കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ എസ്എഫ്‌ഐ രണ്ടു തട്ടിൽ.ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഒരു വിവാദം ഉണ്ടാക്കിയത് സംഘടനയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി മാറിയിരിക്കുകയാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്‌സിലെ ഗവേഷക വിദ്യാർത്ഥിയും കാലടി സ്വദേശിയുമായ വിവേക് കുമാരനാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. മർദനത്തിൽ പരുക്കേറ്റ വിവേക് മെഡിക്കൽ കോളേജ് ആശുപത്രി സർജിക്കൽ വിഭാഗത്തിൽ ചികിത്സയിലാണ്. ഗവേഷണ വിഭാഗം വിദ്യാർത്ഥി ദളിതരുടെ ഉന്നമനം ലക്ഷ്യമാക്കി നടത്തിയ ഒരു സെമിനാർ വിജയം കണ്ടതാണ് എസ്എഫ്‌ഐയെ ചൊടിപ്പിച്ചത്. എംജി സർവകലാശാല കാമ്പസിലെ ഹോസ്റ്റലിൽ എംഫിൽ വിദ്യാർത്ഥിക്കുനേരെയാണ് നാലംഗ എസ്എഫ്‌ഐ സംഘം ക്രൂരമർദനം നടത്തിയത്.

സംഭവം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്തു വെന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇത് തന്നെയാണ് പാർട്ടിയുടെയും കണകൂട്ടൽ.എന്നിരുന്നാലും പ്രവർത്തകരെ കേസിൽ നിന്ന് ഊരുന്നതിനും മറ്റും പാർട്ടി തന്നെ നേരീട്ട് ഇടപെടുന്നുണ്ട്. നേഹ്രു കോളേജിലും മറ്റക്കര ടോംസ് കോളേജിലും മറ്റ് ആരോപണങ്ങൾ ഉയരുന്ന കോളേജുകളിലും എസ്എഫ്‌ഐ നടത്തുന്ന സമരങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ് എംജിയിലെ സംഭവം. മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടന്നും ഇത് ചോദ്യം ചെയ്യാൻ ചെന്നപ്പോൾ തങ്ങളെ മർദ്ദിക്കുകയായിരുന്നുമെന്നുമാണ് എസ്എഫ്‌ഐ നേത്യത്വം ഇപ്പോൾ പറയുന്നത്. ഇതിനെ തുടർന്ന് ഇന്നലെ എസ്എഫ്‌ഐ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ കൗണ്ടർ കേസ് നല്കുകയും ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെ സർവകലാശാല കാമ്പസിലെ പല്ലന ഹോസ്റ്റലിലായിരുന്നു സംഭവങ്ങൾ.സർവകലാശാലയിലെ ഒരു വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പഠനത്തിന്റെ ഭാഗമായി ആരംഭിച്ച അംബേദ്കർ സ്റ്റുഡൻസ് മൂവ്‌മെന്റ് എന്ന സംഘടനയിൽ വിവേക് സജീവമായി പ്രവർത്തിച്ചിരുന്നു.ഇതിന്റെ പേരിലാണ് സെമിനാർ സംഘടിപ്പിച്ചത്.ഇതിൽ അദ്ധ്യാപകർ അടക്കം പങ്കെടുത്തിരുന്നു.യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വിവിധ വിഭാഗങ്ങളിലെ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.സംഘടന നേരത്തേയും വിവിധ കർമ്മ പരിപാടികളും നടത്തിയിരുന്നു. ഇതിലേയ്ക്ക് കൂടുതൽ വിദ്യാർത്ഥികൾ ആക്യഷ്ടരായതോടെ എസ്എഫ്‌ഐയ്ക്ക് വിറളി പിടിച്ചിരുന്നു. ഇതാണ് വിവേകിന് തെരഞ്ഞ് പിടിച്ച് മർദിക്കാൻ കാരണമായത്.മർദ്ദനത്തിന് ഒപ്പം സംഘടനയുടെ പ്രവർത്തനവുമായി മുന്നോട്ട് പോയാൽ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി.

ചൊവ്വാഴ്ച രാത്രി ഹോസ്റ്റലിലെ തന്റെ മുറിയിലേയ്ക്ക് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം അതിക്രമിച്ചു കയറുകയായിരുന്നുവെന്നു ഗാന്ധിനഗർ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.അരുൺ,ശ്യാംലാൽ,സച്ചു സദാനന്ദൻ,ഹേമന്ദ് എന്നീവരാണ് അക്രമം അഴിച്ചുവീട്ടതെന്നും പരാതിയിൽ പറയുന്നു.പൊലീസിൽ കൂടാതെ എംജി വിസിക്കും പരാതി നല്കിയിട്ടുണ്ട്.

കമ്പിവടി അടക്കമുള്ള മാരകായുധങ്ങളുമായാണു സംഘം ഹോസ്റ്റലിലെ മുറിയിൽ എത്തിയതെന്നും എസ്.എഫ്.ഐയ്‌ക്കെതിരെ നീ പ്രവർത്തിക്കുമോടാ എന്ന് ആക്രോശിച്ചുകൊണ്ടു സംഘം തന്റെ തലയ്ക്കു നേരെ കമ്പിവടി വീശുകയായിരുന്നുവെന്നുമാണു മൊഴി. അരമണിക്കൂറോളം മുറിക്കുള്ളിൽ അഴിഞ്ഞാടിയ അക്രമികൾ ക്രൂരമർദനമാണു നടത്തിയത്. മുറി പൂർണമായും തല്ലിത്തകർക്കുകയും വിവേകിനെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തു. ജാതീയത കലർന്ന അസഭ്യവാക്കുകൾ വിളിച്ച് അപമാനിക്കുകയും പരാതിപ്പെട്ടാൽ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ക്രൂരമായ മർദനത്തെ തുടർന്നു ബോധരഹിതനായ വിവേകിനെ സമീപത്തെ മുറിയിലെ വിദ്യാർത്ഥികളാണു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തലയ്ക്ക് പിൻഭാഗത്ത് ചതവുണ്ട്.

സംഭവത്തെ തുടർന്ന് സിഎസ്ഡിഎസ് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.എന്നാൽ പ്രതികളിൽ പെട്ട രണ്ടു പേർ ദളിതർ ആയത് പ്രതിഷേധത്തിന്റെ ആക്കം കുറച്ചിട്ടുണ്ട്.എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറി ദളിതൻ ആയിരിക്കെയാണ് ഇത്തരത്തിലുള്ള ഒരു ആക്രമണം നടന്നതെന്നും ശ്രദ്ധേയമാണ്.