കൊച്ചി: കൊച്ചികായലിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട മിഷേൽ ഷാജി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന പൊലീസ് നിഗമനത്തിന് കൂടുതൽ തെളിവുകൾ. കാണാതായ മാർച്ച് അഞ്ചിന് വൈകിട്ട് ഏഴ് മണിക്ക് മിഷേലിനോടു രൂപസാദൃശ്യമുള്ള പെൺകുട്ടി ഗോശ്രീപാലത്തിലേക്കുള്ള വഴിയിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. നേരത്തേ പിറവം സ്വദേശിയായ ദൃക്‌സാക്ഷിയും മിഷേലിനോടു രൂപസാദൃശ്യമുള്ള പെൺകുട്ടിയെ ഗോശ്രീപാലത്തിൽ കണ്ടതായി മൊഴി നല്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരിക്കുന്നത്.

ഇതിനിടെ, കാണാതായ അന്ന് മിഷേൽ കലൂരിലെ പള്ളിയിൽനിന്ന് ഇറങ്ങുന്നതിന് തൊട്ടു മുമ്പ് ബൈക്കിലെത്തിയ രണ്ടു പേരെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ലോക്കൽ പൊലീസ് ആദ്യം മൊഴിയെടുത്ത ശേഷം വിട്ടയച്ച തലശ്ശേരി സ്വദേശിയായ യുവാവിനെയും വീണ്ടും ചോദ്യം ചെയ്യും.

മിഷേലിനെ കാണാതാകുന്ന മാർച്ച് അഞ്ച് വൈകിട്ട് ആറിന് കലൂർ പള്ളിക്ക് മുൻവശത്തുള്ള രൂപത്തിന് മുന്നിൽ പ്രാർത്ഥിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. പ്രാർത്ഥനക്ക് ശേഷം മിഷേൽ റോഡിലേക്ക് പോകുന്നതും കാണാം. ഇതിന് ശേഷമാണ് മിഷേലിനെ കാണാതാകുന്നത്. ഇതിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പൊലീസിന് ലഭിച്ചിരിക്കുന്നത്. സിഎംഎഫ്ആർക്ക് എതിർവശത്തുള്ള ഫ്‌ലാറ്റിൽ നിന്നുള്ള ഈ ദൃശ്യങ്ങളിൽ വൈകിട്ട് ഏഴ് മണിക്ക് മിഷേൽ ഗ്രോശ്രീപാലത്തിലേക്കുള്ള വഴിയിലൂടെ നടന്നു പോകുന്നതായി കാണാം.

ഏഴരയോടെ മിഷേലിനോട് രൂപസാദൃശ്യമുള്ള ഒരു പെണ്കുട്ടി ഗോശ്രീ പാലത്തിൽനിൽക്കുന്നതായി ദൃക്‌സാക്ഷി പൊലീസിന് മൊഴി നല്കിയിരുന്നു. മുന്നിലുള്ള വണ്ടി നിർത്തിയപ്പോഴാണ് പെൺകുട്ടി പാലത്തിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് തിരിഞ്ഞു നോക്കിയപ്പോൾ പെൺകുട്ടിയെ കണ്ടില്ലെന്നും ദൃക്‌സാക്ഷി പൊലീസിനു മൊഴി നല്കിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കൂടി ലഭിച്ചതോടെ പള്ളിയിൽ നിന്ന് മിഷേൽ എങ്ങിനെയാണ് ഈ ഭാഗത്ത് എത്തിയത് എന്ന കാര്യത്തിലുള്ള ദുരൂഹതയും നീങ്ങിയിരിക്കുകയാണ്.

