കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയെങ്കിലും സമൂഹ മാധ്യങ്ങളിൽ തൽസമയ സംപ്രേഷണം തുടർന്ന് ചാനൽ. 11.54ഓടെ മീഡിയാവൺ സംപ്രേഷണം നിർത്തുന്നുവെന്ന് എഡിറ്റർ പ്രമോദ് രാമൻ പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം സാറ്റലൈറ്റിൽ ചാനൽ ലഭ്യമല്ലാതെയായി. എന്നാൽ യു ട്യൂബിൽ ചാനൽ ഉച്ചകഴിഞ്ഞ് 1.56നും ലഭ്യമാണ്. വാർത്ത അതേ പടി തുടരുകയാണ്.

യുട്യൂബിൽ വീഡിയോകളും അപ് ലോഡ് ചെയ്യുന്നുണ്ട്. അതായത് സാറ്റലൈറ്റ് സംപ്രേഷണം വിലക്കുമ്പോൾ സോഷ്യൽ മീഡിയയുടെ സഹായത്തോടെ പിടിച്ചു നിൽക്കുകയാണ് മീഡിയാ വൺ. യുട്യൂബിൽ ചാനൽ തുടങ്ങാൻ കേന്ദ്ര സർക്കാരിന്റെ അനുമതി വേണ്ട. ഈ സാഹചര്യത്തിലാണ് ഈ നീക്കം. ഇതിനോട് എത്തരത്തിലാകും കേന്ദ്ര സർക്കാർ ഇടപെടലുകൾ നടത്തുകയെന്നതാണ് ഇനി പ്രധാനം. പ്രമോദ് രാമനും സ്മൃതി പരുത്തിക്കാടും അടക്കമുള്ള പ്രധാന വാർത്ത അവതാരകരുടെ പ്രമോയും നൽകുന്നുണ്ട്. നിലപാടുകളുടെ സംഗമ ഭൂമിയായി മീഡിയാവൺ ഉണ്ടാകുമെന്ന സൂചനയാണ് യൂ ട്യൂബിലെ ലൈവ് നൽകുന്നത്.

പരസ്യങ്ങൾ അടക്കം നൽകിയാണ് സംപ്രേഷണം. മിഡിയാവണ്ണിനെതിരായ ഹൈക്കോടതി ഉത്തരവിന്റെ സൂചനകൾ ബ്രേക്കിംഗായി കൊടുക്കുന്നുമുണ്ട്. രണ്ട് മണിക്കുള്ള ന്യൂസ് അപ്‌ഡേറ്റിലെ പ്രധാന വാർത്തയായി ആദ്യം നൽകിയത് ദിലീപിന്റെ ശബ്ദ പരിശോധനാ റിപ്പോർട്ടാണ്. അതു കഴിഞ്ഞ് സ്വപ്‌നാ സുരേഷിന്റെ മൊഴി ഇഡി എടുക്കുന്നതും. മീഡിയാവൺ സംപ്രേഷണത്തിലെ വിലക്ക് മൂന്നാം ഹെഡിങ്ങാണ്. പ്രമോദ് രാമന്റെ പ്രഖ്യാപനവും യു ട്യൂബിലെ തൽസമയ വാർത്തയിൽ കൊടുക്കുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും മീഡിയാവൺ സംവിധാനങ്ങൾ അതേ പടി ഉപയോഗിച്ച് യൂട്യൂബിൽ സംപ്രേഷണം തുടരുകാണ് മീഡിയാവൺ.

മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാധ്യമം ബ്രോഡ് കാസ്‌റ് ലിമിറ്റഡ് ആണ് ഹർജി നൽകിയത്. ഹർജി തള്ളിയത്തോടെ മീഡിയ വൺ ചാനലിനുള്ള വിലക്ക് പ്രാബല്യത്തിൽ വന്നു. അത് അംഗീകരിച്ച് ചാനൽ സാറ്റലൈറ്റിൽ നിന്ന് മാറ്റുകയും ചെയ്തു. എന്നാൽ അതിന് ശേഷവും യുട്യൂബിൽ തുടരുകയാണ്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കേന്ദ്ര നടപടി എന്നായിരുന്നു മീഡിയാ വൺ ഹർജിയിലെ വാദം. എന്നാൽ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് സംപ്രേഷണം തടഞ്ഞതെന്നും കോടതി ഇതിൽ ഇടപെടരുത് എന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്ര സർക്കാർ മുദ്രവച്ച കവറിൽ കൈമാറിയിട്ടുണ്ട്. ചാനലിലെ ജീവനക്കാരും, കേരള പത്രവർത്തക യൂണിയനും കേസിൽ കക്ഷി ചേരുന്നതിനെ കേന്ദ്ര സർക്കാർ എതിർത്തു. വാർത്താവിനിമയ മന്ത്രാലയവും സ്ഥാപനവും തമ്മിലുള്ള കേസിൽ ജീവനക്കാർക്ക് കക്ഷി ചേരാനാകില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാർഗരേഖകൾ കാലാകാലങ്ങളിൽ പുനഃപരിശോധിക്കാറുണ്ടെന്നും ഇതനുസരിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതാണ് അംഗീകരിക്കപ്പെട്ടത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽനിന്ന് ശേഖരിച്ച വിവരങ്ങളു?ടെ അടിസ്ഥാനത്തിലാണ് ചാനലിന് ലൈസൻസ് പുതുക്കി നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത്.രഹസ്യാന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥ സമിതി വിലയിരുത്തിയ ശേഷമായിരുന്നു തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്ന് വിധിയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകൾ അവർ കോടതിയിൽ സമർപ്പിച്ചു. ഇത് പരിശോധിച്ച ശേഷം സുരക്ഷാ കാരണങ്ങളാൽ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന മന്ത്രാലയത്തിന്റെ തീരുമാനത്തിൽ ഇടപെടേണ്ടതില്ലെന്ന തീർപ്പിലാണ് കോടതി എത്തിയത്.

അതിനാൽ കേന്ദ്ര നടപടിക്കെതിരായ ഹരജി തള്ളുകയാണെന്ന് ജസ്റ്റിസ് നഗരേഷ് വ്യക്തമാക്കി. ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകാൻ ഉദ്ദേശിക്കുന്നതിനാൽ രണ്ട് ദിവസത്തെ പ്രവർത്തനാനുമതി കൂടി നൽകണമെന്ന 'മീഡിയവൺ' അഭിഭാഷകന്റെ ആവശ്യം കോടതി നിരസിച്ചു.