ദുബായ് വേൾഡിൽനിന്ന് നൂറു മില്യൺ പൗണ്ട് മോഷ്ടിച്ചുവെന്ന കേസ്സിൽ ബ്രിട്ടീഷ് ബിസിനസുകാരൻ ആറുവർഷമായി ദുബായ് തടവറയിൽ. രണ്ടരവർഷം മുമ്പ് കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും മൈക്കൽ സ്മിത്തിന് ഇന്നും പുറത്തിറങ്ങാനായിട്ടില്ല. ഇതിനിടെ, ജയിലിലെ നഴ്‌സിന്റെ അശ്രദ്ധയിൽ, സ്മിത്തിന് കുത്തിവെപ്പെടുത്ത സിറിഞ്ചിൽനിന്ന് എച്ച്.ഐ.വി. അണുബാധയുമുണ്ടായി.

ദുബായ് വേൾഡിൽ പ്രതിവർഷം ഒന്നരലക്ഷം പൗണ്ട് ശമ്പളത്തിൽ ജോലി ചെയ്തിരുന്ന മൈക്കൽ സ്മിത്തിന്റെ സ്ഥാപനം വൻ ലാഭത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. എന്നാൽ, സാമ്പത്തിക മാന്ദ്യം കമ്പനിയെ പെട്ടെന്ന് തകർത്തോടെ സ്മിത്ത് 2008-ൽ രാജിവച്ചു. ബിസിനസിൽ പങ്കാളിയായ തായ്‌ലൻഡുകാരൻ നിങ്ങുമായി സ്മിത്ത് തായ്‌ലൻഡിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ, 2009 ജൂലൈയിൽ തായ് പൊലീസ് സ്മിത്തിനെ അറസ്റ്റ് ചെയ്തു.

ദുബായ് വേൾഡിൽനിന്ന് 100 മില്യൺ പൗണ്ട് മോഷ്ടിച്ചുവെന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. സ്മിത്ത് കുറ്റം നിഷേധിച്ചു. മോഷ്ടിക്കപ്പെട്ട തുക അഞ്ചരലക്ഷം പൗണ്ടായി പിന്നീട് കുറ്റപത്രത്തിൽ മാറ്റി. രണ്ടുവർഷത്തോളം തായ്‌ലൻഡിലെ കുപ്രസിദ്ധമായ ബാങ്കോക്ക് ജയിലിലായിരുന്നു സ്മിത്ത്. ദുബായിലേക്ക് നാടുകടത്തുന്നതിനെതിരെ നിയമയുദ്ധം നടത്തിയെങ്കിലും പരാജയപ്പെട്ടു.

തായ്‌ലൻഡിൽവച്ചാണ് സ്മിത്തിന് എച്ച്.ഐ.വി.അണുബാധയുണ്ടായത്. മറ്റൊരാളെ കുത്തിവച്ച സിറിഞ്ച് ഉപയോഗിച്ച് സ്മിത്തിന് കുത്തിവെപ്പെടുത്തതാണ് കാരണം. എച്ച്.ഐ.വി ബാധയുണ്ടായതോടെ, നാടുകടത്തലിനെതിരെ നൽകിയിരുന്ന കേസ് സ്മിത്ത് പിൻവലിച്ച് ദുബായിലേക്ക് പോയി. പരമാവധി മൂന്നുവർഷമേ ശിക്ഷ കിട്ടൂ എന്നാണ് അഭിഭാഷകർ സ്മിത്തിനെ വിശ്വസിപ്പിച്ചത്. തായ് ജയിലിൽ കഴിഞ്ഞ രണ്ടുവർഷം ശിക്ഷയുടെ ഭാഗമായി പരിഗണിക്കുമെന്നും പറഞ്ഞിരുന്നു.

എന്നാൽ, സ്മിത്തിനെ 12 വർഷത്തേയ്ക്കാണ് ദുബായ് കോടതി ശിക്ഷിച്ചത്. അപ്പീൽ നൽകിയപ്പോൾ ശിക്ഷ ആറുവർഷമായി കുറച്ചു. 2014-ൽ ദുബായ് ഭരണാധികാരിയുടെ മാപ്പുനൽകൽ പദ്ധതിയിൽപ്പെടുത്തി സ്മിത്തിന്റെ ശിക്ഷ അവസാനിച്ചതാണ്. എന്നാൽ, രണ്ടുവർഷം കഴിഞ്ഞിട്ടും മോചനമായില്ല. മോഷ്ടിക്കപ്പെട്ടുവെന്ന് കരുതുന്ന അഞ്ചരലക്ഷം പൗണ്ട് തിരിച്ചടച്ചാൽ സ്മിത്തിന് ജയിലിൽനിന്ന് പോകാം എന്നാണ് പറയുന്നത്. എന്നാൽ, ആറുവർഷമായി ജയിലിൽ കഴിയുന്ന സ്മിത്തിന്റെ കൈയിൽ പണവുമില്ല.