കോഴിക്കോട്: നൂറോളം ജീവനക്കാരെ പിരിച്ചുവിട്ട് വാർത്തകളിൽ നിറഞ്ഞ മീഡിയാവൺ കടുത്ത പ്രതിസന്ധിയിലേക്കോ? കേന്ദ്രസർക്കാരിന്റെ കരിംപട്ടികയിൽ മീഡിയാവണ്ണും ഇടം നേടിയതാണ് ഈ സാഹചര്യത്തിന് കാരണം. കേന്ദ്രസർക്കാർ പ്രതികാര നടപടികൾക്ക് ലക്ഷ്യമിടുന്ന ചാനലുകളുടെ പട്ടികയിൽ കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമി നേതൃത്വം നൽകുന്ന മീഡിയ വണ്ണും ഉൾപ്പെട്ടിട്ടുണ്ട്. ചാനലിന്റെ ലൈസൻസ് പുതുക്കുന്നതിൽ കേന്ദ്ര സർക്കാർ തീരുമാനം എടുക്കാത്തതും ചാനലിനെ വെട്ടിലാക്കുന്നുണ്ട്.

ഇന്ത്യാവിരുദ്ധ ഉള്ളടക്കമുള്ള വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളും ചാനൽ സംപ്രേഷണം ചെയ്യുന്നുവെന്നാണ് കേന്ദ്രസർക്കാർ ആരോപണം. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മാസങ്ങൾക്കുമുമ്പ് ചാനൽ മേധാവികൾക്ക് നോട്ടീസ് നൽകിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ റിപോർട്ടിനെ തുടർന്നായിരുന്നു നടപടി. നിലവിൽ ചാനലിന്റെ ലൈസൻസ് പുതുക്കുന്നതിന് അപേക്ഷ നൽകി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുകയാണ് മീഡിയ വൺ. പക്ഷേ കേന്ദ്രസർക്കാർ തീരുമാനം എടുത്തിട്ടില്ല.

യുപിഎ സർക്കാരിന്റെ കാലത്ത് 2011 സപ്തംബറിലാണ് മീഡിയ വണ്ണിന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സംപ്രേഷണാനുമതി ലഭിച്ചത്. 2013 ഫെബ്രുവരി 10ന് പ്രവർത്തനം തുടങ്ങി. തുടക്കം മുതലേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലായിരുന്നു ചാനൽ. മോദി സർക്കാർ അധികാരത്തിലെത്തിയതോടെ മീഡിയാ വണ്ണിൽ നിരീക്ഷണം കൂടുകയും ചെയ്തു. അഫ്‌സൽ ഗുരുവിന്റെ വധശിക്ഷയും ആ സംഭവം ഉയർത്തിയ പ്രതികരണങ്ങളും മീഡിയ വൺ ചർച്ചയാക്കിയതാണ് സർക്കാരിനെ ആദ്യം ചൊടിപ്പിച്ചത്.

പ്രമുഖ കശ്മീരി മാദ്ധ്യമപ്രവർത്തകൻ ഇഫ്തിഖാർ ഗിലാനി, പാർലമെന്റ് സ്‌ഫോടനക്കേസിൽ വധശിക്ഷയിൽനിന്ന് ഒഴിവാക്കപ്പെട്ട പ്രഫസർ എസ് എ ആർ ഗീലാനി, സിആർപിപി പബ്ലിക് റിലേഷൻസ് സെക്രട്ടറി റോണ വിൽസൻ, ഡൽഹി യൂനിവേഴ്‌സിറ്റിയിലെ പ്രഫ. എ കെ രാമകൃഷ്ണൻ തുടങ്ങിയവർ അന്നത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നു. കൂടാതെ, അഫ്‌സൽ ഗുരുവിന്റെ വധശിക്ഷയെക്കുറിച്ച് അരുന്ധതി റോയ് എഴുതിയ ലേഖനം (എ പെർഫക്ട് ഡേ ഓഫ് ഡെമോക്രസി) ഒരു പ്രത്യേക സെഗ്‌മെന്റായി കാണിക്കുകയും ചെയ്തു. 2013ലെ മുസഫർ നഗർ കലാപവേളയിലും മീഡിയാ വണ്ണിനെതിരേ കേന്ദ്രം തിരിയുകയുണ്ടായി. ഇതെല്ലാം യുപിഎ ഭരണകാലത്തായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ മോദി സർക്കാർ ഗുരുതരമായി കണ്ടു.

അന്വേഷണാത്മക വാർത്താധിഷ്ഠിത പരിപാടിയായ ട്രൂത്ത് ഇൻസൈഡിൽ മുസഫർ നഗറിലെ കാണാക്കാഴ്ചകൾ വെളിപ്പെടുത്തിയിരുന്നു. പരിപാടിയിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചെന്നായിരുന്നു വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അയച്ച നോട്ടീസിലെ ആരോപണം. ഇതെല്ലാം ചാനൽ നിഷേധിച്ചെങ്കിലും ലൈസൻസ് പുതുക്കാൻ കാലമായപ്പോൾ മോദി സർക്കാർ തീരുമാനം വൈകിപ്പിക്കുകയാണ്.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള ഇലക്ട്രോണിക് മീഡിയ മോണിറ്ററിങ് സെന്റർ മുഖേനയാണ് ടെലിവിഷൻ ചാനലുകളെ നിരീക്ഷിക്കുന്നത്. ഇത്തരത്തിൽ അറുനൂറോളം ചാനലുകൾ കർശന നിരീക്ഷണത്തിലാണ്. മോണിറ്റർമാരുടെ റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിക്കുന്നത്. ഈ റിപ്പോർട്ട് എതിരായാൽ മീഡിയാ വണ്ണിന് ലൈസൻസ് ലഭിക്കില്ലെന്നാണ് സൂചന.