ഭാര്യയുടെ കൈപിടിച്ച് ഒരുമിച്ച് വൈറ്റ് ഹൗസിന്റെ പടികൾ കയറുവാനൊന്നും ഡൊണാൾഡ് ട്രംപിനെ കിട്ടില്ല. അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ബരാക് ഒബാമയെ കാണാൻ വൈറ്റ് ഹൗസിലെത്തിയ ട്രംപ്, കാറിൽനിന്നിറങ്ങി നേരെ വൈറ്റ് ഹൗസിലേക്ക് കടക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ മെലാനിയയെ മൈൻഡ് ചെയ്യാതെ ട്രംപ് പടികൾ കയറിയപ്പോൾ മെലാനിയയെ കാത്തുനിന്ന് സ്വീകരിച്ചത് ഒബാമയും ഭാര്യ മിഷേലും ചേർന്ന്.

മെലാനിയയെ മൈൻഡ് ചെയ്യാത്ത ട്രംപിന്റെ നടപടികൾ ഇതിനകം തന്നെ അമേരിക്കൻ മാദ്ധ്യമങ്ങളുടെ വിമർശനത്തിന് ഇടയായിട്ടുണ്ട്. ഒബാമയോ മുൻഗാമികളായ ബിൽ ക്ലിന്റണോ ജോർജ് ബുഷോ ഒക്കെ എവിടെപ്പോകുമ്പോഴും ഭാര്യയുടെ കൈപിടിച്ച് നടന്നിരുന്നു. എന്നാൽ, മെലാനിയ ഒപ്പമെത്തുന്നതുവരെ കാത്തുനിൽക്കാതെ, ട്രംപ് നേരെ നടന്നുകയറുകയായിരുന്നു.

ട്രംപിന്റേത് മാന്യമായ നടപടിയല്ലെന്നാണ് മാദ്ധ്യമങ്ങളുടെ വിമർശനം. ആദ്യമായി പ്രസിഡന്റിനെ കാണാൻ പോയപ്പോൾ, മുൻഗാമികളെല്ലാം ഭാര്യ വരുന്നതുവരെ കാത്തുനിന്നിരുന്നു. അതിന് തയ്യാറാകാതിരുന്ന ട്രംപിന്റെ നിലപാട് ഞെട്ടിക്കുന്നതായിരുന്നുവെന്ന് ചില വിമർശകർ പറയുന്നു. മെലാനിയ കാറിൽനിന്ന് ഇറങ്ങുമ്പോഴേക്കും ട്രംപ് ഒബാമയെയും മിഷേലിനെയും കടന്ന് വൈറ്റ് ഹൗസിനുള്ളിലെത്തിയിരുന്നു.

ഭാര്യയോടുള്ള ട്രംപിന്റെ സമീപനം മിഷേലിനെ തെല്ലൈാന്ന് ചൊടിപ്പിച്ചതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്യാമറകൾക്ക് മുന്നിൽ ഒബാമയും മിഷേലും ചിരിച്ചെങ്കിലും, മെലാനിയയെ കൂട്ടാത്ത ട്രംപിനോടുള്ള അപ്രീയം മിഷേലിന്റെ മുഖത്ത് പ്രകടമായിരുന്നുവെന്നും സൂചനയുണ്ട്. പിന്നാലെ വന്ന മെലാനിയയുടെ പുറത്ത് കൈവച്ച് ഒബാമയും മിഷേലും കൂടി അവരെ വരവേറ്റത് ഇതിന്റെ സൂചനയായിരുന്നുവെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2009-ൽ ബരാക് ഒബാമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഒബാമയും മിഷേലും വൈറ്റ് ഹൗസിലെത്തിയത് ഒരുമിച്ചാണ്. മിഷേലിനെ മുന്നിൽ നടക്കാൻ അനുവദിച്ച ഒബാമ, ഭാര്യയോടുള്ള തന്റെ കരുതൽ എത്രയെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സാധാരണഗതിയിൽ അധികാരമേൽക്കാൻ പോകുന്ന പ്രസിഡന്റ് ഭാര്യയുടെ കൈപിടിച്ചാണ് വൈറ്റ് ഹൗസിന്റെ പടികൾ കയറാറുള്ളത്.