കരുനാഗപ്പള്ളി: മുപ്പത് രൂപ വിലമാത്രമുള്ള നൈട്രസെപ്പാം ഗുളികകൾ 150 രൂപയ്ക്ക് വിൽപ്പന നടത്തി വരുന്നതിനിടെയാണ് കരുനാഗപ്പള്ളിയിൽ മെഡിക്കൽ സ്റ്റോർ നടത്തിപ്പുകാരൻ അറസ്റ്റിലായത്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ലഹരിമരുന്നിന് തുല്യമായ ഗുളികകൾ വിൽപ്പന നടത്തിയ തഴവാ അമ്പലമുക്കിൽ ചന്ദ്രഗിരി മെഡിക്കൽ സ്റ്റോർ ഉടമ ചന്ദ്രഗിരിയിൽ ജയചന്ദ്രനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിടുകയും ചെയ്തു. ഇയാളുടെ മെഡിക്കൽ സ്റ്റോറിൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന മാനസിക രോഗങ്ങൾക്കായി നൽകുന്ന നൈട്രസെപ്പാം എന്ന ഗുളികകളും പിടിച്ചെടുത്തു.

ചവറ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ കരുനാഗപ്പള്ളി എസ്‌പി മാർക്കറ്റിന് സമീപം താമസിക്കുന്ന ബിനു(21), നിഥിൻ(20) എന്നിവരിൽ നിന്നും നൈട്രസെപ്പാം ഗുളികൾ പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അമ്പലമുക്കിലെ ചന്ദ്രഗിരി മെഡിക്കൽ സ്റ്റോറിൽ നിന്നാണ് ഗുളികകൾ വാങ്ങിയത് എന്ന് മനസ്സിലായത്. തുടർന്ന് പ്രതികളുമായി പൊലീസ് അമ്പലമുക്കിലെത്തി ഇയാളുടെ മെഡിക്കൽ സ്റ്റോറിൽ പരിശോധന നടത്തുകയായിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇവിടെ നിന്നും വ്യാപകമായി വിദ്യാർത്ഥികളും യുവാക്കളും നൈട്രസെപ്പാം വാങ്ങുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജയചന്ദ്രനെതിരെ മുൻപും പല പരാതികൾ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് അനധികൃതമായി നൽകുക, ലൈംഗിക ഉത്തേജനത്തിനായി വ്യാജ മരുന്ന് വിൽപ്പന തുടങ്ങീ പരാതികളായിരുന്നു ഉണ്ടായിരുന്നത്. ഇയാളുടെ പ്രധാന ഉപഭോക്താക്കൾ സ്‌ക്കൂൾ കുട്ടികളാണെന്നാണ് നാട്ടുകാർ പറയുന്നത്. വൈകുന്നേരം തുറക്കുന്ന മെഡിക്കൽ സ്റ്റോർ അടക്കുന്നത് രാത്രി 12 മണിക്ക് ശേഷമാണ്. രാത്രിയിലാണ് ഇവിടെ കച്ചവടം നടക്കുന്നത്. തഴവയിലും പരിസര പ്രദേശങ്ങളിലുമുള്ള കുട്ടികളും യുവാക്കളുമാണ് ഇവിടെ അധികവും എത്തിയിരുന്നത്.

പൊലീസ് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും അന്വേഷണം തുടരുകയാണെന്ന് ചവറ പൊലീസ് അറിയിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ സ്റ്റോറിന്റെ ലൈസൻസ് റദ്ധാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം. അതേ സമയം പ്രദേശ വാസികൾ ജയചന്ദ്രനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പഞ്ചായത്തധികൃതരോട് കടയുടെ ലൈസൻസ് റദ്ധാക്കി നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

അതേ സമയം നൈട്രസെപ്പാം ഉപോയോഗം മൂലം കടുത്ത പാർശ്വഫലങ്ങളാണ് നേരിടേണ്ടി വരിക. അപസ്മാരം, കടുത്ത ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്. ഇത് ഉയർന്ന ഡോസിൽ ലഹരിയായി നുണയുമ്പോൾ രൂക്ഷമായ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ദ്ധരായ സൈക്യാട്രിസ്റ്റ് ഡോക്ടർമാർ പറയുന്നു. തുടക്കത്തിൽ സന്തോഷവും സമാധാനവും മയക്കവും പിന്നെ എന്തും ചെയ്യാനുള്ള ആത്മവിശ്വാസവും നൽകുന്ന ഈ മരുന്ന് പിന്നീട് ഉയർന്ന ഡോസിൽ കഴിക്കേണ്ടി വരും. കടുത്ത വിഷാദം, അക്രമവാസന, ഭയം എന്നിവയിൽ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കു വരെ കാര്യങ്ങൾ നീങ്ങും. പിന്നെ മോചനം പ്രയാസമാവും.

