കോട്ടയം: എംജി സർവകലാശാലയിലെ മുതിർന്ന അദ്ധ്യാപകനെതിരെ ഉയർന്ന പീഡന ആരോപണം കെട്ടിച്ചമച്ചതെന്നെ ആക്ഷേപവുമായി ഒരു വിഭാഗം വിദ്യാർത്ഥികൾ രംഗത്തെത്തി. ആറ് വർഷത്തോളമായി ആരോപണ വിധേയനായ അദ്ധ്യാപകന്റെ കീഴിൽ പഠനവും റിസർച്ചും നടത്തുന്ന വിദ്യാർത്ഥികളാണ് പീഡന ആരോപണം വ്യാജമാണെന്ന് കാണിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നു. അദ്ധ്യാപകന് ദ്വീർഘകാലമായി തങ്ങൾക്ക് അറിയാമെന്നും വിദ്യാർത്ഥികൾക്ക് വേണ്ടി പഠനസൗകര്യം ഒരുക്കാൻ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിന് എതിരായ പീഡന ആരോപണം കെട്ടിച്ചമച്ചത് ആകാമെന്നും കാണിച്ച് ഇവർ വൈസ് ചാൻസലർക്ക് പരാതി നൽകി. വിഷയത്തിൽ സത്യാവസ്ഥ അന്വേഷിക്കണമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസിലെ അദ്ധ്യാപകനായ മുഹമ്മദ് മുസ്തഫയ്‌ക്കെതിരെയാണ് പരാതി ഉയർന്നത്. സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസിലെ
ഇന്ത്യൻ സൈൻ ലാംഗ്വേജ് കോഴ്‌സ് ആദ്യ ബാച്ചിലെ വിദ്യാർത്ഥികളാണ് അദ്ധ്യാപകനെതിരെ പീഡന പരാതി ഉന്നയിച്ചത്. എന്നാൽ, ഈ പരാതി ഉന്നയിച്ചവർ ഇപ്പോൾ കാമ്പസിലെ വിദ്യാർത്ഥികളല്ലെന്നും കഴിഞ്ഞ ഡിസംബറിൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയവരാണെന്നുമാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ വ്യക്തമാക്കുന്നത്. ഇങ്ങനെ പഠിക്കുന്ന വേളയിൽ പരാതി ഉന്നയിക്കാത്തവർ ഇപ്പോൾ പരാതി ഉന്നയിക്കുന്നതിലെ അസ്വഭാവികതയാണ് ഈ അദ്ധ്യാപകനെ അനുകൂലിക്കുന്ന വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. ഓഫ് ബിഹേവിയറൽ സയൻസിൽ എംഎസ്ഇ, പിഎച്ച്ഡി ചെയ്യുന്ന വിദ്യാർത്ഥികളാണ് അദ്ധ്യാപകന് വേണ്ടി വൈസ് ചാൻസലറെ സമീപിച്ചത്.

ഇപ്പോൾ പരാതി നൽകിയ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസിലെ ഒരു വിഭാഗം വിദ്യാർത്ഥികൾക്കും അദ്ധ്യാപകന് എതിരായ ആരോപണത്തിൽ സംശയങ്ങളുണ്ട്. ഇങ്ങനെയൊരു കോഴ്‌സ് കൊണ്ടുവരാൻ തന്നെ മുൻകൈയെടുത്തത് മുഹമ്മദ് മുസ്തഫയായിരുന്നു. അതുകൊണ്ട് മറ്റ് അദ്ധ്യാപകർക്കെല്ലാം ഏറെ ഇഷ്ടമുള്ള വ്യക്തിത്വമായിരുന്ന അദ്ധ്യാപകന്റേതെന്നുമാണ് വിദ്യാർത്ഥികൾ തന്നെ പറയുന്നത്. അതേസമയം ഈ കോഴ്‌സ് തുടങ്ങിയ വേളയിൽ മുതൽ ഇഷ്ടപ്പെട്ടാത്ത ചില സർവകലാശാല അധികൃതരും ഉണ്ടായിരുന്നു എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഇദ്ദേഹത്തിനെതിരായ വൈരാഗ്യം തീർക്കാൻ വേണ്ടി ഒരുക്കിയ കെണിയിൽ ചില വിദ്യാർത്ഥികൾ വീണു പോകുകയായിരുന്നു എന്നും ഇവർ പറയുന്നു.

