കൊച്ചി: സിഎ വിദ്യാർത്ഥിനി മിഷേലിന്റെ മരണം ആത്മഹത്യയെന്ന നിഗമനത്തിലെത്തിയത് ലോക്കൽ പൊലീസിന്റെ അന്വേഷണത്തിലാണ്. എന്നാൽ, ഇതിന് പിന്നാലെ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും കണ്ടെത്തിയത് മിഷേലിന്റേത് ആത്മഹത്യയാണെന്നാണ്. എന്നാൽ, മിഷേൽ എന്തിന് ആത്മഹത്യ ചെയ്തു എന്ന ചോദ്യത്തിന് മാത്രം കൃത്യമായ ഉത്തരം കണ്ടെത്തൻ അന്വേഷണ സംഘത്തിന് സാധിച്ചില്ല. ഇതിന്റെ ഉത്തരം ലഭിക്കണമെങ്കിൽ കാണാതായ മിഷേലിന്റെ ഫോൺ ലഭിക്കണമെന്നാണ് പൊതുവിലയിരുത്തൽ. ഈ ഫോണിനായി നേരത്തെ കായലിൽ പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല.

അതേസമയം മിഷേലിന്റെ ഫോൺ കിട്ടാത്ത സാഹചര്യത്തിൽ, ലാബ് പരിശോധനയ്ക്കയച്ചിരിക്കുന്ന പ്രതി ക്രോണിൻ അലക്‌സാണ്ടറുടെ ഫോണിൽ നിന്ന് ഇതിനുള്ള തെളിവ് കിട്ടുമെന്നു ക്രൈംബ്രാഞ്ച് കരുതുന്നു. ഫോണിൽ നിന്ന് ചില എസ്എംഎസുകളും വാട്‌സാപ് സന്ദേശങ്ങളും ചിത്രങ്ങളും ക്രോണിൻ മായ്ച്ചു കളഞ്ഞിട്ടുണ്ടെന്നു വ്യക്തമായതോടെയാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ച തെളിവുകൾ ഫോണിൽ നിന്നു ലഭിക്കുമെന്നു ക്രൈംബ്രാഞ്ച് കരുതുന്നത്. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ ലഭ്യമായ തെളിവുകൾ ആത്മഹത്യയ്ക്കുള്ള സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നതെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

ഇതിനു പ്രേരണയായതു ക്രോണിനിന്റെ ഇടപെടലാണെന്നും കരുതുന്നു. എന്നാൽ, ആത്മഹത്യ ചെയ്യാൻ മാത്രമുള്ള പ്രശ്‌നങ്ങൾ ഉള്ളതായി കാണാതായ ദിവസം രാവിലെ സംസാരിച്ചപ്പോൾ പോലും മിഷേൽ പറഞ്ഞിട്ടില്ലെന്ന് അടുത്ത കൂട്ടുകാരിയുടെ മൊഴിയുണ്ട്. ക്രോണിൻ മുൻപു മിഷേലിനെ മർദിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്തിട്ടുണ്ടെന്നും മിഷേലിന്റെ സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്.

ആ ഘട്ടത്തിൽ പോലും ആത്മഹത്യാ ശ്രമം ഉണ്ടായിട്ടില്ല. അങ്ങനെയെങ്കിൽ അടുത്ത കൂട്ടുകാരിയിൽനിന്നു പോലും മറച്ചുവച്ച, മിഷേലിനും ക്രോണിനും മാത്രമറിയാവുന്ന രഹസ്യം ആത്മഹത്യയ്ക്കു പിന്നിലുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിലും ക്രോണിൻ കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല. മിഷേലിനെ മാനസികമായി പിടിച്ചുലച്ച എന്തോ സംഭവം കാണാതായ ദിവസമുണ്ടായിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ക്രോണിൻ ഫോൺ വഴി നടത്തിയ ഭീഷണിയിൽ ബ്ലാക്ക്‌മെയിലിങ് നടന്നിരിക്കാനുള്ള സാധ്യതയാണ് ഒന്ന്. അങ്ങനെയെങ്കിൽ അതിന്റെ വിശദാംശങ്ങൾ കണ്ടെത്തണം.

ക്രോണിന്റെ അമ്മ മിഷേലിനെ ഫോണിൽ ബന്ധപ്പെട്ടതിനു തെളിവുണ്ട്. ക്രോണിൻ ഫോൺ ചെയ്തിട്ട് മിഷേൽ എടുക്കുന്നില്ലെന്നു അറിയിച്ചപ്പോൾ മിഷേലിനെ വിളിക്കുകയും എസ്എംഎസ് അയയ്ക്കുകയും ചെയ്‌തെന്നാണ് ഇവർ പറയുന്നത്. എന്നാൽ, ക്രോണിന്റെ അമ്മയും മിഷേലും തമ്മിൽ സംസാരിച്ചതെന്തെന്നു വ്യക്തമായിട്ടില്ല. ഈ സംഭാഷണം മിഷേലിനെ മാനസികമായി തകർത്തുവോ എന്നും അന്വേഷിക്കണം.

