ഗുരുഗ്രാം: ഹരിയാനയിലെ മേവാത് മേഖലയിലെ ഗ്രാമങ്ങളിൽ സ്ത്രീകളുടെ മുടി മുറിക്കുന്ന ഗൂഢസംഘം ഭീതിപരത്തുന്നു. പതിനഞ്ചോളം സ്ത്രീകൾ പൊലീസിൽ പരാതി നൽകി. ദുർഭൂതങ്ങളോ മന്ത്രവാദികളോ പൂച്ചയെപ്പോലെയുള്ള വിചിത്രജീവികളോ ആണു പിന്നിക്കെട്ടിയ മുടി മുറിച്ചതെന്നും ആ സമയത്തു തങ്ങൾ മോഹാലസ്യപ്പെട്ടുപോയെന്നുമാണ് സ്ത്രീകൾ പറയുന്നത്.

എന്നാൽ, ക്രമസമാധാന നില തകർന്നു എന്നു വരുത്തിത്തീർക്കാൻ സാമൂഹിക വിരുദ്ധർ നടത്തുന്ന കുൽസിത ശ്രമത്തിന്റെ ഭാഗമാണിതെന്നു പൊലീസ് വിശദീകരിക്കുന്നു. എല്ലാ സംഭവങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞതായി പൊലീസ് പിആർഒ രവീന്ദർ കുമാർ പറഞ്ഞു. സ്ത്രീകളുടെ മുടി നഷ്ടപ്പെട്ടുവെന്നതൊഴിച്ചാൽ മറ്റു പരുക്കുകളൊന്നും അവർക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഗ്രാമപാതകളിൽ പുരുഷന്മാരുടെ നിരീക്ഷണസംഘങ്ങൾ റോന്തു ചുറ്റുന്നുണ്ട്. തൽക്കാലം മുടി പിന്നിയിടേണ്ടെന്നും ഉരുട്ടികെട്ടിവയ്ക്കാനുമാണ് മുതിർന്നവർ ഉപദേശിക്കുന്നത്.