- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 കൊല്ലം മുമ്പ് കോട്ടയത്തെ ഏറ്റവും മികച്ച സഹകരണ ബാങ്ക്; ഇന്ന് കോടിക്കണക്കിന് രൂപയുടെ നഷ്ടക്കഥ; ഇടതു വലതും മാറി മാറി ഭരിച്ച് മുടിപ്പിച്ചത് ഒരു ഗ്രാമത്തിന്റെ ആകെ സഹകരണ പ്രതീക്ഷയെ; അട്ടിമറിക്ക് അതികായരെ വീഴ്ത്തി ചരിത്രം രചിച്ചവർ ചൂലുമായി എത്തുന്നു; മേലുകാവ് സഹകരണ ബാങ്കിൽ മാറ്റത്തിന്റെ കാറ്റെത്തുമോ? ആംആദ്മി ബാങ്ക് പിടിക്കാനെത്തുമ്പോൾ
കോട്ടയം: ശ്രീനിവാസന്റെ 'കഥപറയുമ്പോൾ' എന്ന സിനിമയിലെ പ്രധാനകഥാപാത്രമാണ് മേലുകാവിന്റെ അഭിമാനമായ ബാലൻ. ആ ബാലനെപ്പോലെ തീർത്തും വ്യത്യസ്തമാകാനൊരുങ്ങുകയാണ് മേലുകാവ് എന്ന നാടും. ഈ വരുന്ന മേലുകാവ് ബാങ്ക് തിരഞ്ഞെടുപ്പിൽ മുഴുവൻ പാനലുമായി മത്സരിക്കുന്ന ആം ആദ്മി പാർട്ടിയെ ഹൃദയത്തോട് ചേർത്തുപിടിക്കുകയാണ് മേലുകാവ് എന്ന മലയോരഗ്രാമം. കേരള ചരിത്രത്തിൽ ആദ്യമായാണ് ആം ആദ്മി പാർട്ടി ഒരു സഹകരണസംഘം തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ പാനലുമായി മത്സര രംഗത്തിറങ്ങുന്നത്. ഇവിടെ വിജയിച്ചാൽ അതൊരു പുതിയ തുടക്കമാകും ആംആദ്മി പാർട്ടിക്ക്. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വീറോടെ മത്സരിക്കാനുള്ള ആത്മബബലം.
കരുവന്നൂർ ബാങ്കിന്റെയും ഇളങ്ങുളം ബാങ്കിന്റെയും, മൂന്നിലവ് ബാങ്കിന്റെയും അവസ്ഥയിലേക്ക് മേലുകാവ് ബാങ്ക് എത്താതിരിക്കുന്നതിനും, ഈ ബാങ്കിന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനും വേണ്ടിയാണ് പോരാട്ടം. ഈ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഴുവൻ പേരും തോറ്റാൽ അതൊരു ചെറിയ സംഭവമായിരിക്കും. എന്നാൽ ആംആദ്മി പാർട്ടിയുടെ പാനൽ ഇവിടെ ജയിച്ചാൽ ഒരു മാറ്റം ആഗ്രഹിക്കുന്ന കേരള ജനതയ്ക്ക് പ്രചോദനവും ആവേശവും നൽകുന്ന വലിയ സംഭവമായിരിക്കും. മേലുകാവ് ബാങ്കിനെ സഹകരണ ബാങ്കുകളിൽ കേരളത്തിലെ ഏറ്റവും നല്ല ബാങ്ക് ആക്കി മാറ്റുമെന്നാണ് ആംആദ്മി പ്രചരണ രംഗത്ത് എത്തിക്കുന്ന മുദ്രാവാക്യം.
പഞ്ചാബ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രി ആയിരുന്ന പരംജിത് സിംങ്ങ് ചന്നിയെ വീഴ്‌ത്തിയത് കേവലം മൊബൈൽ ഫോൺ ഷോപ്പ് ജീവനക്കാരൻ ആയ ആദ്മി പാർട്ടി അംഗം ലാഭ് സിങ്ങ് ആയിരുന്നു. അത് പോലെ........ അഴിമതിക്കാരായ അതികായന്മാരെ വീഴ്‌ത്തിയ ചരിത്രമുള്ള ഈ പാർട്ടി. മേലുകാവിലും തിരഞ്ഞെടുത്തിരിക്കുന്നത് നിസാരമെന്നു തോന്നാവുന്ന സാധാരണക്കാരെ ആണെന്ന് പാർട്ടി പറയുന്നു. മേലുകാവ് ബാങ്കിലെ പ്രായമേറിയ ഓഹരി ഉടമ അടക്കം ഇന്ന് ആംആദ്മിക്കൊപ്പമാണ്. വീറും വാശിയും കൂട്ടി റോഡുകളിൽ പ്രചരണം നടത്തുകയാണ് അവർ. ഓരോ വോട്ടും അവർക്ക് വിലപ്പെട്ടതാണ്. സ്ഥാനാർത്ഥികൾക്ക് പ്രത്യേക പരിശീലനവും ്അവർ ഒരുക്കുന്നു. മാറുന്ന കാലത്തെ അഴിമതി വിരുദ്ധ പോരാട്ടത്തിന് ആംആദ്മി മേലുകാവിൽ അങ്കം മുറുക്കുകയാണ്.
