ശബരിമല: രഹ്നാ ഫാത്തിമയും കവിതയും മലയിറങ്ങി തുടങ്ങിയതിന് പിന്നാലെ മല ചവിട്ടാനുറച്ച് 46കാരി പമ്പയിലെത്തി. കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയാണ് മലകയറാൻ എത്തിയിരിക്കുന്നത്. മാലയും ഇരുമുടിയും ഇല്ലാതെയാണ് വിശ്വാസിയാണെന്ന് പറഞ്ഞ് യുവതി പമ്പയിലെത്തിയിരിക്കുന്നത്. വിദ്യാരംഭ ദിനത്തിൽ അയ്യപ്പനെ കണ്ട് തൊഴാൻ ആഗ്രഹമുണ്ട് അതുകൊണ്ടാണ് താൻ മലകയറാനെത്തിയതെന്നാണ് യുവതി പറയുന്നത്. ഷാർജയിൽ ജോലി ചെയ്ത യുവതി എത്തിയത് ഒറ്റയ്ക്കാണ്. പൊലീസിനെയും ഇവർ വിവരം അറിയിച്ചിരുന്നില്ല. ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ സ്വന്തം മണ്ഡലത്തിൽ നിന്നാണ് യുവതി എത്തിയിരിക്കുന്നത്.

പമ്പയിൽ എത്തിയ യുവതിയെ അയ്യപ്പ ഭക്തരും പൊലീസുകാരും തടഞ്ഞ് നിർത്തി. ഉന്നത പൊലീസുകാരുമായി സംസാരിച്ച ശേഷം കയറ്റി വിടാമെന്ന് പമ്പയിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് പിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെത്തി മുകളിലേക്ക് പോകാൻ സാധിക്കില്ലെന്നും ഇപ്പോഴത്തെ അവസ്ഥയിൽ പൊലീസ് സുരക്ഷ നൽകാനാവില്ലെന്നും തിരികെ പോവണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പിന്മാറാവാൻ തയ്യാറാകാതെ യുവതി മല കയറാൻ തീരുമാനിച്ചു. സുരക്ഷ ഒരുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് ഇവർ മലമുകളിലേക്ക് നടന്ന് നീങ്ങുക ആയിരുന്നു. പിന്നീട് ഇവരെ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. മനപ്പൂർവ്വം ഒരു പ്രശ്‌നം ഉണ്ടാക്കാനെന്ന രീതിയിൽ തന്നെയാണ് മലചവിട്ടാനുള്ള ഇവരുടെ തീരുമാനം.

താൻ വിശ്വാസിയാണെന്നും നിരവധി ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും ദർശനം നടത്തിയിട്ടണ്ടെന്നും ഇവർ പറയുന്നു. ആക്ടിവിസ്റ്റിന്റേയും മാധ്യമ പ്രവർത്തകയുടേയും പിന്മാറ്റത്തിന് പിന്നാലെ പമ്പയിലെത്തിയ മേരി പൊലീസിന് തലവേദനായിയാ മാറിയിരിക്കുകയാണ്. വിശ്വാസികൾ എന്ന ലേബലിൽ സ്ത്രീകൾ മനപ്പൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണ് ശബരിമലയിലേക്ക് എത്തുന്നതെന്നാണ് പ്രതിഷേധക്കാരുടെ വിലയിരുത്തൽ. ആക്ടിവിസ്റ്റായ രഹ്നാ ഫാത്തിമ മലകയറിയാൽ നട അടച്ച് താക്കോലെടുക്കുമെന്ന് തന്ത്രി കണ്ഠരര് മോഹനര് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പതിനെട്ടാം പടിക്ക് താഴെ പരികർമ്മികളും പൂജാ കർമ്മങ്ങൾ നിർത്തിവെച്ച് പ്രതിഷേധവുമായി കുത്തിയിരുന്നു. ഇതിന് പിന്നാലെ പന്തളം കൊട്ടാരവും സ്ത്രീകൾ മലകയറിയാൽ അമ്പലം അടച്ച് തീക്കോൽ എടുക്കണമെന്ന് തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.