കോട്ടയം: പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടുപോകുമെന്നു ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി വീട്ടമ്മയുടെ പരാതി. മേലുകാവ് സ്വദേശിനിയാണ് പൊലീസിൽ പരാതി നൽകിയത്. മോഷ്ടിച്ച സിമ്മിൽ നിന്നാണു വിളി വന്നതെന്നും ഫോൺ ഇപ്പോൾ ഓഫ് ചെയ്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

അനൂപ് മേനോൻ എന്നു പരിചയപ്പെടുത്തി ഒരാൾ കഴിഞ്ഞ മാസം മകളുടെ ഫോണിലേക്കു വിളിച്ച് ആൽബത്തിന് ആവശ്യമായ ജോലികൾ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇയാൾ പിന്നീട് അമ്മയെയും മകളെയും തുടർച്ചയായി വിളിച്ചു. തുടർന്ന്, ആൽബത്തിന്റെ ജോലിക്കു താൽപര്യമില്ലെന്ന് അറിയിച്ചു. ഇതോടെ മകളെ തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നിൽ മാഫിയാ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. അതിശക്തമായ അന്വേഷണം നടത്താനാണ് തീരുമാനം.

ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്. ആറന്മുള സ്വദേശിയുടെ മോഷ്ടിച്ച സിം കാർഡിൽ നിന്നാണു വിളിക്കുന്നതെന്നും ഇതേ നമ്പറിൽ നിന്നു സമാനമായ പരാതി പല സ്റ്റേഷനിലും ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഈ സാഹചര്യത്തിൽ ഈ നമ്പർ മരവിപ്പിക്കാനുള്ള നടപടികൾ പൊലീസ് എടുക്കും. മൊബൈൽ സേവനദാതാക്കളുമായി ബന്ധപ്പെടും. അതിന് മുമ്പ് ഈ സിം ഇനി ഉപയോഗിക്കുമ്പോൾ വിശദാംശങ്ങൾ കണ്ടെത്താനും ശ്രമിക്കും. ഭീഷണിപ്പെടുത്തി പെൺകുട്ടികളെ ഇംഗിതങ്ങൾക്ക് വിധേയമാക്കുന്ന സംഘമാകും ഇതിന് പിന്നിലെന്നാണ് നീഗമനം.

പൊലീസ് ഗൗരവത്തോടെയാണ് പുതിയ പരാതി എടുക്കുന്നത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയവരെ കണ്ടെത്താനാണ് നീക്കം. യുവതികളെ മോഡലിംഗിന്റെ പേരിൽ കുടുക്കുന്ന സംഘങ്ങളാകാം ഇതിന്റെ പിന്നിലെന്നാണ് സംശയം. സിം മോഷണം പോയിട്ടും എന്തുകൊണ്ട് സേവനദാതാക്കളെ അറിയിച്ച് അത് മരവിപ്പിച്ചില്ലെന്ന ചോദ്യവും പ്രസക്തമാണ്.

അതുകൊണ്ട് ആറന്മുളക്കാരനേയും നിരീക്ഷിക്കും. ഇനി മൊബൈൽ ഓൺ ചെയ്യുമ്പോൾ വേണ്ട വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.