കൊച്ചി: ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലുടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മേഘ്‌ന വിൻസന്റും കുടുംബജീവിതത്തിലേക്ക്. നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞു.

അമൃത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച മേഘ്നയെ വിവാഹം കഴിക്കുന്നതു തൃശൂർ സ്വദേശിയായ ഡോൺ ടോണിയാണ്. ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകൾ നടന്ന വിവരം മേഘ്‌ന തന്നെയാണു ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

കല്യാണം അടുത്തവർഷം നടത്താനാണു തീരുമാനം. എന്നാൽ, തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഫെബ്രുവരിയിൽ ഇവരുടെ വിവാഹം ഉറപ്പിക്കൽ ചടങ്ങുകൾ നടന്നിരുന്നു. കഴിഞ്ഞ ദിവസമാണു വിവാഹ നിശ്ചയം നടന്നത്.

സിനിമ-സീരിയൽ താരം ഡിംപിൾ റോസിന്റെ സഹോദരനാണു ഡോൺ ടോണി. കാസനോവ എന്നാ മോഹൻലാൽ ചിത്രത്തിൽ ഡിംപിൾ റോസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡ്രീം ക്രിയേഷൻ എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ് ഡോൺ ടോണി.

ഇടക്കൊച്ചി സ്വദേശിയാണ് മേഘ്‌ന. അച്ഛൻ വിൻസന്റ് ഗൾഫിലാണ്. സ്പീക്കറായിരുന്ന ജി കാർത്തികേയന്റെ നിര്യാണത്തെത്തുടർന്ന് അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ പ്രചാരണത്തിന് മേഘ്‌ന എത്തിയതു വലിയ വാർത്തയായിരുന്നു. ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഒ രാജഗോപാലിനു വേണ്ടിയായിരുന്നു മേഘ്‌ന പ്രചാരണത്തിന് എത്തിയത്.