കോഴിക്കോട്; കോഴിക്കോട് ജാഫർഖാൻ കോളനിയിലെ വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ അക്രമണമെന്ന രീതിയിൽ പ്രചരിച്ചതിന് പിന്നിലെ സത്യാവസ്ഥ പുറത്ത്. വിവിധ ആളുകളിൽ നിന്ന് പണം വാങ്ങി തിരിച്ചു നൽകാതെ പറ്റിക്കുന്നത് പതിവാക്കിയ വ്യാപാരിയെ പണം ലഭിക്കാനുള്ള ആളുകൾ കൈകാര്യം ചെയ്തതാണ് സംഭവം. കോഴിക്കോട് ജാഫർഖാൻ കോളനിയിൽ ഇവൻസ എംപോറിയം എന്ന പേരിൽ കോവിഡ് സുരക്ഷ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ഉടമയെയാണ് അദ്ദേഹം പണം തിരികെ നൽകാനുള്ളവർ കൈയേറ്റം ചെയ്തത്.

സംഭവത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെയാണ്.കോവിഡ് കാലത്തിന്റെ തുടക്കത്തിലാണ് ഷാഹിദ് എന്നയാൾ കോഴിക്കോട് ജാഫർഖാൻ കോളനിയിൽ കോവിഡ് സുരക്ഷ ഉത്പന്നങ്ങൾ മാത്രം വിൽക്കുന്ന ഒരു സ്ഥാപനം ആരംഭിച്ചത്. നിരവധിയാളുകളിൽ നിന്ന് പണം കടംവാങ്ങിയാണ് അദ്ദേഹം സംരംഭം ആരംഭിച്ചത്. നല്ല രീതിയിൽ വരുമാനവും ഈ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. എന്നാൽ പണം നൽകിയ ആർക്കും ഷാഹിദ് പണം തിരികെ നൽകിയിരുന്നില്ല. പലരും പണം തിരികെ ചോദിക്കുമ്പോൾ ഫോണെടുക്കാതെയും അസഭ്യം പറഞ്ഞും കബളിപ്പിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് പണം നൽകിയവർ നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഒത്തുതീർപ്പിന് വിളിച്ചെങ്കിലും നിഷേധാത്മക നിലപാടായിരുന്നു ഷാഹിദ് സ്വീകരിച്ചിരുന്നത്. മാത്രവുമല്ല പണം പിരിക്കലാണോ പൊലീസിന്റെ പണിയെന്ന് ചോദിച്ച് പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു. തുടങ്ങിയിട്ട് കേവലം മാസങ്ങൾ മാത്രമായ സ്ഥാപനത്തിലെ ജീവനക്കാർക്ക് ശമ്പളവും നല്ല രീതിയിൽ നൽകിയിരുന്നില്ല. ഇതിനാൽ തന്നെ മാസങ്ങൾക്കുള്ളിൽ നിരവധി ജീവനക്കാരാണ് ഇവിടെ വന്നുപോയത്. ആരും സ്ഥിരമായി ഇവിടെ നിൽക്കാതിരുന്നത് ശമ്പളം ലഭിക്കാത്തതിനാലും ഷാഹിദ് നിരന്തരം അസഭ്യം വിളിച്ചതിനാലുമാണ്.ഇത്തരത്തിൽ വിവിധ പരാതികളിൽ മൂന്നോളം കേസുകൾ ഇയാൾക്കെതിരെ നടക്കാവ് സ്റ്റേഷനിലുണ്ട്. സ്ഥാപനത്തിലെ വനിത ജീവനക്കാരിയും ഇയാൾക്കെതിരെ പൊലീസിൽ പരാതിയ നൽകിയിട്ടുണ്ട്.പണം ലഭിക്കാനുള്ളവർ നൽകിയ പരാതിയിൽ ഇയാളെ അന്വേഷിച്ച് പൊലീസ് സ്ഥാപനത്തിൽ വാഹനവുമായി എത്തിയിരുന്നെങ്കിലും സ്വന്തം വണ്ടിയിൽ വരാമെന്ന് പറഞ്ഞ് ഷാഹിദ് പൊലീസിനെ മടക്കി അയക്കുകയായിരുന്നു. മാത്രവുമല്ല പൊലീസിന് പണം പിരിക്കലാണോ ഇപ്പോൾ ജോലിയെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു.

ഇത്തരത്തിൽ നിരവധി സാമ്പത്തിക ക്രമക്കേടുകളും തൊഴിലാളി ചൂഷണവും നടത്തുന്ന ആളാണ് ഷാഹിദ്. ഷാഹിദിന് പണം നൽകി വഞ്ചിതരായ ഒരു കൂട്ടം ആളുകളാണ് ഇന്നലെ ഷാഹിദിനെ മർദ്ദിച്ചത്. പണം തിരികെ ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമാണ് ഷാഹിദ് ചെയ്തിരുന്നത്.

കടംനൽകിയ പണം തിരികെ ലഭിക്കാതെ വരികയും നിരന്തരം ഭീഷണപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പണം നൽകിയവർ ഇന്നലെ നേരിട്ട് ഷാഹിദിന്റെ കടയിലെത്തിയത്. വൈകിട്ട് ആറു മണിയോടെയാണ് ഇവർ കടയിലെത്തിയത്. പണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഷാഹിദ് പണം തിരികെ നൽകാതെ ഇവരോട് തട്ടിക്കയറുകയായിരുന്നു. പിന്നീട് ബഹളം കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു.

ഈ തർക്കത്തെയാണ് കോഴിക്കോട്ടെ വ്യാപാര സ്ഥാപനത്തിൽ ഗുണ്ട ആക്രമണമെന്ന രീതിയിൽ പ്രചരിപ്പിച്ചത്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ പൊലീസിനെ ബന്ധപ്പെട്ടിരുന്നതായി ഷാദിഹ് പറയുന്നുണ്ടെങ്കിലും നേരത്തെ ഒരു തവണ ഈ പ്രശ്നം പരിഹരിക്കാനായി പൊലീസ് ഇടപെട്ടിരുന്നെങ്കിലും ഷാഹിദ് സഹകരിച്ചിരുന്നില്ല.

നേരത്തെ ഇവന്റ് മാനേജ്മെന്റ് ബിസിനസ് നടത്തിയിരുന്ന ഷാഹിദ് ആ മേഖലയിലും നിരവധി പേർക്ക് പണം നൽകാനുണ്ട്. കോവിഡ് കാരണം ആ മേഖലയിലെ ബിസിനസ് കുറഞ്ഞപ്പോഴാണ് കോവിഡ് സുരക്ഷ ഉപകരണങ്ങളായ മാസ്‌ക്, സാനിറ്റൈസർ, പിപിഇ കിറ്റുകൾ മുതലായവ മാത്രം വിൽക്കുന്ന സ്ഥാപനം ആരംഭിച്ചത്.