ന്യൂഡൽഹി: ജമ്മു കശ്മീരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചൈനയും ശ്രമിക്കുന്നതായി മുഖ്യമന്ത്രി മെഹബൂബ മുഫ്തി. അമർനാഥ് തീർത്ഥാടകർക്കെതിരായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി ചർച്ചനടത്തിയ ശേഷമാണ് മെഹബൂബ ഇക്കാര്യം പറഞ്ഞത്. കശ്മീർ വിഷയത്തിൽ ഇടപെടാൻ തയ്യാറാണെന്ന് ചൈന പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് മെഹബൂബ ഈ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്.

'കശ്മീരിൽ വർഗ്ഗീയ കലാപമുണ്ടാക്കാൻ പുറത്തുനിന്നുമുള്ള ഇടപെടൽ ശക്തമാണ്. സമാധാനം നിലനിൽക്കുമ്പോൾ സംസ്ഥാനത്ത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം. ഇപ്പോൾ ചൈനയും ഇത്തരത്തിൽ ഇടപെലുകൾ നടത്താൻ തുടങ്ങിയിരിക്കുന്നു. എല്ലാവരുടെയും ലക്ഷ്യം കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കുക എന്നതാണ്' മുഫ്തി പറഞ്ഞു. കഴിഞ്ഞ ദിവസം അമർനാഥ് തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഏഴ് തീർത്ഥാടകരാണ് മരിച്ചത്.

കശ്മീർ താഴ്‌വരയിൽ സമീപകാലത്ത് കണ്ടിട്ടില്ലാത്ത വിധം തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്നു. അതിർത്തികളിൽ വലിയ നുഴഞ്ഞു കയറ്റമുണ്ടാകുന്നു. പാക്കിസ്ഥാൻ പിന്തുണയോടെ നടത്തുന്നുവെന്ന് കരുതുന്ന പ്രതിഷേധ പ്രകടനങ്ങൾ പലപ്പോഴും അക്രമാസക്തമാവുന്നു. ഈ സാഹചര്യത്തിലാണ് ചൈനയുടെ ഇടപെടലും ഉണ്ടാകുന്നത്. എന്നാൽ ചൈനയുടെ പ്രവർത്തനങ്ങളേക്കുറിച്ച് കൂടുതൽ പറയാൻ അവർ തയ്യാറായില്ല. സംസ്ഥാനം നേരിടുന്നത് ക്രമസമാധാന പ്രശ്നം മാത്രമല്ലെന്നും മെഹബൂബ പറഞ്ഞുവെച്ചു.

ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കു പ്രകാരം മെയ് മാസം വരെ 120 നുഴഞ്ഞു കയറ്റ ശ്രമങ്ങളാണ് അതിർത്തിയിൽ ഉണ്ടായത്. ഇതിൽ 30 തീവ്രവാദികൾ സുരക്ഷിതരായി രാജ്യത്ത് എത്തിച്ചേർന്നതായാണ് കണക്ക്. സിക്കിമിലെ ദോക്ലാമിൽ ചൈനയുടേയും ഇന്ത്യയുടേയും സേനകൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴാണ് മെഹബൂബയുടെ ഈ പരാമർശം കൂടുതൽ പ്രസക്തമാകുന്നത്.