് ത്രിപുരയുടെ പ്രതിഷേധ പരിപാടിയും റോഡ് ഉപരോധവും റിപോർട്ട് ചെയ്യുന്നതിനിടെയാണ് അക്രമം നടന്നത്. സമരത്തിനിടയിൽ അക്രമാസക്തരായ പ്രവർത്തകർ ശന്തനുവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയ ശന്തനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ത്രിപുര ആരോഗ്യമന്ത്രി കൊലപാതകത്തെ അപലപിച്ചു. വാർത്താവിതരണമന്ത്രി ഭാനുലാൽ സാഹ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. സംഘർഷത്തിൽ 118 പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ നാല് ദിവസമായി വടക്കൻ ത്രിപുരയിൽ സിപിഎമ്മിന്റെ ആദിവാസി വിഭാഗമായ ത്രിപുര രജായീർ ഉപജാതി ഗാനമുക്തി പരിഷത്തും(ടി.ആർ.യു.ജി.പി) പ്രവർത്തകരും ഐ.പി.എഫ്.ടി പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ഇത് തടയുന്നതിനായി പ്രദേശത്ത് ക്രിമിനൽ ചട്ടം അനുസരിച്ചുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് ഐ.പി.എഫ്.ടി പ്രവർത്തകർ സമരം സംഘടിപ്പിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.

തുടർന്ന് ഇതിനെ നേരിടാൻ എതിർ വിഭാഗവും രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ വഷളായി. ഇതിനിടയിൽ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ ശന്തനുവിനെ ഐ.പി.എഫ്.ടി പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഐ.പി.എഫ്.ടി പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ 48 ടി.ആർ.യു.ജി.പി പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇതിൽ ആറ് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് വൃത്തങ്ങൾ വിശദീകരിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥനും സ്ത്രീകൾക്കും അക്രമത്തിൽ പരിക്കേറ്റു.