ഇതിനിടെ ലോക്കൽ പെലീസ് പ്രതിയെന്ന് ആരോപിച്ച ക്രോണിൻ എന്ന യുവാവിനെ അറസ്റ്റ് ചെയ്‌തെങ്കിലും കേസുമായി ബന്ധപ്പെട്ട മറ്റു സൂചനകളെക്കുറിച്ച വിശദമായ അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മിഷേൽ പള്ളിയിൽ നിന്നിറങ്ങുന്നതിന് മുമ്പ് ബൈക്കിലെത്തിയ രണ്ട് പേർ ആരെന്ന് തിരിച്ചറിയുകയാണ് പ്രധാന ലക്ഷ്യം. കേസിൽ ലോക്കൽ പൊലീസ് മൊഴിയെടുത്ത് വിട്ടയച്ച തലശ്ശേരി സ്വദേശി ജിംഷാദിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും.

കഴിഞ്ഞ മാസം 26ന് രാവിലെ കലൂർ സ്റ്റേഡിയത്തിന് സമീപം വെച്ച് ജിംഷാദ് മിഷേലിനെ പരിയപ്പെടാൻ ശ്രമിച്ചിരുന്നു. പാലാരിവട്ടത്ത് മിഷേൽ പഠിക്കുന്ന ഇൻസ്റ്റ്റ്റിയൂട്ട് വരെ ഇയാൾ പിന്തുടരുകയും ചെയ്തു. ഇതിന് ശേഷം കഴിഞ്ഞ നാലിന് എറണാകളും ടൗൺഹാളിൽ ഇൻസ്റ്റ്റ്റിയൂട്ടിലെ യാത്രയയപ്പ് ചടങ്ങിലും താൻ മിഷേലിനെ അന്വേഷിച്ച് എത്തിയിരുന്നുവെന്ന് ജിംഷാദ് ലോക്കൽ പൊലീസിന് മൊഴി നല്കിയിട്ടുണ്ട്.

കാണാതായ ദിവസം രാവിലെയും ഉച്ചയ്ക്കും മിഷേൽ അമ്മയെ വിളിച്ച് എറണാകുളത്തേക്കു വരണമെന്നും അതാവശ്യമായ കാണണമെന്നം പറഞ്ഞിരുന്നു. രാവിലെ 7.28 നും ഉച്ചക്ക് 2.50നുമായിരുന്നു ഈ കോളുകൾ. ഇതിന് ശേഷം ഒരുമണിക്കറിനള്ളിൽ മൊബൈൽ ഫോൺ ഓഫാക്കുകയും ചെയ്തു. അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ടത് ഏത് സാഹചര്യത്തിലാണെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

മിഷേൽ മരിച്ചെന്ന് അറിഞ്ഞ ശേഷവും ക്രോണിൻ 12 എസ് എം എസ്സുകൾ മിഷേലിന് അയച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മിഷേലിനെ കാണാതായതിന്റെ പിറ്റേ ദിവസം ഉച്ചയ്ക്ക് പൊലീസ് ഇക്കാര്യം ക്രോണിനിനെ ഫോണിൽ അറിയിച്ചിരുന്നു. ഉടൻ തന്നെ അതുവരെയുള്ള എല്ലാം എസ്സഎ്എസ്സുകളും നശിപ്പിച്ച ക്രോണിന് മിഷേലിനോടുള്ള പ്രണയം വ്യക്തമാക്കുന്ന തരത്തിലുള്ള പുതിയ 12 സന്ദേശങ്ങൾ പുതിയതായി അയക്കുകയായിരുന്നു. താൻ നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

കൊച്ചിയിൽ ചാർട്ടേഡ് അക്കൗണ്ടിംഗിനു പഠിക്കുകയായിരുന്ന മിഷേൽ ഷാജിയെ മാർച്ച് അഞ്ചിനു കാണാതാകുകയും പിറ്റേന്ന് മൃതദേഹം കായലിൽ കണ്ടെത്തുകയുമായിരുന്നു. ക്രോണിനുമായി രണ്ടു വർഷമായി തുടർന്ന ബന്ധത്തിലെ അസ്വാരസ്യങ്ങളാൽ മിഷേൽ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് ഉറപ്പിച്ചു പറയുന്നത്. എന്നാൽ ഈ വാദം മിഷേലിന്റെ വീട്ടുകാർ തള്ളിക്കളഞ്ഞിരുന്നു.