ബെർലിൻ: ലോകരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ പുതിയ വഴിത്തിരിവിന് തുടക്കമിടുന്ന സഹകരണത്തിനാണ് ഇന്ത്യയും ജർമനിയും ഇന്നലെ തുടക്കമിട്ടത്. ജർമനിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓരോ വാക്കുകളും പ്രവർത്തിയും അതിന് തുടക്കമിടുന്നതായിരുന്നു. ബ്രിട്ടനെ മറികടന്ന് ജർമനിയെ യൂറോപ്പിലെ ഇന്ത്യയുടെ മുഖ്യപങ്കാളിയായി പ്രഖ്യാപിക്കാൻ മോദി തയ്യാറായതും അത്തരമൊരു ലക്ഷ്യത്തോടെയാണ്.

ജർമനിയും ഇന്ത്യയും മെയ്ഡ് ഫോർ ഈച്ച് അദറാണെന്നാണ് മോദി ബെർലിനിൽ പ്രഖ്യാപിച്ചത്. ആണവ വിതരണ സംഘത്തിൽ (എൻ.എസ്.ജി) ഇന്ത്യയെ ഉൾപ്പെടുത്തുന്നതിന് സർവ പിന്തുണയും പ്രഖ്യാപിച്ച ജർമൻ ചാൻലർ ആംഗല മെർക്കൽ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ ഇന്ത്യയെ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യവും ശക്തമായി മുന്നോട്ടുവെച്ചു. പുതിയൊരു സഹകരണത്തിന്റെ തുടക്കമായി വേണം ഇത് വിലയിരുത്താൻ.

ജി7 ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉച്ചകോടി അംഗീകരിക്കാൻ നിൽക്കാതെ മടങ്ങിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ബ്രെക്‌സിറ്റിലൂടെ യൂറോപ്പിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെയും മുൻനിർത്തിയാണ് യൂറോപ്പ് ഇന്ത്യയുമായി കൂടുതൽ അടുക്കുന്നത്. അമേരിക്കയെയും ബ്രിട്ടനെയും മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ല എന്നും മെർക്കൽ പ്രഖ്യാപിച്ചു.

ഇന്ത്യയ്ക്കും ഇങ്ങനെയൊരു പങ്കാളി ആവശ്യമായിരുന്നു. ചൈന മുന്നോട്ടുവെക്കുന്ന സിൽക്ക് റൂട്ടും പാക്കിസ്ഥാനുമായുള്ള സാമ്പത്തിക ഇടനാഴിയും ഇന്ത്യക്കും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ യൂറോപ്പുമായി കൂടുതൽ അടുക്കുകയെന്ന നയതന്ത്രമാണ് മോദി സ്വീകരിച്ചത്. മേക്ക് ഇൻ ഇന്ത്യയിൽ ജർമനി ഇന്ത്യയുടെ മുഖ്യപങ്കാളിയാകുമെന്ന മോദിയുടെ പ്രഖ്യാപനവും അതിന്റെ ചുവടുപിടിച്ചാണ്.

എട്ട് സുപ്രധാന കരാറുകളിലാണ് ഇന്ത്യയും ജർമനിയും ഒപ്പുവെച്ചത്. സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യമാക്കുന്ന, ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന കരാറുകളാണ് ഇവയെന്നാണ് മോദി വിശേഷിപ്പിച്ചത്. യൂറോപ്യൻ യൂണിയനും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളിലും ഇരുനേതാക്കളും ചർച്ച നടത്തി. ഭീകരതയ്ക്ക് താവളവും സാമ്പത്തിക സഹായവും നൽകുന്നവർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന പ്രഖ്യാപനവും പുതിയ സഹകരണത്തിന്റെ പാത തുറക്കലാണ്.

നഗരവികസനം, സൈബർ സുരക്ഷ, ഡിജിറ്റൈസേഷൻ, റെയിൽ സുരക്ഷ, സ്‌കിൽ ഡവലപ്‌മെന്റ് തുടങ്ങിയ മേഖലകളിലായി 12-ഓളം ധാരണാ പത്രങ്ങൾ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. അടുത്തമാസം ഹാംബർഗിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ ഇരുനേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തും. ബ്രിട്ടൻ പുറത്തുപോകുന്നതോടെ, യൂറോപ്പിന്റെ പുതിയ നേതാവായി മെർക്കലിനെ ഉയർത്തിക്കാട്ടുന്നതാകും ഇന്ത്യയുമായുള്ള ജർമനിയുടെ സഹകരണമെന്നാണ് വിലയിരുത്തൽ.