- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെമ്മറി കാർഡിലെ കൃത്യവിലോപം ഹണി എം വർഗീസിന്റെ കോടതിയിലിരിക്കെ; വിവോ ഫോണിൽ മെമ്മറി കാർഡ് ഇട്ടത് അരമണിക്കൂറോളം; ഹാഷ് വാല്യുവിൽ മൂന്ന് തവണ മാറ്റം; നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഡാർക് വെബ്ബിലും?
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുറത്തുവന്ന എഫ്എസ്എൽ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. മൂന്നാം തവണ ഹാഷ് വാല്യു മാറിയതിന് പിന്നിൽ വിചാരണക്കോടതിയുടെ ഗുരുതരമായ കൃത്യവിലോപമെന്ന് ശാസ്ത്രീയ പരിശോധനാ ഫലം ചൂണ്ടിക്കാണിക്കുന്നു. ജഡ്ജ് ഹണി എം വർഗീസിന്റെ കോടതിയിലിരിക്കെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് സ്മാർട്ട് ഫോൺ ഉപയോഗിച്ച് ആക്സസ് ചെയ്തതായി സ്ഥിരീകരിക്കപ്പെട്ടു.വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ഫോണിൽ 'നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വിഡിയോ ഗെയിം ഉണ്ടായിരുന്നതായി കണ്ടെത്തി.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9 നു രാത്രി 9.58 നു ലാപ്ടോപുമായി ഘടിപ്പിച്ചാണു കാർഡ് പരിശോധിച്ചത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന 2018 ഡിസംബർ 13 ന് രാത്രി 10.58ന് ആൻഡ്രോയിഡ് ഫോണിലിട്ടാണു കാർഡ് പരിശോധിച്ചിരിക്കുന്നത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ 19നു ഉച്ചയ്ക്ക് 12.30നു ജിയോ സിംകാർഡ് ഉപയോഗിക്കുന്ന വിവോ ഫോണിലിട്ടാണു കാർഡ് പരിശോധിച്ചതെന്നും ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി.
മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടനയിൽ (ഹാഷ് വാല്യൂ) മൂന്നു തവണയെങ്കിലും മാറ്റം വന്നതായി കണ്ടെത്തി. കാർഡിന്റെ ഡിജിറ്റൽ ഘടനയിൽ സംഭവിച്ച മാറ്റം അതിലെ ദൃശ്യങ്ങളിൽ സംഭവിച്ചിട്ടില്ലെങ്കിലും അതിന്റെ മെറ്റാ ഡേറ്റയിൽ (അനുബന്ധ ഡേറ്റ) മാറ്റം കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരം കോടതി രേഖകളിൽ ഇല്ലാത്തതിനാൽ ദൃശ്യങ്ങൾ അനുവാദമില്ലാതെയാണ് കണ്ടിരിക്കുന്നത് എന്നതു വ്യക്തമാക്കുന്നുണ്ട്. കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ലാപ്ടോപ്, ആൻഡ്രോയ്ഡ് ഫോൺ വിവോ ഫോൺ എന്നിവയുടെ ഉടമകളെ കണ്ടെത്തുന്നതിനുള്ള ശ്രമവും അന്വേഷണ സംഘം നടത്തുന്നുണ്ട്.
ഈ സാഹചര്യത്തിൽ തുടരന്വേഷണം പൂർത്തിയാക്കാൻ 3 ആഴ്ച അധിക സമയം ഹൈക്കോടതിയോടു ചോദിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമ ആപ്പുകൾക്കും വിഡിയോ ഗെയിമിനും വിവോ ഫോണിലെ വിവരങ്ങൾ പരിശോധിക്കാനുള്ള അവസരമുണ്ടായിരുന്ന ഘട്ടത്തിലാണ് ഇതേ ഫോണിൽ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡും പരിശോധിച്ചിട്ടുള്ളത്. കോടതിയിൽ നിന്നു ദൃശ്യങ്ങൾ ചോർന്നതായുള്ള അതിജീവിതയുടെ ആശങ്കയ്ക്ക് അടിവരയിടുന്നതാണു പുതിയ ഫൊറൻസിക് പരിശോധനാ റിപ്പോർട്ട്.
ഇന്നാണ് പരിശോധനാ ഫലം അന്വേഷണ സംഘം വിചാരണക്കോടതിയിൽ സമർപ്പിച്ചത്. കേസന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിക്കും. ഈ സാഹചര്യത്തിൽ 3 ആഴ്ച കൂടി അന്വേഷണ സംഘം ചോദിച്ചിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ഡാർക് വെബ്ബിൽ ലഭ്യമെന്നു സ്ഥിരീകരിക്കാത്ത വിവരം.നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായി പൊലീസ് ചൂണ്ടിക്കാണിക്കുന്ന മെമ്മറി കാർഡ് നിയമവിരുദ്ധമായി ആക്സസ് ചെയ്തെന്ന സ്ഥിരീകരണം അന്വേഷണത്തിൽ വഴിത്തിരിവാകും.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്നാണ് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വെച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണക്കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയത്.
മറുനാടന് മലയാളി ബ്യൂറോ