- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ഷനു നിൽക്കാൻ പ്ലാനില്ലാത്തതിനാൽ ഞാൻ ഒന്നിനെക്കുറിച്ചും ബോതർ ചെയ്യില്ല; പൊലീസുകാരൻ കുടയുമായി നിന്ന വിവരം പോലും ഞാൻ അറിഞ്ഞില്ല; മൂന്നാറിലെത്തിയതു മഹാഭാഗ്യം: മെറിൻ ജോസഫിനു പറയാനുള്ളത്
ഐപിഎസിന് തെരഞ്ഞെടുക്കപ്പെട്ട് പരിശീലനത്തിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയതു മുതൽ സോഷ്യൽ മീഡിയയിൽ താരമാണു മെറിൻ ജോസഫ്. കൊച്ചി എസിപിയായി അന്ന് സോഷ്യൽ മീഡിയ തന്നെ മെറിനു 'നിയമനം' നൽകി. തുടർന്ന് ഈ വനിതാ ഉദ്യോഗസ്ഥയുടെ ഓരോ ചലനവും സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതു ചില്ലറ കുഴപ്പത്തിലൊന്നുമല്ല മെറിനെ കൊണ്ടു ചെന്നു ചാടിച്ചത്. നിവിൻ പോളിക്കൊപ്പ
ഐപിഎസിന് തെരഞ്ഞെടുക്കപ്പെട്ട് പരിശീലനത്തിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയതു മുതൽ സോഷ്യൽ മീഡിയയിൽ താരമാണു മെറിൻ ജോസഫ്. കൊച്ചി എസിപിയായി അന്ന് സോഷ്യൽ മീഡിയ തന്നെ മെറിനു 'നിയമനം' നൽകി. തുടർന്ന് ഈ വനിതാ ഉദ്യോഗസ്ഥയുടെ ഓരോ ചലനവും സോഷ്യൽ മീഡിയ ഏറ്റെടുത്തു.
ഇതു ചില്ലറ കുഴപ്പത്തിലൊന്നുമല്ല മെറിനെ കൊണ്ടു ചെന്നു ചാടിച്ചത്. നിവിൻ പോളിക്കൊപ്പം നിൽക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വിവാദത്തിന്റെ അലകൾ ഒടുങ്ങും മുമ്പ് പൊലീസുകാരനെക്കൊണ്ടു കുടപിടിപ്പിച്ചു എന്ന വിവാദത്തിലും മെറിൻ പെട്ടു. മൂവാറ്റുപുഴയിലേക്ക് എസിപിയായി പോകനൊരുങ്ങിയ മെറിനെ അടിയന്തരമായി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു എന്ന തരത്തിലായി പിന്നീടു വാർത്തകൾ.
ഇപ്പോഴിതാ മൂന്നാറിലേക്കു മെറിനെ പോസ്റ്റ് ചെയ്തത് ശിക്ഷാനടപടിയുടെ ഭാഗമാണെന്ന തരത്തിൽവരെ വിശദീകരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു. എന്നാൽ, ഇക്കാര്യത്തിൽ മെറിന് എന്താകും പറയാനുണ്ടാകുക.
'ഞാൻ ഇലക്ഷനു നിൽക്കാനൊന്നും തീരുമാനിച്ചിട്ടില്ല. അതിനാൽ തന്നെ ഇത്തരം വിവാദങ്ങളെക്കുറിച്ചൊന്നും ഞാൻ ബോതർ ചെയ്യാറില്ല'- മൂന്നാറിൽ എത്തിയ മെറിൻ നിലപാട് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
ഒരു ശിക്ഷയുടെ ഭാഗമായി മൂന്നാറിലേക്ക് ആരെയെങ്കിലും പറഞ്ഞുവിടുമോ എന്നാണു മെറിൻ ചോദിക്കുന്നത്. വളരെ മനോഹരമായ ഈ സ്ഥലത്തേക്കു പണിഷ്‌മെന്റ് ട്രാൻസ്ഫർ എന്നു പറയുന്നതു തന്നെ അബദ്ധമല്ലേ. പണിഷ്‌മെന്റ് ട്രാൻസ്ഫർ എന്ന നിലയിൽ പ്രചരിക്കുന്ന വാർത്തകളിൽ തെല്ലും സത്യമില്ലെന്നും മെറിൻ പറയുന്നു.