അതേസമയം ക്രോണിനിൽ നിന്നും മനംമടുപ്പിക്കുന്ന വിധത്തിലുള്ള ദുരനുഭവം ക്രോണിന് ഉണ്ടായതായാണ് അറിയുന്നത്. കാണാതായ ദിവസം മിഷേലും ക്രോണിനും തമ്മിൽ നടന്ന അവസാന സംഭാഷണത്തിൽ 'തിങ്കളാഴ്ച നീ അറിയും' എന്ന മുന്നറിയിപ്പ് മിഷേൽ നൽകിയിരുന്നു. ആത്മഹത്യ ചെയ്യുന്നുണ്ടെങ്കിൽ തന്നെ, തിങ്കളാഴ്ചയാണ് മിഷേൽ ആദ്യം തിരഞ്ഞെടുത്തിരുന്നതെന്ന സൂചനയാണ് ഇതു നൽകുന്നത്.

എന്നാൽ, നിലവിലുള്ള തെളിവുകൾ പ്രകാരം ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെയാണു മിഷേൽ ഗോശ്രീ പാലത്തിൽനിന്നു കായലിൽ ചാടിയത്. പെട്ടെന്ന് എന്തോ പ്രകോപനമുണ്ടായി എന്ന് അനുമാനിക്കാം. ആരെയോ കണ്ടു ഭയന്നെന്ന പോലെയുള്ള പെരുമാറ്റം രണ്ടിടത്ത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ, ആരെ കണ്ടാണ് മിഷേൽ ഭയന്നതെന്ന കാര്യത്തിൽ ഇനിയും ഉത്തരമായിട്ടില്ല. കലൂർ പള്ളിക്കു സമീപം പെട്ടെന്ന് തിരിഞ്ഞു നടക്കുന്നതാണ് ഒന്ന്. രണ്ടാമത്തേത് ആരോ പിന്തുടരുന്നെന്നു തോന്നിക്കുംവിധം ഗോശ്രീ പാലത്തിലേക്കു ധൃതിയിലുള്ള നടത്തമാണ്. തിങ്കളാഴ്ച വിവരമറിയും എന്നു ഭീഷണിപ്പെടുത്തിയശേഷം ഫോൺ ഓഫ് ചെയ്ത മിഷേലിനെ തേടി ക്രോണിൻ സുഹൃത്തുക്കളെ അയയ്ക്കുകയോ ഇവരെ മിഷേൽ കാണുകയോ ചെയ്തിട്ടുണ്ടോ?

ആത്മഹത്യ ചെയ്യാനുള്ള പദ്ധതി മുൻകൂട്ടി തയാറാക്കിയതെങ്കിൽ, എന്തുകൊണ്ട് ജനത്തിരക്കേറിയ സമയവും തിരക്കുള്ള പാലവും തിരഞ്ഞെടുത്തു? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തിയാലേ, കേസിലെ ദുരൂഹത നീക്കാൻ കഴിയൂ. അതേസമയം മിഷേൽ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കൂട്ടുകാരി പറയുന്നത്. അഞ്ചാം തീയതി മോർണിങ് വിളിച്ചപ്പോൾ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. ഭയങ്കര ഹാപ്പിയായിട്ടാണ് സംസാരിച്ചത്. അപ്പോ, അങ്ങനെയെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ പറയാതിരിക്കുമോ? മെസേജിന്റെ കാര്യമൊക്കെ പറയാൻ ചിലപ്പോൾ അവൾ മറന്നുപോയതായിരിക്കും. പക്ഷേ, എന്നാലും ടെൻഷൻ ആയിട്ടൊന്നുമല്ല സംസാരിച്ചത്. ഭയങ്കര കൂളായിട്ടാ സംസാരിച്ചതെന്നുമാണ് സുഹൃത്ത് പറഞ്ഞിരുന്നത്.

അവൾക്കു ചെയ്യുവാണെങ്കിൽ നേരത്തേ ചെയ്യാമായിരുന്നു. കാരണം ഇതിനുമുൻപ് ഒരുപാട് പ്രശ്‌നം നേരത്തേ ഉണ്ടായിട്ടുണ്ട്. കാരണം എന്താന്നുവച്ചാൽ ഇവരുതമ്മിൽ ഇതുപോലെ ഞങ്ങളു പഠിച്ച സമയത്തു ഒരു ദിവസം കാണാൻ വന്നിട്ടുണ്ടായിരുന്നു. അവർ തമ്മിൽ എന്തോ വഴക്കിട്ടശേഷമാണ് അവൻ കാണാൻ വന്നത്. ഇവൾ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല. ആ ദേഷ്യത്തിലാണ് ഇവളെ കാണാൻ വന്നത്. ആ സമയത്ത് ഇവരുതമ്മിൽ സംസാരിക്കുമ്പോൾ ഇവളെ അടിച്ചിട്ടൊക്കെയുള്ളതാ. അപ്പോ അത്രയും വലിയ പ്രശ്‌നത്തിനിടയ്ക്ക് ഇവള് ഒന്നും ചെയ്യാതെ പിടിച്ചു നിൽക്കാമെങ്കിൽ പിന്നെ ഇപ്പോഴാണോ പ്രശ്‌നം വരുന്നെ?. എന്ന ചോദ്യവും സുഹൃത്ത് ഉന്നയിക്കുന്നു.