മയക്കുമരുന്നുകളുടെ ഉപോയോഗം ബുദ്ധിശേഷിയിൽ ഗണ്യമായ കുറവുവരുത്തുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. തുടക്കത്തിൽ അമിത ലൈംഗികതാൽപര്യമുണ്ടാക്കുന്നതിനാലാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ലൈംഗികാതിക്രമങ്ങളിലേക്കു തിരിയുന്നത്. കൊച്ചുകുട്ടികളെ പോലും പീഡിപ്പിക്കുന്ന കേസുകളിൽ പ്രതികൾ മിക്കവരും മയക്കുമരുന്നുകൾക്ക് അടിമകളായിരുന്നെന്നും കാണാം. അക്രമവാസനയും ഓർമക്കുറവും മുതൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആദ്യമണിക്കൂറിൽ ഹൃദയാഘാത സാധ്യതവരെയുണ്ട്. തലച്ചോറിന്റെ പ്രവർത്തനശേഷി കുറഞ്ഞു പോവുന്നതിനൊപ്പം ലൈംഗികശേഷിയും നഷ്ടപ്പെടാം.

കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാൽ ലഹരി ഉപയോഗം തുടക്കത്തിലേ മനസിലാക്കാനാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഉറക്കത്തിന്റെ രീതിയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം, കുളിമുറിയിൽ കൂടുതൽ സമയം ചെലവഴിക്കൽ, കണ്ണുകളിലേക്കു നോക്കാതെയുള്ള ഉഴപ്പൻ മട്ടിലുള്ള സംസാരം, ദേഷ്യം വരുമ്പോഴുള്ള പൊട്ടിത്തെറിക്കലുകൾ, പഴയ സൗഹൃദങ്ങൾ നഷ്ടപ്പെടൽ, പുതിയ കൂട്ടുകൂടലുകൾ, നിശബ്ദത, ഒറ്റയ്ക്കിരിക്കൽ തുടങ്ങി പെരുമാറ്റ രീതികൾ കുട്ടികളിൽ പെട്ടെന്നു കണ്ടാൽ രക്ഷാകർത്താക്കൾ ശ്രദ്ധിക്കണം.

കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കാൻ തുടങ്ങുന്നവരിൽ മുക്കൊലിപ്പ്, കവിളുകൾ ചുവന്നു വീർക്കൽ, ചുവന്ന കണ്ണുകൾ ഇവ സാധാരണമാണ്. വസ്ത്രങ്ങളിൽ കരിഞ്ഞപാട്, ശരീരത്തിൽ കുത്തിവയ്പിന്റെ അടയാളങ്ങൾ എന്നിവയും കാണാം. വീട്ടിൽ നിന്നും പണമോ മറ്റു സാധനങ്ങളോ കാണാതാകുന്നതും സംശയത്തോടെവേണം നോക്കി കാണാൻ. അതുപോലെ തന്നെ വികൃതിക്കുട്ടിയെ സൂക്ഷിക്കണം. അമിതവികൃതി, പിരുപിരുപ്പ്, ശ്രദ്ധക്കുറവ്, എടുത്തുചാട്ടം തുടങ്ങിയ ലക്ഷണങ്ങളുള്ള ഹൈപ്പർ കൈനറ്റിക് കുട്ടികൾ, അക്രമവാസന, കളവുപറച്ചിൽ, മോഷണം എന്നിവ ശീലമാക്കിയവർ ലഹരിക്ക് അടിമപ്പെടാൻ ഇടയുണ്ട്.

അമിതമായ പരീക്ഷണ ത്വരയുള്ള ഇവർ ലഹരി വസ്തുക്കൾ വളരെ ചെറുപ്പത്തിലേ പരീക്ഷിച്ചു നോക്കാൻ സാധ്യതയുണ്ട്. അതിനാൽ രക്ഷാകർത്താക്കൾ പരമാവധി കരുതലോടെ വേണം ഈ കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ. ജീവിതസാഹര്യങ്ങളുടെ സ്വാധീനവും ഇക്കാര്യത്തിൽ നിർണായകമാണ്. മാതാപിതാക്കളുടെ പൊരുത്തക്കേട്, അച്ഛന്റെ മദ്യപാനം, മോശമായ കൂട്ടുകെട്ടുകൾ എന്നിവയൊക്കെ കുട്ടികളെ ലഹരിയുടെ വഴിയിലേക്കു നയിക്കാറുണ്ട്. ലഹരി ഉപയോഗമോ വിൽപ്പനയോ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ എക്സൈസ് ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കുക.
Excise Help Desk

PH : 0471-2322825
Mob : 9447178000, 9061178000

Kerala Police
100, 112, 0471 2422000, 0471 2420700.