കൊച്ചി: എറണാകുളം മഹാരാജ് കോളേജ് കേരളത്തിന് തലയെടുപ്പുള്ള നിരവധി രാഷ്ട്രീയക്കാരെ സമ്മാനിച്ച കോളേജാണ്. ഈ കോളേജിന്റെ സംഭാവനയായിരുന്നു പി ടി തോമസും ഉമ തോമസും അടക്കമുള്ളവർ. എറണാകുളം മഹാരാജാസ് കോളജ് ക്യാംപസിലെ പ്രണയവും രാഷ്ട്രീയവും ഇടകലരുന്ന കഥകളിലെ നായികമാരാണ് ഉമയും മേഴ്‌സിയും. മഹാരാജാസിലെ പൂർവ വിദ്യാർത്ഥിയായ മേഴ്‌സി വയലാർ രവിയെ വിവാഹം കഴിച്ച് മേഴ്‌സി രവിയായി. പിന്നീട് രാഷ്ട്രീയത്തിൽ ഇറങ്ങി കോട്ടയത്തിന്റെ ആദ്യ വനിതാ എംഎൽഎയുമായി.

പി ടിയുടെ പ്രിയതമ ഉമ ഹരിഹരൻ പിന്നീട് ഉമ തോമസ് ആയി. ഇപ്പോൾ തൃക്കാക്കരയുടെ ആദ്യ വനിതാ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കെഎസ്‌യു നേതാവായിരുന്ന വയലാർ രവിയുമായുള്ള മേഴ്‌സിയുടെ പ്രണയം തുടങ്ങുന്നത് ക്യാംപസിനുള്ളിലാണ്, 1960 കളിൽ. പിന്നീട് 20 വർഷത്തിനപ്പുറം അന്നത്തെ കെഎസ്‌യു പ്രസിഡന്റ് പി.ടി തോമസും ഉമയും ആദ്യമായി കണ്ടുമുട്ടുന്നതും അതേ മഹാരാജാസിന്റെ ഇടവഴിയിൽ.

വീട്ടുകാർ കല്യാണാലോചന തുടങ്ങിയപ്പോൾ, വീട്ടിൽ നേരിട്ടു വന്ന് ഇറക്കിക്കൊണ്ടുപോകണമെന്നു ശാഠ്യം പിടിച്ച ഉമയെ പി.ടി. കൈപിടിച്ച് ഇറക്കിക്കൊണ്ടു വന്നു. കല്യാണസാരിയും താലിയും വാങ്ങിവച്ചതു മേഴ്‌സി രവിയായിരുന്നു.1982ൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ പാനലിൽ വനിതാ പ്രതിനിധിയായി വിജയിച്ചഉമ 84ൽ വൈസ് ചെയർമാനായി.

മഹാരാജാസ് കോളജിലെ പഠന കാലത്താണ് പി.ടി.തോമസും ഭാര്യ ഉമയും കണ്ടുമുട്ടുന്നത്. അന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റാണ് പി.ടി.തീപ്പൊരി പ്രസംഗകൻ. ഉമ മഹാരാജാസ് കോളജിന്റെ തന്നെ കെഎസ്‌യു വൈസ് ചെയർപഴ്‌സനും ഗായികയും. മഹാരാജാസ് ക്യാംപസിൽ ഉമ ഒരു പാട്ട് പാടിയതോടെയാണു പി.ടി.യുടെ സൗഹൃദം പ്രണയമായി പൂത്തതെന്നു സഹപാഠികൾ പറയുന്നു. അത് മഞ്ഞിൽ വിരഞ്ഞ പൂക്കൾ എന്ന സിനിമയിലെ മനോഹര ഗാനം. പിന്നീട് പിടിയുടെ വിശ്വാസത്തിനൊപ്പം ഉമാ തോമസ് ഉറച്ചു നിന്നു. അപ്രതീക്ഷിതമായി പിടിയെ മരണം തിരിച്ചു വിളിച്ചു. തളർന്ന ഉമ മഹാരാജാസിലെ പഴയ രാഷ്ടീയക്കാരിയായി. പിടിയെ വിശ്വസിച്ച് അവർ വീണ്ടും വോട്ട് തേടിയെത്തി. അപ്പോഴും അവർ ജയിച്ചു കയറി.