ഇതെന്റെ ആദ്യ പോസ്റ്റിങ്ങാണ്. മൂവാറ്റുപുഴ എഎസ്‌പിയായിട്ടായിരുന്നു ആദ്യ നിയമനം. എന്നാൽ, അവിടെ ചുമതലയേൽക്കുന്നതിനു മുൻപ് എന്നെ മൂന്നാറിലേക്ക് അയയ്ക്കാനാണു ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചത്. ഇതിനെ പണിഷ്‌മെന്റെന്ന് എങ്ങനെ പറയാനാകും.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണു മൂന്നാർ. കഴിഞ്ഞ ഏപ്രിലിൽ എന്റെ ഇരുപത്തഞ്ചാം പിറന്നാളിനു ഹസ്ബൻഡുമൊത്ത് ഒരു വൺഡേ ട്രിപ്പിനാണ് ആദ്യമായി മൂന്നാറിലെത്തിയത്. നല്ല ക്ലൈമറ്റ്, ലാൻഡ് സ്‌കേപ്. ഇവിടത്തെ തണുപ്പ് എനിക്കു ശീലമായിക്കഴിഞ്ഞു. ഡൽഹിയിലുള്ളപ്പോഴും തണുപ്പ് ഒരു പ്രശ്‌നമായിത്തോന്നിയിട്ടില്ല. പിന്നെ എങ്ങനെ ഇതു പണിഷ്‌മെന്റ് എന്നു പറയാനാകും.
തന്റെ പേരിൽ പ്രശ്‌നമുണ്ടാക്കാൻ നോക്കി നടക്കുകയാണ് ചിലരെന്നാണു മെറിന്റെ പരിഭവം. തിരുവനന്തപുരത്തു വച്ച് ഞാൻ ഒരു പൊലീസുകാരനെക്കൊണ്ടും കുട പിടിപ്പിച്ചിട്ടില്ല. സത്യം പറഞ്ഞാൽ ആ പൊലീസുകാരൻ പിന്നിൽ നിൽക്കുന്നതു ഞാൻ കണ്ടിട്ടേയില്ല. പക്ഷേ, അതു വലിയ വാർത്തയായി. അതിനുശേഷമാണ് അക്കാര്യത്തെക്കുറിച്ചു ശ്രദ്ധിക്കുന്നതു തന്നെ. നടൻ നിവിൻ പോളിയുടെ കൂടെ ഫോട്ടോയെടുത്തതു പലരും വിവാദമാക്കി. ഇതിനൊക്കെയെതിരെ ഞാൻ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചതാകാം വീണ്ടും വിവാദങ്ങളുയരാൻ കാരണം.
എന്തൊക്കെ കാര്യങ്ങൾ ചെയ്താലും തെറ്റുകുറ്റങ്ങൾ കണ്ടെത്താനായി മാത്രം ചിലരുണ്ടാകും. എന്തായാലും അതെക്കുറിച്ചൊന്നും ഞാൻ ആലോചിച്ചു സമയം മെനക്കെടുത്താറില്ല. തെരഞ്ഞെടുപ്പിലൊന്നും നിൽക്കാൻ എനിക്ക് ഉദ്ദേശ്യമില്ല. അതുകൊണ്ടു തന്നെ ഇത്തരം വിവാദങ്ങളൊന്നും തന്നെ ബാധിക്കാറേയില്ലെന്നും മെറിൻ പറയുന്നു.
ഏൽപ്പിച്ച ജോലി നന്നായി ചെയ്യുക അത്ര മാത്രമാണു തന്റെ ലക്ഷ്യം. അതു മൂവാറ്റുപുഴയിലായാലും മൂന്നാറിലായാലും തിരുവനന്തപുരത്തായാലും അങ്ങനെ തന്നെയായിരിക്കുമെന്നും മെറിൻ ജോസഫ് പറയുന്നു.