ബാങ്കിന്റെ കഥ തുടങ്ങുന്നത് 20 വർഷങ്ങൾക്ക് മുമ്പ് ഈ ബാങ്കിന്റെ പ്രസിഡന്റായിരുന്ന പാപ്പച്ചൻ വട്ടക്കാനായിൽ എന്ന വയോധികനിൽ നിന്നാണ്. അന്ന് പാപ്പച്ചൻ വട്ടക്കാനായിലിന്റെ കാലത്ത് ഈ ബാങ്കിന് കോട്ടയം ജില്ലയിലെ ഏറ്റവും നല്ല സഹകരണ ബാങ്കിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഓഹരി ഉടമകൾക്ക് ലാഭവിഹിതവും നൽകിയിരുന്നു. എന്നാൽ പിന്നീട് കഥ മാറി....ഇരു മുന്നണികളും മാറി മാറി ഭരിച്ച് ഇന്ന് ബാങ്ക് ആകെ നൽകിയിട്ടുള്ള വായ്പയുടെ നാലിലൊന്നും കിട്ടാക്കടമായി കിടക്കുന്നു. കോടിക്കണക്കിന് രൂപ നഷ്ടത്തിൽ പോകുന്ന ബാങ്ക് ഓഹരി ഉടമകൾക്ക് യാതൊരു നേട്ടവും നൽകുന്നുമില്ല .
ഇതിനിടയിൽ ഇരു മുന്നണികളും ക്ലീൻ ഇമേജ് ഉള്ള പലരേയും അവരുടെ നേട്ടത്തിനായി ബാങ്ക് ഭരണസമിതിയിലേക്ക് ജയിപ്പിച്ചെടുത്തു. എങ്കിലും അവരൊക്കെ ഇവരുടെ പ്രവൃത്തിയിൽ അവർ മനം മടുത്ത് പിന്നീട് മത്സര രംഗത്ത് പിന്മാറി.. ബാങ്കിനെ നഷ്ടത്തിലാക്കിക്കൊണ്ടുള്ള ഇക്കൂട്ടരുടെ നാടകംകളി കണ്ട് മടുത്തതു കൊണ്ടാണ് ബാങ്കിനോട് ആത്മ ബന്ധമുള്ള മുൻ പ്രസിഡന്റായിരുന്ന വ്രി.ഐ. അബ്രാഹം (പാപ്പച്ചൻ വട്ടക്കാനായിലും) അദ്ദേഹത്തോടൊപ്പം മറ്റ് 12 പേരും വീണ്ടും മത്സര രംഗത്ത് വരാൻ തയ്യാറായത്. ഇദ്ദേഹത്തിന്റെ പിതാവ് ഈ ബാങ്കിന്റെ ആദ്യകാലങ്ങളിൽ പ്രസിഡന്റായിരുന്നു. ബാങ്ക് സ്ഥാപിക്കുന്നതിനുള്ള സ്ഥലം സൗജന്യമായി നൽ കിയതും ഇദ്ദേഹത്തിന്റെ പിതാവാണ്.
ജനത്തിനു നന്മ ചെയ്തുകൊണ്ട് രാജ്യഭരണം എങ്ങനെ ആയിരിക്കണമെന്ന് ഡൽഹി ഭരണത്തിലൂടെ അരവിന്ദ് കെജിവാൾ കാണിച്ചു തന്നത് മാതൃകയായി എന്ന് പാപ്പച്ചൻ പറയുന്നു. രണ്ടു മുന്നണികളെയും കണ്ട് മടുത്ത കേരള ജനതയ്ക്ക് പ്രതീക്ഷയുടെ വെള്ളി വെളിച്ചമായി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്ത്വത്തിൽ ആം ആദ്മി പാർട്ടി കടന്നു വന്നിരിക്കുന്നു. ബാങ്കിന്റെ നന്മക്കുവേണ്ടി ആം ആദ്മി പാർട്ടി മുന്നോട്ട് വച്ച 13 സ്ഥാനാർത്ഥികളുടെ ഈ പാനലിൽ എല്ലാവരും സാധാരണക്കാരാണ്. തങ്ങളെ തിരഞ്ഞെടുത്താൽ ബാങ്കിനെ നഷ്ടത്തിൽ നിന്നും കരകയറ്റി ഓഹരി ഉടമകൾക്കും നാടിനും ഉപകാരപ്പെടുന്ന വിധത്തിൽ പുരോഗതിയിലേക്ക് നയിക്കാൻ ആം ആദ്മി സ്ഥാനാർത്ഥികൾ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന വാക്ക് നൽകുന്നുമുണ്ട്.
അതിലുപരി ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ഇല്ലാതെ വന്നാൽ, പാർട്ടിയുടെ ഉപദേശവും നയവും അനുസരിച്ച് തിരുമാനമെടുക്കുമെന്നും കുതിരക്കച്ചവടത്തിനും കാലുമാറ്റത്തിനും കൂട്ട് നിൽക്കില്ല എന്നും വോട്ടറന്മാരിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ട് തങ്ങളെ തിരിച്ചു വിളിച്ചാൽ സ്ഥാനം രാജിവച്ചിറങ്ങാനും സന്നദ്ധരായിരിക്കും എന്നും ഇവർ സമ്മതിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