കോട്ടയം: വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് എംജി സർവകലാശാല സെക്ഷൻ അസിസ്റ്റൻിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര സ്വദേശിനി എൽസി സിജെ ആണ് പിടിയിലായത്. സർവകലാശാല ഓഫീസിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ്
എൽസി പിടിയിലായത്.

സംഭവം ഇങ്ങനെ; ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എംബിഎ വിദ്യാർത്ഥിയിൽ നിന്നും മാർക്ക് ലിസ്റ്റും പ്രഫഷനൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടർന്നു ഇവർ 1.25ലക്ഷം രൂപ കൈക്കൂലിയായി ബാങ്ക് വഴി നൽകി.എന്നിട്ടും ബാക്കി 30000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു.ഇതിനെ തുടർന്ന് വിദ്യാർത്ഥിനി വിജിലൻസിന് പരാതി നൽകി.

തുടർന്ന് ബാക്കി തുകയിൽ 15000 രൂപ വിദ്യാർത്ഥിയുടെ പക്കൽ നിന്നും സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റിയപ്പോൾ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.വിജിലൻസ് റേഞ്ച് ഡിവൈഎസ്‌പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജീവനക്കാരിയെ പിടികൂടിയത്.എം.ജി സർവകലാശാല എം.ബി.എ സെക്ഷനിലെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റാണ് എൽസി.