കോഴിക്കോട്: ജിഷ്ണു പ്രാണോയ് ജീവനൊടുക്കിയ കേസാണ് കേരളത്തിലെ കാമ്പസുകളെ സമരഭൂമിയാക്കിയ സംഭവം. ഇതിന് ശേഷം ഓരോ കാമ്പസുകളിലേക്കും വിദ്യാർത്ഥി പ്രക്ഷോഭം കടുന്നകയറി. എന്നാൽ, ഏഴ് മാസങ്ങൾക്ക് മുമ്പ് റാഗിംഗിന് ഇരയായി ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. കോഴിക്കോട് വടകര ചെരണ്ടത്തൂർ എച്ച്എംഇസ് സ്വാശ്രയ കോളജിലെ രണ്ടാംവർഷ മൈക്രോബയോളജി ബിരുദ വിദ്യാർത്ഥിനി അസ്‌നാസായിരുന്നു ആതമഹത്യ ചെയ്തത്. വിദ്യാർത്ഥികളുടെയും മുമ്പിൽ വച്ചുള്ള പരിഹാസത്തെയും അദ്ധ്യാപകരുടെ പിന്തുണയോടെ ആൺകുട്ടികളുടെ പേടിപ്പിക്കലുകളെും തുടർന്നായിരുന്നു അസ്‌നാസിന്റെ ആത്മഹത്യ.

മകൾ ആത്മഹത്യ ചെയ്യാൻ കാരണമാ യവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനുള്ള പോരാട്ടങ്ങൾ മുഴുവൻ വെറുതെയാവുന്നതിലുള്ള സങ്കടത്തിലാണു പ്രവാസിയായ പിതാവ് അബ്ദുൽ ഹമീദ്. കഴിഞ്ഞവർഷം ജൂലൈ 22 നാണ് അസ്നാസ് വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ചത്. ജൂനിയർ വിദ്യാർത്ഥിയാണെന്നു കരുതി അബദ്ധത്തിൽ ഒരു സീനിയർ പെൺകുട്ടിയോട് പേര് ചോദിച്ചതായിരുന്നു പ്രശ്നത്തിന്റെ തുടക്കം. ഇതിന്റെ പേരിൽ പിറ്റേന്ന് ഏതാനും ആൺകുട്ടികൾ ചേർന്ന് അസ്നാസിനെ കോളജിലെ ബാത്റൂമിൽ പൂട്ടിയിട്ടു. പിന്നീട് അദ്ധ്യാപകരുടെ നേതൃത്വത്തിൽ പരസ്യമായി മാപ്പുപറയിപ്പിച്ചു. കോളജിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മുന്നിൽ നാണംകെടുത്തിയതിനു പുറമേ കൂവിവിളിച്ചാണ് അന്ന് അസ്നാസിനെ കോളജ് ഗേറ്റ് കടത്തിവിട്ടത്. അതിലുള്ള മനോവിഷമമാണ് മകളുടെ ആത്മഹത്യക്കു കാരണമായതെന്നു ഖത്തറിലെ ഹമദ് ആശുപത്രിയിൽ ജോലിചെയ്യുന്ന പിതാവ് ഹമീദ് ഉറച്ചുവിശ്വസിക്കുന്നു.

മകൾക്ക് നീതിതേടി ഏഴു മാസത്തിനിടെ മുട്ടാത്ത വാതിലുകളില്ല. എംപിമാർ, എംഎൽഎമാർ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, ന്യൂനപക്ഷ കമ്മീഷൻ, ഖത്തറിലെ ഇന്ത്യൻ എംബസി തുടങ്ങി തുടങ്ങി തന്റെ അറിവിൽപ്പെട്ടവർക്കെല്ലാം നേരിട്ടും അല്ലാതെയും പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനെ ഒരുതവണ നേരിട്ടും രണ്ടുതവണ മെയിലിലും സങ്കടം ബോധിപ്പിച്ചു. അന്വേഷിക്കാമെന്ന് ഉറപ്പുനൽകിയതല്ലാതെ ഒന്നും സംഭവിച്ചില്ല. മണ്ഡലത്തിലെ എംഎൽഎ പാറക്കൽ അബ്ദുല്ല, മന്ത്രി ടി പി രാമകൃഷ്ണൻ, ഇ ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, സിപിഐ(എം) നേതാവ് മോഹനൻ മാസ്റ്റർ തുടങ്ങിയവർ തന്റെ വീട് സന്ദർശിച്ചിരുന്നു. നീതി മാത്രം ലഭിച്ചില്ല.

