കോട്ടയം: എം.ജി. സർവകലാശാല കൈക്കൂലി കേസിൽ നടപടി. രണ്ട് ജീവനക്കാരെ സ്ഥലംമാറ്റി. സെക്ഷൻ ഓഫീസറെയും അസിസ്റ്റന്റ് രജിസ്ട്രാറേയുമാണ് സ്ഥലം മാറ്റിയത്. കേസിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സ്ഥലം മാറ്റം.

കൈക്കൂലി കേസിൽ ആരോപണ വിധേയയായ അസിസ്റ്റൻഡ് എൽസിയുടെ നിയമനത്തിൽ വീഴ്ചയില്ലെന്ന് സർവകലാശാലാ വി സി സാബു തോമസ് വ്യക്തമാക്കി. കേസിൽ സമഗ്ര അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും സാബു തോമസ് വ്യക്തമാക്കി.

എം ജി സർവകലാശാലയിൽ വിദ്യാർത്ഥിയിൽനിന്ന് ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകിയിരുന്നു. അടിയന്തരമായി റിപ്പോർട്ട് നൽകാനും നടപടി സ്വീകരിക്കാനും രജിസ്ട്രാറോട് ആവശ്യപ്പെടാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്.

സർവകലാശാലകളിൽ വിദ്യാർത്ഥികൾക്കുള്ള സേവനസൗകര്യങ്ങൾക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.പ്രൊവിഷണൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സി ജെ എൽസി കഴിഞ്ഞ ദിവസം പിടിയിലായത്.

പത്തനംതിട്ട സ്വദേശിനിയായ വിദ്യാർത്ഥിനിയോട് എം ബി എ പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും മാർക്ക് ലിസ്റ്റിനുമായി ഒന്നരലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഇതിൽ ഒന്നേകാൽ ലക്ഷം അക്കൗണ്ട് വഴി കൈമാറിയിട്ടും ബാക്കി 30000 രൂപ കൂടി ഇവർ ആവശ്യപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥി വിജിലൻസിന് പരാതി നൽകുകയായിരുന്നു. ശനിയാഴ്ച 10000 രൂപ കൈമാറുന്നതിനിടെയാണ് സി ജെ എൽസിയെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

ഏറ്റുമാനൂരത്തെ കോളേജിൽ നിന്നും എംബിഎ പാസായ തിരുവല്ല സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് ഇവർക്കെതിരെ പരാതി നൽകിയത്. ഇതേ കുട്ടിയിൽ നിന്നും നേരത്തെ ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റിയ എൽസി വീണ്ടും പണം വാങ്ങുമ്പോഴാണ് വിജിലൻസ് കയ്യോടെ പിടികൂടിയത്.

എൽസി ഈ രീതിയിൽ നേരത്തെയും കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടോയെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കൈക്കൂലി വാങ്ങുന്നതിൽ എൽസിക്ക് കൂട്ടാളികൾ ഉണ്ടോയെന്നും വിജിലൻസ് പരിശോധിക്കുന്നുണ്ട്. ഓഫീസുമായും ബാങ്ക് ഇടപാടുകളുമായും ബന്ധപ്പെട്ടു കൂടുതൽ രേഖകൾ പരിശോധിക്കും. ഇന്നലെ രാത്രി എൽസിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. അതേസമയം, എൽസിയെ സസ്‌പെൻഡ് ചെയ്തതായി രജിസ്ട്രാർ ഡോ.ബി.പ്രകാശ് കുമാർ അറിയിച്ചു. സംഭവത്തിൽ സിൻഡിക്കേറ്റ് അന്വേഷണത്തിന് വൈസ് ചാൻസലർ ശുപാർശ ചെയ്തിട്ടുണ്ട്.

ഇതിനിടെ, എൽസിയുടെ യോഗ്യത സംബന്ധിച്ചും നിയമനം സംബന്ധിച്ചും ആരോപണം ഉയർന്നിരുന്നു. 2010 ൽ പ്യൂൺ തസ്തികയിലാണ് എൽസി സർവകലാശാലയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ഇവർ എസ്.എസ്.എൽ.സി പോലും പാസായിരുന്നില്ല.

എന്നാൽ 2016 ൽ താഴ്ന്ന തസ്തികയിലുള്ളവരെ അസിസ്റ്റന്റ് തസ്തികയിലേക്ക് പരിഗണിക്കുന്ന സമയത്ത് ഇവർ എസ്.എസ്.എൽ.സി പ്ലസ് ടു തുല്യത പരീക്ഷകളും എം.ജിയിൽ നിന്ന് റെഗുലറായി ഡിഗ്രിയും പാസായിട്ടുണ്ടായിരുന്നു. 2017ൽ അസിസ്റ്റന്റായി ജോലിക്ക് പ്രവേശിക്കുമ്പോൾ വേണ്ടുന്ന യോഗ്യതകളെല്ലാം ഇവർക്കുണ്ടായിരുന്നു. ഇതിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന കാര്യവും വിജിലൻസ് പരിശോധിക്കുന്നുണ്ട്.