കൊല്ലം: സമുദായം നന്നാക്കാനിറങ്ങിയവർ തന്നെ അതിലെ അംഗങ്ങളുടെ നെഞ്ചത്ത് ആണി അടിച്ചു. മൈക്രോഫിനാൻസ് പദ്ധതിയുടെ പേരിൽ അവരിൽനിന്ന് നേതാക്കൾ തട്ടിയെടുത്തത് അഞ്ചുകോടിയിൽപ്പരം രൂപ.

കിട്ടാത്ത വായ്പയ്ക്ക് ജപ്തി നോട്ടീസ് വന്നതായി സമുദായാംഗങ്ങൾ പരാതിപ്പെട്ടപ്പോൾ 'എപ്പോ, എങ്ങനെ?' എന്ന മട്ടിൽ നേതാക്കൾ കൈമലർത്തി. എസ്എൻഡിപി അടൂർ യൂണിയനിലെ മുൻഭാരവാഹികളാണ് മൈക്രോഫിനാൻസിന്റെ പേരിൽ സമുദായാംഗങ്ങളെ ചതിച്ച് വമ്പൻ തട്ടിപ്പ് നടത്തിയത്.

സംഗതി വിവാദമാവുകയും തട്ടിപ്പിനിരയായവർ കോടതിയിൽ കേസ് കൊടുക്കുകയും ചെയ്തതോടെ യൂണിയൻ നേതാക്കളും സാക്ഷാൽ വെള്ളാപ്പള്ളി നടേശനും പരസ്പരം പഴി ചാരുന്നതല്ലാതെ മറ്റു നടപടിക്കൊന്നും തുനിയുന്നില്ല. കഞ്ഞിക്ക് പോലും വകയില്ലാത്ത സമുദായ അംഗങ്ങളെ ഇപ്പോൾ ജപ്തി ചെയ്തുകളയും എന്ന ഭീഷണിയുമായി നിൽക്കുകയാണ് ബാങ്ക് അധികൃതർ.

ബാങ്ക് ഓഫ് ഇന്ത്യ അടൂർ ശാഖയിൽ നിന്ന് 2012 ജൂൺ 16 നാണ് എസ്.എൻ.ഡി.പി അടൂർ യൂണിയൻ ഏഴു കോടി 68 ലക്ഷം രൂപ 256 മൈക്രോ യൂണിറ്റുകൾക്കായി വായ്പയെടുത്തത്. മൂന്ന് ലക്ഷം രൂപ സർവീസ് ചാർജ് കിഴിച്ച് ഏഴു കോടി 65 ലക്ഷം രൂപ അന്നത്തെ യൂണിയൻ പ്രസിഡന്റ് നിബുരാജും സെക്രട്ടറി അരുൺ തടത്തിലും ബാങ്കിൽ നിന്ന് ഒന്നിച്ചു കൈപ്പറ്റി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ കത്തില്ലാതെയാണ് ബാങ്ക് മാനേജരും യൂണിയൻ പ്രസിഡന്റും സെക്രട്ടറിയും പണമിടപാടു നടത്തിയതത്രേ.

പിന്നീട് സമുദായാംഗങ്ങളിൽനിന്നു തന്നെ വെള്ളാപ്പള്ളി അറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് വെള്ളാപ്പള്ളി കൊല്ലം മുൻസിഫ് കോടതിയുടെ ഉത്തരവു പ്രകാരം യൂണിയൻ പിരിച്ചു വിടുകയും അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുകയും ചെയ്തു. അഡ്‌മിനിസ്‌ട്രേറ്ററും ഓഡിറ്ററും കൂടി നടത്തിയ പരിശോധനയിലാണ് 5,11,70,515 രൂപയുടെ തീവെട്ടിക്കൊള്ള കണ്ടെത്തിയത്. വെള്ളാപ്പള്ളിയുടെ ഇടപെടലിനെ തുടർന്ന് സെക്രട്ടറി അരുൺ തടത്തിൽ ഒരു കോടി 75 ലക്ഷം രൂപ ബാങ്കിലും 50 ലക്ഷം രൂപ യൂണിയനിലും അടച്ചു. ഒരു കോടി 42 ലക്ഷം രൂപയ്ക്കുള്ള ചെക്കും നൽകി.

75 യൂണിറ്റുകൾക്ക് മാത്രമാണ് ബാങ്കിൽനിന്നു കിട്ടിയ തുക കൊണ്ട് വായ്പ നൽകിയിരുന്നത്. ബാക്കി തുകയാണ് വെട്ടിച്ചത്. വായ്പ ലഭിക്കാതിരുന്ന 181 യൂണിറ്റുകൾക്കെതിരെയാണ് റവന്യു റിക്കവറി നോട്ടീസ് ബാങ്ക് നൽകിയത്. ഇതിനെതിരെ ഹൈക്കോടതിയിൽ ബന്ധപ്പെട്ടവർ ഹർജി നൽകുകയും ഒരു മാസത്തേക്ക് റവന്യു റിക്കവറി നടപടികൾ സ്‌റ്റേ ചെയ്തിരിക്കുകയുമാണ്. ക്രമക്കേടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അനേ്വഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി ഫയലിൽ സ്വീകരിച്ച് ബന്ധപ്പെട്ട കക്ഷികൾക്കും അടൂർ സി.ഐയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. തട്ടിപ്പ് മൂലം മൂന്ന് ലക്ഷത്തിന്റെ സ്ഥാനത്ത് നാലു ലക്ഷം രൂപയാണ് പലിശയിനത്തിൽ യൂണിയന് ബാധ്യതയുള്ളത്. രണ്ടു വർഷമായി ഒരു കോടി രൂപയാണ് പലിശ നൽകേണ്ടി വന്നിരിക്കുന്നത്.

മുൻ പ്രസിഡന്റ് നിബുരാജും സെക്രട്ടറി അരുൺ തടത്തിലും ചേർന്ന് തട്ടിപ്പ് നടത്തിയതിനെ തുടർന്ന് യൂണിയനിലെ 54 ശാഖകളിൽപ്പെട്ട 6000 കുടുംബങ്ങൾ ആശങ്കയിലുമാണ്. യൂണിയൻ മുൻ പ്രസിഡന്റും സെക്രട്ടറിയും 13 കൗൺസിലർമാരും രണ്ട് വനിതാ കൗൺസിലർമാരും ഉൾപ്പെടെ 18 പേർക്കെതിരെ അടൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് നിലനിൽക്കുകയാണ്. യൂണിറ്റുകളുടെ പരാതിയിന്മേൽ അനേ്വഷണം നടത്താത്ത അടൂർ പൊലീസിന്റെ നടപടിയിലും നിയമവിരുദ്ധമായി മൈക്രോ യൂണിറ്റുകൾക്കെതിരെ റവന്യു റിക്കവറിയുമായി നീങ്ങുന്ന ബാങ്ക് മാനേജരുടെ നടപടിയിലും പ്രതിഷേധിച്ച് പൊലീസ് സ്‌റ്റേഷൻ മാർച്ച് ഉൾപ്പെടെ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്.