ആത്മഹത്യാ പ്രേരണക്കുറ്റവും ആന്റി റാഗിങ് നിയമ പ്രകാരവും ഏഴ് അദ്ധ്യാപകർക്കും ആറു വിദ്യാർത്ഥികൾക്കുമെതിരേ കേസെടുത്തിരുന്നു. വിദ്യാർത്ഥികൾക്ക് അറസ്റ്റ് ചെയ്തു രണ്ടാഴ്ചയ്ക്കു ശേഷം ജാമ്യം ലഭിച്ചു. അദ്ധ്യാപകർക്കെതിരേ ഇപ്പോഴും നടപടി സ്വീകരിച്ചിട്ടില്ല. അവർ കോളജിൽ ജോലി തുടരുന്നുണ്ട്. ഖത്തർ കെഎംസിസിയുമായി ബന്ധപ്പെട്ട പലർക്കും സ്‌കൂളിൽ ഓഹരിയുണ്ട്. രാഷ്ട്രീയ സ്വാധീനവും പണസ്വാധീനവും ഉപയോഗിച്ച് കേസ് ഒതുക്കിത്തീർക്കുന്നതായി സംശയിക്കുന്നുവെന്ന് ഹമീദ് പറഞ്ഞു.

സംഭവത്തിന് ഉത്തരവാദികളായ അദ്ധ്യാപകരെ പുറത്താക്കണമെന്നും വിദ്യാർത്ഥികളെ തിരിച്ചെടുക്കരുതെന്നും ആവശ്യപ്പെട്ട എംഎസ്എഫ് രണ്ടാഴ്ചയോളം സമരം നടത്തിയിരുന്നു. എന്നാൽ, ഒരു സുപ്രഭാതത്തിൽ അവർ പിന്മാറി. കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല തന്റെ കാര്യത്തിൽ മാത്രം ഒന്നും ചെയ്യുന്നില്ല? ആശ്രിത നിയമനമോ, നഷ്ടപരിഹാരമോ വേണ്ട. മകളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. പൊന്നുമോൾക്കു നീതി കിട്ടണം- ഒരു പിതാവ് എന്ന നിലയിൽ ഇതാണ് തന്റെ ആവശ്യമെന്ന് ഹമീദ് പറഞ്ഞു. കോഴിക്കോട് കോൺഗ്രസ് എന്ന വാട്സ്ആപ്പ് കൂട്ടായ്മ വിഷയം ഏറ്റെടുത്തതായി ഹമീദിനൊപ്പം വാർത്താസമ്മേളനത്തിനെത്തിയ അയൽവാസികൂടിയായ അബ്ബാസ് ചെറിയവളപ്പിൽ പറഞ്ഞു.

വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അവഗണിച്ച് അദ്ധ്യാപകരെ സംരക്ഷിക്കുന്ന കോളജ് മാനേജ്മെന്റ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണെന്നാണ് പിതാവ് ആരോപിക്കുന്നത്. സ്ഥലം എംഎൽഎ അടക്കം മാനേജ്‌മെന്റ് പക്ഷത്താണെന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ സംഭവത്തിൽ മാനേജ്മെന്റ് നിരപരാധികളാണെന്നാണ് പാറക്കൽ അബ്ദുല്ല എംഎൽഎ പറയുന്നത്. നീതി ലഭിക്കുന്നതു വരെ നിയമ പോരാട്ടം തുടരാൻ തന്നെയാണ് ഈ പിതാവിന്റെ തീരുമാനം.