ബെൽജിയത്തിലെ ലനാകെനിൽ ഫാദർ ജോസ് വാൻഡെർലീ എന്ന 65കാരനായ വൈദികൻ അഭയാർത്ഥിയുടെ കുത്തേറ്റ് മരിച്ചു. പള്ളിമേടയിലെത്തിയ അഭയാർത്ഥി വൈദികനോട് കുളിക്കാൻ അനുവാദം ചോദിച്ചപ്പോൾ അദ്ദേഹം അതിന് സമ്മതിക്കുകയായിരുന്നു. തുടർന്ന് നെതർലാൻഡ്സിലേക്ക് പോകുന്നതിനുള്ള വണ്ടിക്കൂലി വേണമെന്ന് പുരോഹിതനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അതുകൊടുക്കാൻ തയ്യാറാവാത്തതിൽ കുപിതനായ അഭയാർത്ഥി അദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ആക്രമി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു. പള്ളിമേടയുടെ വാതിലിൽ മുട്ടി വിളിച്ചായിരുന്നു അഭയാർത്ഥി കുളിക്കാൻ അനുവാദം ചോദിച്ചിരുന്നത്. ലനാകെനിൽ നിന്നും വെറും രണ്ട് മൈലുകൾ മാത്രമേ നെതർലാൻഡ്സിലേക്കുള്ളൂ.

കുത്തേറ്റ് വീണ പുരോഹിതനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താൻ പുരോഹിത പദവിയിലെത്തിയതിന്റെ 40ാം വാർഷികാഘോഷങ്ങൾ ഈ മാസം ആദ്യമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.ഞായറാഴ്ച ഉച്ചയ്ക്ക് പ്രാദേശികസമയം 2.40നാണ് സംഭവം നടന്നതെന്നാണ് പ്രോസിക്യൂട്ടർമാർ പറയുന്നത്. സംഭവത്തെക്കുറിച്ച് ബെൽജിയം അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ ഭീകരവാദവുമായി ബന്ധപ്പെടുത്താൻ ഇപ്പോൾ സാധിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ഇത് തീവ്രവാദ ആക്രമണമല്ലെന്നാണ് ലനാകെൻ മേയറായ മറിനോ ക്യൂലെൻ പറയുന്നത്.

ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനായ ജാക്യൂസ് ഹാമലിനെ നോർമാഡിയിലുള്ള സെയിന്റ്-എറ്റിന്നെ-ഡു-റൗവറിയിലെ ചർച്ചിന്റെ അൾത്താരയിൽ കയറി രണ്ട് ഐസിസ് ഭീകരർ കഴുത്തറത്തുകൊന്നിട്ട് ഏതാനും ദിവസങ്ങളായിട്ടേയുള്ളൂ. അതിനിടെയാണ് ഇപ്പോൾ യൂറോപ്പിൽ രണ്ടാമത്തെ ക്രിസ്ത്യൻ പുരോഹിതനും ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം അരങ്ങേറിയത്. അബ്ദെൽ മാലിക്ക്, അഡെൽ കെർമിച്ചെ എന്നീ 19കാരായ ഐസിസ് ഭീകരരായിരുന്നു ഫ്രാൻസിലെ ഈ ക്രൂരകൃത്യം നിർവഹിച്ചിരുന്നത്. തുടർന്ന് ഈ ഭീകരർ കന്യാസ്ത്രീകളെ മറയാക്കി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും പൊലീസ് വെടി വച്ച് കൊല്ലകയായിരുന്നു.