ഉമയുടേയും പിടിയുടേയും പ്രണയം കാമ്പസുകൾ ഏറ്റെടുത്ത ഒന്നാണ്. കോൺഗ്രസിലെ വിപ്ലവ പ്രണയ വിവാഗം. ഉമയ്ക്കു വിവാഹാലോചനകൾ വരുന്നുണ്ടെന്ന് അറിഞ്ഞ് നേരിട്ട് പ്രണയം പറയാൻ പി.ടി. ഹോസ്റ്റലിൽ എത്തിയെങ്കിലും ഒപ്പം കൂട്ടുകാരികൾ ഉണ്ടായിരുന്നതിനാൽ മടങ്ങി. എന്നാൽ, അന്നു രാത്രി തന്നെ പി.ടി. ഫോണിൽ വിളിച്ച് ഇഷ്ടം തുറന്നു പറഞ്ഞു. ഉമയ്ക്കും ഇഷ്ടമായി. രണ്ടു മതത്തിൽ പെട്ടവരാകയാൽ വിവാഹം അന്ന് അത്ര എളുപ്പമായിരുന്നില്ല. ഒടുവിൽ രജിസ്റ്റർ വിവാഹം നടത്താൻ തീരുമാനിച്ചു വയലാർ രവിയുടെ ഭാര്യ മേഴ്‌സി ഉമയ്ക്കായി സാരിയും താലിമാലയും വാങ്ങി നൽകി.

ബന്ധത്തെ എതിർത്ത് ഉമയുടെ വീട്ടുകാർ ആദ്യം അകന്നുനിന്നെങ്കിലും മകൻ വിഷ്ണു ജനിച്ചതോടെ ഭിന്നത മറന്ന് ഒപ്പം ചേർന്നു. ഭാര്യയേയും മക്കളേയും അവരുടെ സ്വാതന്ത്ര്യത്തിന് വിട്ട കുടുംബനാഥനായിരുന്നു പിടി തോമസ്. പിടി... നടക്കുക നിങ്ങൾ... മഹാരാജാസിന്റെ മുറ്റത്ത് നിന്നും ഉമയുടെ കൈ കോർത്തു പിടച്ചു നടന്ന പോലെ, ആ മനോഹര പ്രണയത്തിന്റെ ഓർമ്മകളുടെ കരം പിടിച്ച് നടക്കുക.-ഇതായിരുന്നു പിടിയുടെ വിയോഗത്തിന് ശേഷം സോ്ഷ്യൽ മീഡിയയിൽ എത്തിയ ഒരു കുറിപ്പ്. ആ കുറിപ്പിലെ വാക്കുകൾ ശരിവച്ച് പിടിയുടെ കരം പിടിച്ച് തൃക്കാക്കരയിലും ഉമാ തോമസ് ജയിക്കുകയാണ്.

തൃക്കാക്കരയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച എംഎൽഎയായിരുന്നു പിടി തോമസ്. പാരിസ്ഥിതിക വിഷയങ്ങളിലും മനുഷ്യന്റെ കണ്ണീരിലും എല്ലാം ഇടപെട്ട പിടി തോമസ്. മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയിൽ ധീരതയോടെ എതിരിട്ട നേതാവ്. അപ്രതീക്ഷിത വിയോഗത്തിൽ വേദനിച്ച മലയാളികൾ. പിടി ഒരു തരംഗമാണ്. പ്രതികൂല രാഷ്ട്രീയ അവസ്ഥയിലും തൃക്കാക്കരയിലും അത് നിഴലിക്കുകയാണ്. ദേശീയ തലത്തിൽ കോൺഗ്രസിനുണ്ടായ തിരിച്ചടി തൃക്കാക്കരയിലും പ്രതിഫലിക്കുമെന്ന് കരുതിയവർക്ക് തെറ്റി. അതിനും അപ്പുറമായിരുന്നു പിടിയുടെ വികാരം.