ഒരു വർഷം മുമ്പ് അദ്ധ്യാപകനെതിരെ ചില നീക്കങ്ങൾ നടന്നിട്ടുണ്ടെന്നും. പ്രൊഫെഷണൽ ജലസിയുടെ ഭാഗമായി ഒരു വിഭാഗം അദ്ധ്യാപകനെ കുരുക്കിലാക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ബിഹേവിയറൽ സയൻസിന്റെ ഒരു ബാച്ചിന്റെ പരീക്ഷ കഴിഞ്ഞ് ടി സി വാങ്ങി പിരിഞ്ഞു പോയ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. മാത്രവുമല്ല, പരാതി നൽകാൻ ഉണ്ടായ കാലതാമസവും ഏറെ സംശയങ്ങൾക്ക് ഇടയാക്കുന്നതാണ്.

മുഹമ്മദ് മുസ്തഫ രണ്ട് പെൺകുട്ടികളോട് അസഭ്യം പറഞ്ഞുവെന്ന് പല വിദ്യാർത്ഥികളും വിശ്വസിക്കുന്നില്ല. ഇക്കാര്യം ഉന്നയിച്ച് ആറ് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും അടങ്ങിയ സംഘം വൈസ് ചാൻസിലർക്ക് പരാതി നൽകിയത്. പീഡന വിഷയമായതിനാൽ ക്രിമനൽ കേസ് എടുക്കേണ്ടതുള്ളതുകൊണ്ട് പരാതി സർവകലാശാല രജിസ്ട്രാർ കോട്ടയം എസ്‌പിക്ക് കൈമാറുകയും ചെയ്തു. വിഷയത്തിൽ ഗാന്ധി നഗർ പൊലീസ് അന്വേഷണം ആരംഭിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു.

കഴിഞ്ഞ വർഷം നടന്ന സംഭവത്തിലാണ് പരാതിയുമായി വിദ്യാർത്ഥികൾ രംഗത്തുവന്നത്. ഒരു അവധി ദിവസം അദ്ധ്യാപകനായ മുഹമ്മദ് മുസ്തഫ ഒരു പെൺകുട്ടിയെ വിളിച്ചു വരുത്തി അശ്ലീല ചുവയോടെ സംസാരിച്ചു എന്നതാണ് ആക്ഷപം. അന്ന് ഈ സംഭവം വലിയ കാര്യമായി എടുക്കാതെ വിട്ടു. എന്നാൽ, പിന്നീട് മറ്റൊരു വിദ്യാർത്ഥിയോടും സമാനമായ രീതിയിൽ സംസാരിച്ചതോടെയാണ് പരാതി നൽകിയതെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. എന്നാൽ പഠനവുമായി ബന്ധപ്പെട്ട, നിസ്സാരമായ ചില പ്രശ്‌നങ്ങളുടെ പേരിലാണ് അദ്ധ്യാപകനെതിരെ വിദ്യാർത്ഥികൾ ഇത്തരം ഗുരുതര ആരോപണം ഉന്നയിച്ചതെന്നാണ് ചില വിദ്യാർത്ഥികൾ പറയുന്നത്. ഇതിന് പിന്നിൽ മറ്റു ചിലരുടെ പ്രേരണയുണ്ടെന്നുമാണ് സംശയം.

അതേസമയം തന്നെ പരാതി പൊലീസിന് കൈമാറിയതോടെ പൊലീസ് അന്വേഷണത്തിൽ സത്യാവസ്ഥ പുറത്തു കൊണ്ടുവരട്ടെയെന്നാണ് സർവകലാശാല അധികൃതരുടെ നിലപാട്. സർവകലാശാലയുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണവും ഇപ്പോൾ നടക്കുന്നുണ്ട്. അതുകൊണ്ട് വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് ആരോപണ വിധേയനായ അദ്ധ്യാപകനും.